ഇന്ന് രാത്രിയോടെ ഒരു സംസ്‌കാരം പൂര്‍ണമായും ഇല്ലാതാകും; ആഗ്രഹമില്ലെങ്കിലും അത് സംഭവിക്കും; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്
Iran US Conflict
ഇന്ന് രാത്രിയോടെ ഒരു സംസ്‌കാരം പൂര്‍ണമായും ഇല്ലാതാകും; ആഗ്രഹമില്ലെങ്കിലും അത് സംഭവിക്കും; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്
അനിത സി
Tuesday, 7th April 2026, 7:40 pm

വാഷിങ്ടണ്‍: ഇന്ന് രാത്രിയോടെ ഇറാന് നേരെ കടുത്ത ആക്രമണം നടത്തുമെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു നാഗരികത പൂര്‍ണമായും ഇന്ന് ഇല്ലാതാവുമെന്നും ഒരിക്കലും തിരിച്ചുവരാന്‍ സാധിക്കാത്ത വിധം നശിപ്പിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

സമ്പൂര്‍ണമായ ഭരണ മാറ്റം ഇറാനില്‍ നടപ്പാക്കുമെന്നും വിപ്ലവകരവും അത്ഭുതകരവുമായ എന്തെങ്കിലും സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു. 47 വര്‍ഷത്തെ കൊള്ളയടിക്കലും അഴിമതിയും മരണങ്ങളും ഇന്നത്തോടെ അവസാനിക്കും. ഇറാനെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ട്രംപ് കുറിച്ചു.

‘ഇന്ന് രാത്രി മുഴുവന്‍ ഒരു നാഗരികത മരിക്കും, ഒരിക്കലും തിരിച്ചുവരാന്‍ കഴിയില്ല. അത് സംഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് സംഭവിക്കും. എന്നിരുന്നാലും, സമ്പൂര്‍ണമായ ഭരണമാറ്റം നടക്കും. അവിടെ വ്യത്യസ്തവും ബുദ്ധിപരവുമായ മനസുകള്‍ നിലനില്‍ക്കുന്നു, ഒരുപക്ഷേ വിപ്ലവകരമായി അത്ഭുതകരമായ എന്തെങ്കിലും സംഭവിച്ചേക്കാം, ആര്‍ക്കറിയാം?

ലോകത്തിന്റെ ദീര്‍ഘവും സങ്കീര്‍ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമുക്ക് കാണാനാകും. 47 വര്‍ഷത്തെ കൊള്ളയും അഴിമതിയും മരണവും ഒടുവില്‍ അവസാനിക്കുകയാണ്. ഇറാനിലെ മഹാന്മാരെ ദൈവം അനുഗ്രഹിക്കട്ടെ’, ട്രംപ് കുറിച്ചു.

കഴിഞ്ഞദിവസങ്ങളിലായി ഹോര്‍മുസ് കടലിടുക്ക് തുറക്കാത്തതിനെ ചൊല്ലി ഇറാനെതിരെ നിരന്തരം ഭീഷണി മുഴക്കുകയാണ് ട്രംപ്. ടെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് യു.എസ്-ഇസ്രഈല്‍ സംയുക്ത വ്യോമാക്രമണങ്ങളില്‍ 15ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ഇസ്രഈലിന് നേരെ പ്രത്യാക്രമണങ്ങളും കടുപ്പിച്ചിട്ടുണ്ട്.

ഇറാന്‍ യു.എസ് താത്പര്യത്തിനനുസരിച്ച കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ പാലങ്ങളും ഊര്‍ജ കേന്ദ്രങ്ങളും തകര്‍ക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് തള്ളിക്കളഞ്ഞ് ഐ.ആര്‍.ജി.സി രംഗത്തെത്തുകയും ചെയ്തു.

ട്രംപിന്റെ ഭീഷണികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസ് ‘ചുവപ്പ് രേഖകള്‍’ ലംഘിച്ചാല്‍ തങ്ങളുടെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കും.

സിവിലിയന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ അതേ രീതിയില്‍ തന്നെ തിരിച്ചടി പ്രതീക്ഷിക്കാമെന്നും ഐ.ആര്‍.ജിസി പറഞ്ഞിരുന്നു.

Content Highlight: A whole civilization will die tonight : Trump to Iran

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.