ഗുജറാത്ത്: അഹമ്മദാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ എട്ടാം ക്ലാസുകാരന്‍ കുത്തിക്കൊലപ്പെടുത്തി. അഹമ്മദബാദ് ഖോഖ്രയിലെ സെവന്‍ത് ഡേ സ്‌കൂളില്‍ വെച്ച് ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. രണ്ട് വിദ്യാര്‍ഥികളും തമ്മില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നു.
ഇന്നലെ സ്‌കൂള്‍ വിടുന്നതിനിടെയാണ് അക്രമണം നടന്നത്. സ്‌കൂളില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള മനിയാഷ സൊസൈറ്റിയുടെ ഗേറ്റിന് സമീപമാണ് സംഭവം നടന്നതെന്ന് പറയുന്നു. മൂര്‍ച്ചയുള്ള ലാബ് ഉപകരണം ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ വയറ്റില്‍ എട്ടാം ക്ലാസുകാരന്‍ കുത്തുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് സംഘര്‍ഷത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചതെന്ന് കരുതുന്നു.
ഘോഡാസര്‍ നിവാസിയാണ് മരണപ്പെട്ടത്. ഈ വിദ്യാര്‍ഥി കുത്തേറ്റ ശേഷം കോമ്പൗണ്ടിന്റെ പിന്നിലേക്ക് ഓടി വീഴുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. സഹപാഠികള്‍ കുട്ടിയെ സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.
കൊലപാതകം തടയാന്‍ അവിടെയുള്ള സെക്യൂരിറ്റി ഗാര്‍ഡുകള്‍ ശ്രമിച്ചില്ലെന്നുള്ള പരാതികള്‍ ഉയരുന്നുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥി രക്തം വാര്‍ന്ന് കിടക്കുമ്പോള്‍, മറ്റൊരു വിദ്യാര്‍ത്ഥി സ്‌കൂള്‍ ജീവനക്കാരുടെ ഒരു സഹായവും കൂടാതെ വിദ്യാര്‍ഥിയെ റിക്ഷയില്‍ കയറ്റുകയാണ് ചെയ്തതെന്ന് ദൃക്‌സാക്ഷി പറയുന്നു. ഇതേ ചൊല്ലി സ്‌കൂള്‍ അധികൃതര്‍ക്ക് നേരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
അതേസമയം സംഭവം നടക്കുന്നതിന് ഒരാഴ്ച്ച മുമ്പ്, അക്രമണം നടത്തിയ വിദ്യാര്‍ഥിയും മരണപ്പെട്ട വിദ്യാര്‍ഥിയുടെ ബന്ധുവും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും കൊലപാതകം മുന്‍കൂട്ടി നിശ്ചയിച്ചതാവാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞയുടനെ, ഇരയുടെ കുടുംബം സ്‌കൂള്‍ ക്യാമ്പസിലേക്ക് ഇരച്ചുകയറുകയും രോഷാകുലരാകുകയും ചെയ്തു. കുറ്റകൃത്യം തടയുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച വന്നുവെന്നും ഇത് മറച്ചുവെക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് ജീവനക്കാര്‍ക്ക് നേരേ പ്രതിഷേധം ഉയര്‍ന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.
Content Highlight: 8th grader stabs 10th grader to death in Gujarat