2026 ലോകകപ്പ് ഫൈനലിനൊരുങ്ങുകയാണ് അര്‍ജന്റീനയും സ്‌പെയ്‌നും. അര്‍ജന്റൈന്‍ നായകന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സ്പാനിഷ് യുവതാരം ലാമിന്‍ യമാലും നേര്‍ക്കുനേര്‍ എത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. തീ പാറുന്ന പോരാട്ടമായിരിക്കും ഫുടബോള്‍ ലോകത്തെ കാത്തിരിക്കുന്നതെന്നാണ് പല ഫുട്‌ബോള്‍ അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.
ജൂലൈ 20ന് ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. എന്നാല്‍ മത്സരത്തില്‍ മെസിപ്പടയ്ക്ക് വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. സ്‌പെയ്‌നിന്റെ കിടിലന്‍ ഡിഫന്‍ഡര്‍മാരും ഗോളിയുമാണ് അതിന് കാരണം. 2026 ലോകകപ്പിലെ ടോപ് പെര്‍ഫോമന്‍സ് നടത്തിയ മൂന്ന് കിടിലന്‍ ഡിഫന്റര്‍മാരെയാണ് അര്‍ജന്റീനയുടെ മുന്നേറ്റ നിര നേരിടാനുള്ളത്.
2026 ഫിഫ ലോകകപ്പ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള നായകന്‍ റോഡ്രി, പെഡ്രോ പൊറോ, പൗ ക്യുബാര്‍സി എന്നിവരെയാണ് മെസിപ്പട മറികടക്കേണ്ടത്. റോഡ്രി 8.03, പെഡ്രോ 7.69, ക്യുബാര്‍സി 7.50 എന്നീ റാങ്കിങ്ങാണ് ഇരുവരും സ്വന്തമാക്കിയത്. ഇരുവര്‍ക്കും പുറമെ ലെഫ്റ്റ് ബാക്കില്‍ മിന്നും പ്രകടനം നടത്തുന്ന മാര്‍ക് കുകുറെയയെയും അര്‍ജന്റീനയ്ക്ക് ഭയക്കേണ്ടതുണ്ട്.
ഇതിനെല്ലാം പുറമെ ടോപ് ഗോള്‍ കീപ്പര്‍മാരില്‍ രണ്ടാം സ്ഥാനത്ത് ഇന്‍ പൊസിഷന്‍ കീപ്പ് ചെയ്യുന്ന ഉനയ് സൈമണിനെ മറികടക്കാനും മെസിയും സംഘവും വിയര്‍ത്തേക്കും. ലാമിന്‍ യമാല്‍ എന്ന യുവതാരത്തിന്റെ പ്രകടനവും അണ്‍പ്രഡിക്റ്റബിളായിരിക്കും.സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സൈമണ്‍
മാത്രമല്ല ലോകകപ്പില്‍ ഏറ്റവും മികച്ച പ്രതിരോധ മികവാണ് സ്പാനിഷ് താരങ്ങള്‍ പുറത്തെടുത്തത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിനെതിരായ ഒറ്റ മത്സരത്തില്‍ മാത്രമാണ് സ്‌പെയ്ന്‍ ഗോള്‍ വഴങ്ങിയത്. കാപ് വെര്‍ദെയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ രഹിത സമനില വഴങ്ങിയതുമുതല്‍ മിന്നും പ്രകടനമാണ് സ്‌പെയ്ന്‍ കാഴ്ചവെച്ചത്. മാത്രമല്ല ഗ്രൂപ്പ് സ്റ്റേജുകളിലും ഒറ്റ ഗോളും വഴങ്ങാതെയാണ് സ്‌പെയ്‌നിന്റെ പടയാളികള്‍ മുന്നേറിയത്. സ്പാനിഷ് താരങ്ങളുടെ ഡിഫന്‍സീവ് മനോഭാവം കണക്കിലെടുക്കുമ്പോള്‍ അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിലും ഇവര്‍ കരുത്ത് കാട്ടുമെന്ന് ഉറപ്പാണ്.റോഡ്രി, പെഡ്രി, മാര്‍ക് കുകുറെയ
അതേസമയം എതിരാളികളുടെ തന്ത്രങ്ങളെ അടപടലം തച്ചുടയ്ക്കുന്ന അര്‍ജന്റൈന്‍ ഫോര്‍മേഷനും മികച്ചതില്‍ മികച്ചതാണ്. സെമിയില്‍ മെസിയെ ഇംഗ്ലണ്ട് പ്രതിരോധ നിര പൂട്ടിയപ്പോഴും റൈറ്റ് വിങ്ങിലൂടെ സഹ താരങ്ങള്‍ക്ക് ബോള്‍ എത്തിച്ച് നല്‍കുന്ന ഗെയിം പ്ലാനും കൃത്യമായ സമയത്ത് സബ്‌സ്റ്റിറ്റിയൂട്ട് ഇറക്കുന്ന സ്‌കലോണിയുടെ തന്ത്രവും ഒട്ടും പിറകിലല്ല.
അതേസമയം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.
സ്‌പെയ്ന്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അവസാന അങ്കത്തിനെത്തുന്നത്. മാത്രമല്ല നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിനായിരിക്കും സ്പെയ്ന്‍ ലക്ഷ്യമിടുന്നത്.
ഇതിന് മുമ്പ് 2010ലായിരുന്നു സ്പാനിഷ് ടീം ആദ്യമായി ലോകകപ്പ് ഫൈനല്‍ കളിച്ചിരുന്നത്. തങ്ങളുടെ ആദ്യ ഫൈനലില്‍ തന്നെ കിരീടം സ്വന്തമാക്കാനും സ്പാനിഷ് ടീമിന് സാധിച്ചു.
മാത്രമല്ല ഇത്തവണ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ ചരിത്രം കുറിച്ചാണ് സ്പെയ്ന്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്.
സെമിയില്‍ ഫ്രാന്‍സിനെ വീഴ്ത്തിയതോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമായാണ് സ്പെയ്ന്‍ മാറിയത്. ഇതുവരെ 37 മത്സരങ്ങളിലാണ് സ്പെയ്ന്‍ തോല്‍വിയറിയാതെ കുതിപ്പ് തുടരുന്നത്. 2024ല്‍ തുടങ്ങിയ സ്പെയിനിന്റെ വിജയങ്ങള്‍ ഇപ്പോള്‍ 2026ല്‍ എത്തി നില്‍ക്കുകയാണ്.
ഫൈനലില്‍ കടുത്ത പോരാട്ടത്തിനായിരിക്കും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. ഇതിഹാസതാരം ലയണല്‍ മെസിയും യുവതാരം ലാമിന്‍ യമാലും നേര്‍ക്കുനേര്‍ പോരാടുന്നു എന്ന പ്രത്യേകതയും ഫൈനലിനുണ്ട്.
Content Highlight: A major challenge awaits Messi and Argentina in the 2026 FIFA World Cup final Against Spain