ഇതേ കഥ പറഞ്ഞ സീരിസ് കണ്ടതാണ്, ഇനിയെന്തിനാണ് നിങ്ങളുടെ പുതിയ സിനിമ കാണുന്നതെന്ന് ഒന്ന് പറയാമോ?; രസികന്‍ കാരണം നല്‍കി അഭിഷേക് ബച്ചന്‍
Entertainment
ഇതേ കഥ പറഞ്ഞ സീരിസ് കണ്ടതാണ്, ഇനിയെന്തിനാണ് നിങ്ങളുടെ പുതിയ സിനിമ കാണുന്നതെന്ന് ഒന്ന് പറയാമോ?; രസികന്‍ കാരണം നല്‍കി അഭിഷേക് ബച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th April 2021, 8:49 pm

ന്യൂദല്‍ഹി: സ്‌കാം 1992വിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായ സെക്യൂരിറ്റി സ്‌കാം എന്ന വിവാദ കേസിനെ ആസ്പദമാക്കി പുതിയ സിനിമ കൂടിയെത്തുകയാണ്. അഭിഷേക് ബച്ചന്‍ നായകനായ ബിഗ് ബുള്‍ ആണ് ചിത്രം.

ബിഗ് ബുള്ളിന്റെ ട്രെയ്ലര്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഒരു ആരാധകന്‍ ഉയര്‍ത്തിയ ചോദ്യത്തിന് അഭിഷേക് ബച്ചന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

സ്‌കാം 1992 ഞാന്‍ കണ്ടതാണ്. ഇനി ഞാന്‍ എന്തിന് ബിഗ് ബുള്‍ കാണണം എന്നതിന് ഒരു കാരണം പറയാമോ, എന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ ചോദിച്ചത്. ഇതിന് മറുപടിയായി ‘ഞാന്‍ ഇതിലുണ്ട്’ എന്നായിരുന്നു അഭിഷേക് ട്വീറ്റ് ചെയ്തത്. ഇമോജികളോടൊപ്പം തമാശരൂപത്തിലായിരുന്നു അഭിഷേകിന്റെ മറുപടി.

ഇല്യാന ഡിക്രൂസ് ആണ് ബിഗ് ബുള്ളില്‍ നായികയായെത്തുന്നത്. അജയ് ദേവ്ഗണാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസ്നി ഹോട്സ്റ്റാറില്‍ ഏപ്രില്‍ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക. ആമസോണ്‍ പ്രൈലിറങ്ങിയ ലുഡോയാണ് അഭിഷേക് ബച്ചന്റെ അവസാനമിറങ്ങിയ ചിത്രം.

കുക്കി ഗുലാട്ടിയും അര്‍ജുന്‍ ധവാനും ചേര്‍ന്നാണ് ബിഗ് ബുള്ളിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. റിതേഷ് ഷായുടേതാണ് സംഭാഷണം. കുക്കി ഗുലാട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


നേരത്തെ ഇതേ കഥ ആസ്പദമാക്കി ഇറങ്ങിയ സ്‌കാം 1992 എന്ന സീരിസ് കഴിഞ്ഞ വര്‍ഷം ഹിറ്റായ സീരിസുകളിലൊന്നാണ്. ഒക്ടോബര്‍ 9ന് റീലിസായതിന് പിന്നാലെ തന്നെ സ്‌കാം 1992: ദ ഹര്‍ഷദ് മെഹ്ത സ്റ്റോറി വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു.

ഈ സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ഹന്‍സല്‍ മെഹ്തയും ജയ് മെഹ്തയുമാണ്. രസുമിത് പുരോഷിതും സൗരവ് ഡേയും ചേര്‍ന്നാണ് രചന. സോണി ലിവില്‍ റിലീസ് ചെയ്ത സീരിസില്‍ 10 എപ്പിസോഡുകളാണുള്ളത്. സീരിസിന്റെ അടുത്ത സീസണും വൈകാതെ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഗ് ബുള്ളിന്റെ ട്രെയ്ലര്‍ സ്‌കാം 1992വിനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ഇപ്പോള്‍ തന്നെ കമന്റുകള്‍ വന്നുകഴിഞ്ഞു. വളരെ വിശദമായി കാര്യങ്ങള്‍ പറയുന്ന സീരിസിന് ശേഷം അതേ കഥ പറയുന്ന സിനിമയെത്തുമ്പോള്‍ വിജയം അത്ര എളുപ്പമാകില്ലെന്നും വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: A Twitter User Asked Abhishek Bachchan To Name A Reason He Should Watch The Big Bull, So He Did