ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നതിനെതിരെ വ്യത്യസ്ത ബോധവത്കരണവുമായി എത്തിയ കേരള പൊലീസിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനിരിക്കെ മികച്ച നടനുള്ള നോമിനേഷനില്‍ എത്തിയ നടന്മാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്, ഇതില്‍ ബെസ്റ്റ് റൈഡര്‍ ആരായിരിക്കും എന്ന ചോദ്യമാണ് പോസ്റ്റില്‍ പങ്കുവെച്ചത്.
ചോദ്യത്തിന് താഴെ മമ്മൂട്ടി, മോഹന്‍ലാല്‍, ആസിഫ് അലി എന്നിവര്‍ ബൈക്ക് ഓടിക്കുന്ന ചിത്രങ്ങളാണ് ഉള്ളത്. സര്‍ക്കീട്ടിലെ ആസിഫ് അലിയും തുടരുമിലെ മോഹന്‍ലാലും കുട്ടനാടന്‍ വ്‌ളോഗിലെ മമ്മൂട്ടിയും ഇരുചക്ര വാഹനമോടിക്കുന്ന പോസ്റ്റാണ് കേരള പൊലീസ് പങ്കുവെച്ചത്. രസമെന്തെന്നാല്‍ ഇതില്‍ മമ്മൂട്ടി മാത്രമാണ് ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നത്. ഇവരില്‍ ആരാണ് ബെസ്റ്റ് റൈഡറെന്നാണ് കേരള പൊലിസീന്റെ ചോദ്യം.
ഹെല്‍മറ്റ് ധരിച്ച മമ്മൂട്ടിയാണ് ബെസറ്റ് റൈഡര്‍ എന്ന കമന്റുകള്‍ ഇതിനോടകം പോസ്റ്റിന് താഴെ നിറഞ്ഞിട്ടുണ്ട്. അതേസമയം, വരാനിരിക്കുന്ന ചലച്ചിത്ര അവാര്‍ഡിന്റെ സൂചനയാണോ കേരളാ പൊലീസിന്റെ പോസ്റ്റ് എന്ന ചോദ്യവുമായി ആരാധകരുമെത്തി.
മമ്മൂട്ടി തന്നെ അവാര്‍ഡ് കൊണ്ടുപോകുമെന്നാണ് ആരാധകര്‍ പറയുന്നത്. നാളത്തേക്ക് ഒരു വലിയ സിഗ്‌നല്‍ തന്നിട്ടുണ്ട്, അവാര്‍ഡ് ഇക്കയ്ക്കാണെന്ന് സൈക്കോളജിക്കല്‍ മൂവ് നടത്തുന്ന കേരളാ പൊലീസ്, എന്നിങ്ങനെയുള്ള കമന്റുകള്‍ പോസ്റ്റിന് താഴേ കാണാം.
അതേസമയം, നവംബര്‍ ഒന്നിന് പ്രഖ്യാപിക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നവംബര്‍ മൂന്നിലേക്ക് മാറ്റി. പുരസ്‌കാരത്തിലെ മികച്ച നടന്മാര്‍ക്കുള്ള അവസാന റൗണ്ടില്‍ മമ്മൂട്ടിയും ആസിഫ് അലിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content highlight: A new post by the Kerala Police, which raises awareness against riding two-wheelers without wearing a helmet, is talk of social media