തിരുവനന്തപുരം: പരാതി പറയാനെത്തിയ യുവതിയെ തിരുവനന്തപുരം മാറനല്ലൂർ സി.ഐ അപമാനിച്ചതായി പരാതി. മാറനല്ലൂർ സി.ഐ ഷിബുവിനെതിരെയാണ് ഗുരുതര പരാതി ഉയർന്നിരിക്കുന്നത്. വേർപിരിഞ്ഞ് കഴിയുന്ന ഭർത്താവിനെതിരെ പീഡന പരാതി നൽകാനെത്തിയ 22 കാരിയെയാണ് സി.ഐ അപമാനിച്ചത്. സി.ഐ യുവതിയെ അപമാനിക്കുകയും പ്രതിയുടെ പക്ഷം പിടിച്ച് സംസാരിക്കുകയും ജാതി ചോദിച്ച് അപമാനിക്കുകയും ചെയ്‌തെന്ന് യുവതി പരാതിപ്പെട്ടു.
പ്രതിക്കെതിരെ നൽകിയ മൊഴിയിൽ നിന്ന് പീഡിപ്പിച്ചു എന്ന വാക്കുകളടക്കം മാറ്റുകയും വനിതാ ഉദ്യോഗസ്ഥ സ്റ്റേഷനിൽ ഉണ്ടായിട്ടും പുരുഷനായ ഉദ്യോഗസ്ഥനാണ് മൊഴി രേഖപ്പെടുത്തിയതെന്നും യുവതി പറഞ്ഞു.
സി.ഐ ഭീഷണിപ്പെടുത്തിയെന്നും പൊലീസുകാരൻ ജാതി ചോദിച്ചെന്നും അതിജീവിതയുടെ സഹോദരനും പറഞ്ഞു. മൊഴി നല്കാനെത്തിയപ്പോൾ പൊലീസുകാരും സി.ഐയും സ്റ്റേഷനിൽ ഐ.പി.എൽ കണ്ടിരുന്നെന്നും പെൺകുട്ടിയും കുടുംബവും പറഞ്ഞു.
‘രാവിലെ അയാൾ വീട്ടിലെത്തി എന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്നെ മാത്രമല്ല കുഞ്ഞിനേയും അടിച്ചു. കുഞ്ഞ് കരഞ്ഞപ്പോൾ കുട്ടിയെ മുറിയിൽ പൂട്ടിയിട്ടു. റൂമിന്റെ വാതിൽ തുറക്കാൻ പോയപ്പോൾ എന്നെയും മുറിയിലേക്ക് തള്ളിയിട്ട് അടിക്കുകയും കടിക്കുകയുമൊക്കെ ചെയ്തു. മുഖത്ത് മോതിരം വെച്ച് ഇടിക്കുകയും ചെയ്തു. പിന്നാലെ ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ പരാതി നല്കാൻ പോയി. അവിടെ ചെന്നപ്പോൾ അവർ ഒരു താത്പര്യം ഇല്ലാത്ത പോലെ പെരുമാറി. ഭർത്താവല്ലേ ഒരു പെൺകുട്ടി ഉള്ളതല്ലേ ഒത്തുപോവാൻ നോക്ക് സാരമില്ല എന്നൊക്കെയായിരുന്നു ആദ്യം അവർ പറഞ്ഞത്.
ഞാൻ കേസ് വേണമെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ കൂടെയുള്ള ആളെ വിളിക്കാൻ പറഞ്ഞു. തുടർന്ന് അനിയനെ വിളിച്ചു. അവനോടും കേസ് വേണോ എന്ന ചോദിച്ചു. അവനും കേസ് വേണം ഇതിന് മുമ്പും ഇത് സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു. പിന്നാലെ നിങ്ങളുടെ ഇഷ്ടം പോലെ നടക്കട്ടെയെന്ന് പറഞ്ഞ് വീട്ടിലുള്ള മുതിർന്ന ആളെ വിളിക്കാൻ പറഞ്ഞു. അവൻ പപ്പയെയും അമ്മയെയും വിളിച്ചു. സ്റ്റേറ്റ്മെന്റ് എടുക്കാൻ കുറെ നേരം കാത്തുനിർത്തിപ്പിച്ചു.
പുരുഷ ഉദ്യോഗസ്ഥനാണ് സ്റ്റേറ്റ്മെൻറ് എടുത്തത്. അതിനിടെ സി.ഐ വന്ന ഞാൻ പറഞ്ഞുകൊടുത്ത സ്റ്റേറ്റ്മെന്റിൽ നിന്നും പീഡിപ്പിച്ചു എന്ന വാക്കുകളൊക്കെ മാറ്റി എഴുതിപ്പിച്ചു. ഞാൻ പറഞ്ഞതായിരുന്നില്ല പൊലീസുകാർക്ക് വിശ്വാസം. ഭർത്താവിനെ വിളിച്ചിട്ട് ഫോൺ എടുത്തിരുന്നില്ല. അയാളുടെ വക്കീലാണ് സംസാരിച്ചത്. വക്കീൽ പറഞ്ഞതാണ് പൊലീസ് വിശ്വസിച്ചത്. ഞാൻ പറയുന്നതിന് അവർ വില തന്നില്ല. എന്നെ അവിടെ പിടിച്ച് നിർത്തിയിട്ട് അവർ ഐ.പി.എൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു,’ യുവതി പറഞ്ഞു.
ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. ആ പരിക്കുകളോടെ യുവതി കൈക്കുഞ്ഞുമായാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രതിക്കെതിരെ ഭവനഭേദനം മാത്രമാണ് ചുമത്തിയത്.
മാസങ്ങളായി യുവതി ഭർത്താവിൽ നിന്നും വേർപിരിഞ്ഞ് കഴിയുകയാണ്. ഡിവോഴ്സ് പെറ്റിഷൻ നൽകിയിട്ടുമുണ്ട്.
Content Highlight: A young woman who came to file a complaint of harassment was insulted by asking about her caste, relevant parts of her statement were cut out; Serious allegations made against Maranallur CI