സൗത്ത് ഇന്ത്യന്‍ താരറാണി നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയായിരുന്നു നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ താരത്തിന്റെ കരിയറിലെ പ്രധാന നാള്‍വഴികളിലൂടെയാണ് ഡോക്യുമെന്ററി കഥ പറയുന്നത്.
2022ല്‍ അനൗണ്‍സ് ചെയ്ത ഡോക്യുമെന്ററി കഴിഞ്ഞ വര്‍ഷമായിരുന്നു പുറത്തിറങ്ങിയത്. 2023ല്‍ ഷൂട്ട് പൂര്‍ത്തിയായെങ്കിലും റിലീസിന് കാലതാമസം നേരിടുകയായിരുന്നു. ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഉപയോഗിച്ചതിനാല്‍ ധനുഷ് നയന്‍താരക്ക് എന്‍.ഒ.സി നല്‍കിയിരുന്നില്ല.
അനുമതിയില്ലാതെ തന്റെ സിനിമയിലെ രംഗം ഉപയോഗിച്ചതിനാല്‍ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. പ്രശ്‌നങ്ങള്‍ക്കിടയില്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തിനെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നയന്‍താരക്കെതിരെ കോപ്പിറൈറ്റ് ആരോപണവുമായി സിനിമാവിതരണ മേഖലയിലെ വമ്പന്മാരായ എ.പി. ഇന്റര്‍നാഷണലും രംഗത്തെത്തിയിരിക്കുകയാണ്.
ചന്ദ്രമുഖി എന്ന ചിത്രത്തിലെ രംഗം അനുമതിയില്ലാതെ നയന്‍താര തന്റെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചു എന്ന പരാതിയുമായാണ് എ.പി. ഇന്റര്‍നാഷണല്‍ തമിഴ്‌നാട് ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. ചന്ദ്രമുഖിയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് എ.പി. ഇന്റര്‍നാഷണല്‍സാണ്.
രജിനികാന്ത് നായകനായി 2005ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചന്ദ്രമുഖി. ചിത്രത്തില്‍ രജിനിയുടെ നായികയായാണ് നയന്‍താര വേഷമിട്ടത്. അനുമതിയില്ലാതെ തങ്ങളുടെ രംഗം ഉപയോഗിച്ചതിന് ഡോക്യുമെന്ററിയുടെ നിര്‍മാതാക്കളായ ഡാര്‍ക്ക് സ്റ്റുഡിയോസിനെതിരെയാണ് എ.പി. ഇന്റര്‍നാഷണല്‍ പരാതി നല്‍കിയത്. കോടതിക്ക് പുറത്ത് കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഡാര്‍ക്ക് സ്റ്റുഡിയോസ് ശ്രമിക്കുന്നുണ്ടെങ്കിലും എ.പി. ഇന്റര്‍നാഷണല്‍ ചര്‍ച്ചകള്‍ നിഷേധിക്കുകയാണ്.
25 കോടിക്കാണ് നയന്‍താരയുടെ ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ അരങ്ങേറ്റം മുതല്‍ വിവാഹം വരെയുള്ള കാര്യങ്ങളാണ് ഡോക്യുമെന്ററിയിലുള്ളത്. തമിഴ് സംവിധായകന്‍ വിഘ്‌നേശ് ശിവനാണ് നയന്‍താരയുടെ പങ്കാളി. ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.
Content Highlight: A P Internationals approached court against Nayanthara about copyright issue