ഹല്‍ദ്വാനി സംഘര്‍ഷം; റെയ്ഡ് എന്ന വ്യാജേന 15 വയസുകാരിയെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചെന്ന് റിപ്പോര്‍ട്ട്
national news
ഹല്‍ദ്വാനി സംഘര്‍ഷം; റെയ്ഡ് എന്ന വ്യാജേന 15 വയസുകാരിയെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th February 2024, 8:15 pm

ഡെറാഡൂണ്‍: ഹല്‍ദ്വാനിയില്‍ അനധികൃതമായി മദ്രസയും പള്ളിയും പൊളിച്ചതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ തിരച്ചില്‍ നടത്താനെന്ന വ്യാജേന 15 വയസുകാരിയെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാന പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു കൂട്ടം സ്ത്രീകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിലവില്‍ പ്രചരിക്കുന്നുണ്ട്.

പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുക്കുന്നു എന്ന വ്യാജേന തന്നെ തെറ്റായ രീതിയില്‍ പൊലീസ് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞു. സംഘര്‍ഷത്തിനിടയിലേക്ക് കല്ലെറിഞ്ഞവര്‍ ആരാണെന്ന് ചോദിച്ചുകൊണ്ടാണ് തന്നെ പൊലീസ് മറ്റൊരിടത്തേക്ക് വലിച്ചുമാറ്റിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചുവെങ്കിലും തന്റെ വാക്കുകള്‍ കേള്‍ക്കാതെ പൊലീസ് മകളെ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മയും സംഭവത്തില്‍ പ്രതികരിച്ചു.

അതേസമയം പള്ളി പൊളിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് നേതൃത്വം കൊടുത്തെന്ന് ആരോപിക്കപ്പെടുന്ന അബ്ദുല്‍ മാലികിനെ പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദല്‍ഹിയില്‍ നിന്നാണ് മാലികിനെ അറസ്റ്റ് ചെയ്തതെന്ന് നൈനിറ്റാള്‍ എസ്.എസ്.പി പ്രഹ്‌ലാദ് നാരായണ്‍ മീണ പറഞ്ഞു. എന്നാല്‍ മാലികിന്റ മകന്‍ ഒളിവിലാണെന്നും മാധ്യമങ്ങളോട് മീണ കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഹല്‍ദ്വാനിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ട പൊലീസ് വെടിവെപ്പും സംഘര്‍ഷങ്ങളും പെട്ടെന്നുണ്ടായതല്ലെന്ന് വസ്തുതാന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ട് സിവില്‍ റൈറ്റ്സ്, കാരവാന്‍-ഇ-മൊഹബത്ത്, പൗരാവകാശ പ്രവര്‍ത്തകന്‍ സാഹിദ് ഖാദ്രി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Content Highlight: A 15-year-old girl was reportedly harassed by the police on the pretext of a raid in Haldwani