ഒരു സിനിമയിൽ ഡ്യൂപ്പിനെ വെച്ച് റേപ്പ് സീൻ അഭിനയിപ്പിച്ചു; എൻ്റെ അനുവാദം ഇല്ലാതെയാണ് അതുചെയ്തത്: ശോഭന
Entertainment
ഒരു സിനിമയിൽ ഡ്യൂപ്പിനെ വെച്ച് റേപ്പ് സീൻ അഭിനയിപ്പിച്ചു; എൻ്റെ അനുവാദം ഇല്ലാതെയാണ് അതുചെയ്തത്: ശോഭന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st May 2025, 11:27 am

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് ശോഭന. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ശോഭനക്ക് ലഭിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്. 2006ൽ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഇപ്പോൾ അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുകയാണ് ശോഭന.

അഭിപ്രായം തുറന്നുപറയുന്നതിന് പേടിക്കുന്നത് എന്തിനെന്ന് ശോഭന ചോദിക്കുന്നു. താന്‍ ധരിക്കേണ്ട പാവാടയുടെ ഇറക്കം തീരുമാനിച്ചിരുന്നത് താന്‍ തന്നെയാണെന്നും സംസാരിക്കുന്നവരെ എതിര്‍ക്കുന്നര്‍ ഇന്‍ഡസ്ട്രിയിലുണ്ടാകുമെന്നും എന്നാലും മാതാപിതാക്കള്‍ തന്റെ അഭിപ്രായങ്ങളെ അനുകൂലിച്ചിരുന്നുവെന്നും നടി പറയുന്നു.

ഒരു സിനിമയില്‍ റേപ്പ് സീനുണ്ടായിരുന്നെന്നും എന്നാല്‍ താന്‍ അതിന് ഓക്കെയായിരുന്നില്ലെന്നും കഥ പറഞ്ഞപ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നെന്നും ശോഭന പറയുന്നു. എന്നാല്‍ പിന്നീട് ഡ്യൂപ്പിനെ വെച്ച് ആ സീന്‍ അഭിനയിപ്പിച്ചുവെന്നും സിനിമ ഇറങ്ങിയപ്പോള്‍ അച്ഛന്‍ പ്രശ്‌നമാക്കിയെന്നും നടി പറഞ്ഞു.

എന്നാല്‍ മലയാളത്തില്‍ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു ശോഭന.

‘എന്റെ അഭിപ്രായം പറയുന്നതിന് പേടിക്കുന്നതെന്തിന്? ഞാന്‍ ധരിക്കേണ്ട പാവാടയുടെ ഇറക്കം ഞാന്‍ തന്നെയാണ് തീരുമാനിച്ചിരുന്നത്. അത്തരത്തില്‍ സംസാരിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകും. മാതാപിതാക്കള്‍ എന്റെ അഭിപ്രായങ്ങളെ അനുകൂലിച്ചിരുന്നു.

ഒരു സിനിമയില്‍ റേപ് സീനുണ്ടായിരുന്നു. ഞാനതിന് ഓക്കെ അല്ലെന്ന് കഥ പറഞ്ഞ സമയത്ത് തന്നെ അറിയിച്ചിരുന്നു. അവരത് സമ്മതിക്കുകയും ചെയ്തു. പക്ഷേ, ആ സീനില്‍ ഡ്യൂപ്പിനെ വച്ച് അഭിനയിപ്പിച്ച് ആ സിനിമയില്‍ ചേര്‍ത്തു. സിനിമ ഇറങ്ങിയപ്പോള്‍ അച്ഛന്‍ അത് പ്രശ്നമാക്കി എന്റെ അനുവാദമില്ലാതെ അത് ചെയ്തത് ശരിയല്ലല്ലോ. എനിക്കു കംഫര്‍ട്ടബിള്‍ എന്നു തോന്നുന്നത് മാത്രമാണ് ചെയ്യാറുള്ളത്. മലയാളത്തില്‍ എനിക്കു മോശം അനുഭവങ്ങളുണ്ടായിട്ടില്ല,’ ശോഭന പറയുന്നു.

Content Highlight: A rape scene was done without my permission in one film says Shobhana