അനിയന്‍ മന്നാഡിയരായി നസ്‌ലെനെയോ ദുല്‍ഖറിനെയോ കാസ്റ്റ് ചെയ്യാം, പക്ഷേ നരസിംഹ മന്നാഡിയരായി ഒരാളെ കിട്ടാന്‍ പ്രയാസമാണ്: എ.കെ സാജന്‍
Malayalam Cinema
അനിയന്‍ മന്നാഡിയരായി നസ്‌ലെനെയോ ദുല്‍ഖറിനെയോ കാസ്റ്റ് ചെയ്യാം, പക്ഷേ നരസിംഹ മന്നാഡിയരായി ഒരാളെ കിട്ടാന്‍ പ്രയാസമാണ്: എ.കെ സാജന്‍
അമര്‍നാഥ് എം.
Wednesday, 15th July 2026, 11:03 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എ.കെ. സാജന്‍. മമ്മൂട്ടി- ജോഷി കൂട്ടുകെട്ടിലൊരുങ്ങിയ ധ്രുവം എന്ന ചിത്രത്തിന് കഥയൊരുക്കിക്കൊണ്ടാണ് സാജന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി സിനിമകള്‍ക്ക് സ്‌ക്രിപ്റ്റ് ഒരുക്കുകയും ചില ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ബട്ടര്‍ഫ്‌ളൈസ്, കാശ്മീരം, ഷാര്‍ജ ടു ഷാര്‍ജ, മീനത്തില്‍ താലികെട്ട്  തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ സാജന്‍ സ്റ്റോപ്പ് വയലന്‍സ്, ലങ്ക, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഷാജി കൈലാസുമായി സാജന്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം വരവ് റിലീസിന് തയാറെടുക്കുകയാണ്.

എ.കെ. സാജന്‍ Photo: Screen Grab/ Club FM

കരിയറില്‍ താന്‍ കഥയെഴുതിയ സിനിമകള്‍ ഇന്നാണ് ചെയ്യുന്നതെങ്കില്‍ ആരൊക്കെയായിരിക്കും നായകവേഷം ചെയ്യുകയെന്ന് പറയുകയാണ് എ.കെ. സാജന്‍. ധ്രുവം എന്ന സിനിമ ഇന്നാണ് ചെയ്യുന്നതെങ്കില്‍ അതിലെ കേന്ദ്ര കഥാപാത്രം ചെയ്യാന്‍ കാലിബറുള്ള താരം ഇല്ലെന്ന് സാജന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നരസിംഹ മന്നാഡിയരായി മമ്മൂക്കയല്ലാതെ മറ്റൊരാളെ കാസ്റ്റ് ചെയ്യുക ബുദ്ധിമുട്ടാണ്. കാരണം, ആ പേര് കേള്‍ക്കുമ്പോള്‍ ഒരു വെയ്റ്റ് തോന്നും. അത് സ്‌ക്രീനില്‍ പുള്‍ ഓഫ് ചെയ്യാന്‍ പറ്റുന്നവര്‍ വേറെയില്ല. ഒന്ന് ആഞ്ഞുപിടിച്ചാല്‍ ജോജുവിനെ നരസിംഹ മന്നാഡിയാരാക്കാം. അല്ലാതെ നസ്‌ലെനെ നരസിംഹ മന്നാഡിയാരാക്കാന്‍ പറ്റുമോ?

അനിയന്‍ മന്നാഡിയരുടെ റോളിലേക്ക് നസ്‌ലെനെയോ ദുല്‍ഖറിനെയോ കാസ്റ്റ് ചെയ്യാം. അത് അവര്‍ക്ക് പറ്റും. പിന്നെ ഇന്നത്തെ കാലത്ത് അങ്ങനെയൊക്കെ നോക്കാതിരിക്കുന്നതാണ് നല്ലത്. ഷാര്‍ജ ടു ഷാര്‍ജ ഇന്ന് ചെയ്യുകയാണെങ്കില്‍ ടൊവിനോ നല്ലൊരു ഓപ്ഷനാണ്. ബട്ടര്‍ഫ്‌ളൈസും മീനത്തില്‍ താലികെട്ടുമാണെങ്കില്‍ ബേസിലിനെ വെച്ചും ചെയ്യാന്‍ പറ്റും,’ എ.കെ. സാജന്‍ പറയുന്നു.

എലോണിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരവ്. ജോജുവാണ് ചിത്രത്തിലെ നായകന്‍. സുകന്യ, അര്‍ജുന്‍ അശോകന്‍, മുരളി ഗോപി, സാനിയ ഇയപ്പന്‍, അശ്വിന്‍ കുമാര്‍, ബാബുരാജ്, വാണി വിശ്വനാഥ്, അഭിമന്യു തിലകന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സാം സി.എസാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: A K Saajan about casting new actors in Dhruvam movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം