ദുര്‍ഗ പൂജക്കിടെ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പുനരാവിഷ്‌കാരം; ഇത് എന്തുതരം ആദരാഞ്ജലിയെന്ന് സോഷ്യല്‍ മീഡിയ
India
ദുര്‍ഗ പൂജക്കിടെ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പുനരാവിഷ്‌കാരം; ഇത് എന്തുതരം ആദരാഞ്ജലിയെന്ന് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th October 2025, 4:32 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഹമ്മദാബാദിലെ വിമാനാപകടത്തെ പുനരാവിഷ്‌കരിച്ചുകൊണ്ട് നിര്‍മിച്ച ദുര്‍ഗ പൂജക്കായുള്ള പന്തല്‍ വിവാദത്തില്‍. ഹുഗ്ലി ജില്ലയില്‍ ഒക്ടോബര്‍ മൂന്നിന് സംഘടിപ്പിച്ച പരിപാടിയാണ് ഇപ്പോള്‍ വിമര്‍ശനം നേരിടുന്നത്.

നാല് നില കെട്ടിടത്തിലേക്ക് ഇടിച്ചുകയറി നില്‍ക്കുന്ന വിമാനത്തിന്റെ രൂപത്തിലാണ് പന്തല്‍ നിര്‍മിച്ചിരുന്നത്. അപകടത്തില്‍പെട്ട എയര്‍ ഇന്ത്യയുടെ വിമാനത്തിനോട് സാദൃശ്യമുള്ള വിമാനമാണ് പന്തലിന്റെ ഒരു ഭാഗം.

നിലവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍, പന്തലിലേക്ക് സമീപത്തുള്ള പോസ്റ്റില്‍ നിന്ന് ഒരു വയര്‍ ഘടിപ്പിച്ചിരിക്കുന്നതായി കാണാം. ഈ വയറിലൂടെ കടന്നുപോകുന്ന വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചുകയറുന്നതോടെ പന്തല്‍ മുഴുവനായും എല്‍.ഇ.ഡി ലൈറ്റുകളാല്‍ വര്‍ണാഭമാവുകയാണ്.

ദുര്‍ഗ പൂജ സംഘടിപ്പിച്ച പന്തലാണ് വിമാനം ഇടിച്ചുകയറുന്ന കെട്ടിടമായി കാണിച്ചിരുന്നത്. അഹമ്മദാബാദിലെ അപകടത്തില്‍ വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റലിന് സമാനമായിരുന്നു ഇതിന്റെ നിര്‍മാണം. അപകടത്തിലെ ഇരകള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം.

എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഹൂഗ്ലിയിലെ ദുര്‍ഗ പൂജയുടെ സംഘാടകര്‍ ചെയ്തിരിക്കുന്നത് അങ്ങേയറ്റം അപലപനീയമായ കാര്യമാണെന്ന് എക്‌സ് ഉപയോക്താക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.

ഒരുപക്ഷെ സംഘാടകര്‍ ഇരകള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിച്ചതായിരിക്കാം. എന്നാല്‍ ഇത് അഹമ്മദാബാദിലെ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തെ ദുഖത്തിലാഴ്ത്തുന്നതാണെന്നും ചിലര്‍ പറയുന്നു. ആഘോഷങ്ങളില്‍ കലാപരമായ ആവിഷ്‌കാരങ്ങള്‍ക്ക് അതിരുകള്‍ കല്‍പ്പിക്കണമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

2025 ജൂണ്‍ 12നാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നുവീണത്. എയര്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് തകര്‍ന്നത്. പറന്നുയര്‍ന്ന് 32 സെക്കന്റുകളില്‍ തന്നെ വിമാനം അപകടത്തില്‍പ്പെട്ടിരുന്നു.

അപകടത്തെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 241 പേര്‍ മരിച്ചിരുന്നു. 230 യാത്രക്കാരില്‍ ഒരാള്‍ സാഹസികമായി രക്ഷപ്പെട്ടിരുന്നു. സെപ്റ്റംബറില്‍, അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നത് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇവരല്ല തെറ്റ് ചെയ്തതെന്ന് കണ്ടെത്തിയാല്‍ എന്തുചെയ്യുമെന്നും കോടതി ചോദ്യമുന്നയിച്ചിരുന്നു.

അപകടത്തിലെ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറുന്നതിന് മുമ്പ് യു.എസ് പ്രസിദ്ധീകരണമായ ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ അന്വേഷണത്തെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പൈലറ്റിന്റെ പിഴവാണ് അപകടകാരണമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ വ്യോമയാന സുരക്ഷാ എന്‍.ജി.ഒയായ സേഫ്റ്റി മാറ്റേഴ്സ് ഫൗണ്ടേഷന്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.

Content Highlight: A Durga Puja pandal built to recreate the Ahmedabad plane crash in Bengal is in controversy