ടെല്‍ അവീവ്: ബുധനാഴ്ച ഗസ മുനമ്പിലുടനീളം ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 11ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദെയര്‍ അല്‍ ബലയിലെ അല്‍ അഖ്‌സ ആശുപത്രി അധികൃതരാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 13 വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളും മൂന്ന് പത്രപ്രവര്‍ത്തകരുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.
ഗാസയിലെ ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിന്റെ കിഴക്കന്‍ ഭാഗത്ത് ഇസ്രഈല്‍ ഡ്രോണുകളും ടാങ്ക് ഷെല്ലുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. കിഴക്കന്‍ പട്ടണമായ ബാനി സുഹൈലയില്‍ വിറക് ശേഖരിക്കുന്നതിനിടെ ഇസ്രഈല്‍ സൈന്യം 13 വയസുള്ള കുട്ടിയെ വെടിവച്ചു കൊന്നതായി നാസര്‍ ആശുപത്രി സ്ഥിരീകരിച്ചു.
കൂടാതെ അല്‍-സഹ്റയില്‍ മൂന്ന് ഫലസ്തീന്‍ പത്രപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം ഇസ്രാഈല്‍ സൈന്യം ആക്രമിക്കുകയായിരുന്നു. മധ്യ ഗാസയിലെ നെറ്റ്‌സാരിമില്‍ പുതുതായി സ്ഥാപിച്ച ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് ക്യാമ്പിന് മേല്‍നോട്ടം വഹിക്കുന്ന ഈജിപ്ഷ്യന്‍ വക്താവ് മുഹമ്മദ് മന്‍സൂര്‍ പറഞ്ഞു.
രണ്ട് മാധ്യമപ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ ഗസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയിലേക്കും മറ്റൊരാളുടെ മൃതദേഹങ്ങള്‍ അല്‍-അഖ്സ ആശുപത്രിയിലേക്കും എത്തിച്ചെന്ന് അധിതൃതര്‍ അറിയിച്ചു.
ബോംബ് സ്‌ഫോടനത്തില്‍ കത്തിക്കരിഞ്ഞ വാഹനത്തിന്റെ ചിതറിക്കിടക്കുന്നതും അവശിഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
‘വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനങ്ങളുടെ അപകടകരമായ വര്‍ധനവ്,’ എന്നാണ് ഹമാസ് ഇസ്രഈല്‍ ആക്രമണത്തെ അപലപിച്ചത്.
‘ഫലസ്തീന്‍ ശബ്ദത്തെ നിശബ്ദമാക്കുക, വസ്തുതകളുടെ പ്രക്ഷേപണം തടയുക, സാധാരണക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു വ്യവസ്ഥാപിത ഇസ്രഈലി നയം,’ പലസ്തീന്‍ പത്രപ്രവര്‍ത്തക സിന്‍ഡിക്കേറ്റ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒക്ടോബര്‍ 10ന് ഇസ്രഈലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം ഗാസയില്‍ കുറഞ്ഞത് 470ല്‍ അധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.