ഹൈക്കോടതിയുടെ വിധിക്ക് വേണ്ടി കാത്തിരിക്കുന്ന വിഷയം: പാര്‍വതി തിരുവോത്തിനൊപ്പമുള്ള ചിത്രത്തെ പറ്റി സുരേഷ് ഗോപി
Film News
ഹൈക്കോടതിയുടെ വിധിക്ക് വേണ്ടി കാത്തിരിക്കുന്ന വിഷയം: പാര്‍വതി തിരുവോത്തിനൊപ്പമുള്ള ചിത്രത്തെ പറ്റി സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th July 2022, 4:33 pm

പാര്‍വതി തിരുവോത്ത്, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തില്‍ താനും ഭാഗമാകുമെന്ന് സുരേഷ് ഗോപി. ചിത്രത്തിനായി ഇരുവരും ത്രില്‍ഡാണെന്നും സുരേഷ് ഗോപി പറഞ്ഞു. പാപ്പന്‍ സിനിമയുടെ പ്രൊമോഷന്‍ പ്രസ് മീറ്റിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

‘പാര്‍വതി തിരുവോത്തും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായ ഒരു സിനിമയില്‍ ഞാനും ഭാഗമാണ്. അവര്‍ രണ്ട് പേരും ത്രില്‍ഡാണെന്നാണ് ഞാന്‍ അറിയുന്നത്. കാലിക പ്രസക്തിയുള്ള, ഇന്ന് ഹൈക്കോടതിയുടെ വിധിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു വിഷയമുണ്ട്. ഏറ്റവും വലിയ വിചിത്രമായ കാര്യം, യഥാര്‍ത്ഥ സംഭവം ഉണ്ടാകുന്നതിന് മുമ്പ് എഴുതിയ കഥയാണിത് എന്നതാണ്’, സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന പാപ്പന്‍ ജൂലൈ 29നാണ് റിലീസ് ചെയ്യുന്നത്. സലാം കാശ്മീരിനു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.

മകന്‍ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ചിത്രം കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ആണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ. ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിര്‍മ്മാണം – വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍,സുജിത് ജെ. നായര്‍, ഷാജി.

Content Highlight: Suresh Gopi said that he will also be a part of the film, which stars Parvathy Thiruvoth and Anupama Parameswaran