ദിസ്പൂർ: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ദേശവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് അസമിൽ ഹിമന്ത സർക്കാർ ഇതുവരെ അറസ്റ്റ് ചെയ്തത് 97 പേരെയെന്ന് റിപ്പോർട്ട്.
ദിസ്പൂർ: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ദേശവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് അസമിൽ ഹിമന്ത സർക്കാർ ഇതുവരെ അറസ്റ്റ് ചെയ്തത് 97 പേരെയെന്ന് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ‘ഹിന്ദു വിരുദ്ധർ’ എന്നാരോപിച്ച് അസമിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇതോടെ ഇതുവരെ അറസ്റ്റിലായവരുടെ ആകെ എണ്ണം 97 ആയി. ടിൻസുകിയ, നാഗോൺ ജില്ലകളിൽ നിന്ന് ഓരോരുത്തരെ വീതം പിടികൂടിയതായി എക്‌സിലെ ഒരു പോസ്റ്റിൽ ശർമ പറഞ്ഞു.
‘ഹിന്ദു വിരുദ്ധർക്കെതിരായ നടപടികൾ തുടരുന്നു. 97 ‘ദേശവിരുദ്ധരും ഹിന്ദുവിരുദ്ധരു’മായ കുറ്റവാളികൾ ഇപ്പോൾ ജയിലിലാണ്,’ ഹിമന്ത പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ടിൻസുകിയയിൽ നിന്ന് അറസ്റ്റിലായ ആൾ സോഷ്യൽ മീഡിയയിൽ ഹിന്ദുമതത്തെക്കുറിച്ച് ആക്ഷേപകരമായ ഉള്ളടക്കം പങ്കുവെച്ചെന്നും അതേസമയം നാഗോൺ സ്വദേശിയായ വ്യക്തി ശ്രീരാമനെക്കുറിച്ച് അവഹേളനപരമായ പരാമർശം നടത്തിയെന്നും ബി.ജെ.പി മുഖ്യമന്ത്രി ആരോപിച്ചു.
നേരത്തെ, പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെയും അവരുടെ പങ്കാളിത്തത്തെയും ന്യായീകരിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ എ.ഐ.യു.ഡി.എഫ് എം.എൽ.എ അമിനുൾ ഇസ്‌ലാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം, ദേശീയ സുരക്ഷാ നിയമപ്രകാരം (NSA) അമിനുൾ ഇസ്‌ലാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു.
മെയ് രണ്ടിന് ജമ്മു കശ്മീർ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെ പിന്തുണക്കുന്നവരുടെ കാലുകൾ ഒടിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ ഭീഷണി ഉയർത്തിയിരുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരു പ്രചാരണ റാലിയെ അഭിസംബോധന ചെയ്യവെ, ലോകത്തെവിടെയും ഒളിച്ചിരിക്കുന്ന പാകിസ്ഥാൻ തീവ്രവാദികളെ പിടികൂടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ സൈന്യത്തിനും ശക്തി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
ഏപ്രിൽ 22 ന് തെക്കൻ കശ്മീരിലെ പഹൽഗാമിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിൽ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും വിനോദസഞ്ചാരികൾ ആയിരുന്നു.
Content Highlight: 97 ‘anti-nationals’ arrested post Pahalgam terror attack in Assam: CM Himanta Biswa