'പിണറായി വിജയന്റെ ഏകാധിപത്യ നിലപാടില്‍ ഘടകകക്ഷികള്‍ അതൃപ്തര്‍, ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കണം'; ചിന്തന്‍ ശിബിരില്‍ പ്രമേയം
Kerala News
'പിണറായി വിജയന്റെ ഏകാധിപത്യ നിലപാടില്‍ ഘടകകക്ഷികള്‍ അതൃപ്തര്‍, ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കണം'; ചിന്തന്‍ ശിബിരില്‍ പ്രമേയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th July 2022, 4:58 pm

കോഴിക്കോട്: യു.ഡി.എഫ് വിപുലീകരിക്കണമെന്ന് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസ് ഇതിന് മുന്‍കൈ എടുക്കണം. യു.ഡി.എഫ് വിട്ടവരെ മുന്നണിയില്‍ തിരിച്ചെത്തിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വി.കെ. ശ്രീകണ്ഠന്‍ എം.പിയാണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്.

ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ നിലപാടില്‍ ഘടകകക്ഷികള്‍ അതൃപ്തരാണ്. ഇടതുമുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യു.ഡി.എഫില്‍ എത്തിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

കേരള കോണ്‍ഗ്രസ്(എം), എല്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികള്‍ യു.ഡി.എഫ് വിട്ടുപോയത് മുന്നണിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ കൊഴിഞ്ഞുപോക്ക് മധ്യകേരളത്തില്‍ മുന്നണിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. എല്‍.ഡി.എഫില്‍ പല കക്ഷികളും അതൃപ്തരാണ്. ഇത് മുതലെടുത്ത് ഇത്തരം പാര്‍ട്ടികളെ യു.ഡി.എഫിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്നും ചിന്തന്‍ ശിബിരത്തില്‍ ആവശ്യമുയര്‍ന്നു.

പാര്‍ട്ടിയുടെ സ്വാധീനം എല്ലാ മേഖലകളിലും ശക്തിപ്പെടുത്തണം. മത തീവ്രവാദ സ്വഭാവമുള്ള ആരുമായും കൂട്ടുചേരരുത്. അത്തരക്കാരുമായി ഒരു യോജിപ്പും പാടില്ലെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെ ചര്‍ച്ചകള്‍ ക്രോഡീകരിച്ചുകൊണ്ടുള്ള കോഴിക്കോട് പ്രഖ്യാപനം വൈകീട്ട് ഉണ്ടാവും.

അതേസമയം, എത്രയും പെട്ടെന്ന് പാര്‍ട്ടി പുനസംഘടനാ നടത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് ധാരണ.
ഡി.സി.സി പ്രസിഡന്റുമാരെ മാറ്റാതെ ജില്ലാ തലത്തില്‍ അഴിച്ചുപണി നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബൂത്ത് തലം മുതലുള്ള സമ്മേളനങ്ങള്‍ നടത്താനും തീരുമാനമായി. പാര്‍ട്ടിയുമായി അകന്ന വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കും. മുന്നണി വിപുലീകരണം ഉടന്‍ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. അഞ്ച് വിഷയങ്ങളിലായി രണ്ട് ദിവസം നീണ്ട വിപുലമായ ചര്‍ച്ചയാണ് കോഴിക്കോട് നടന്നത്.