വെസ്റ്റ് ബാങ്കിലെ ഇസ്രഈലി അധിനിവേശത്തെ അപലപിച്ച് പ്രമേയവതരിപ്പിച്ച് റോ ഖന്ന
World
വെസ്റ്റ് ബാങ്കിലെ ഇസ്രഈലി അധിനിവേശത്തെ അപലപിച്ച് പ്രമേയവതരിപ്പിച്ച് റോ ഖന്ന
നിഷാന. വി.വി
Friday, 27th February 2026, 2:51 pm

വാഷിങ്ടണ്‍: വെസ്റ്റ് ബാങ്കിലെ ഇസ്രഈലി അധിനിവേശത്തെ അപലപിച്ച് യു.എസ് പ്രതിനിധി സഭയില്‍ പ്രമേയവതരിപ്പിച്ച് യു.എസ് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റോ ഖന്ന.

ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങളെ അപലപിക്കുകയും അധിനിവേശത്തിന് മേരിക്കന്‍ സഹായം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നയപരമായ പുനപരിശോധന വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരി 8ന് വെസ്റ്റ് ബാങ്കിലെ ഭൂമി രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ ഇസ്രഈല്‍ മാറ്റം വരുത്തിയിരുന്നു.

ഇത് ഓസ്‌ലോ കരാറിന്റെ ലംഘനമാണെന്നും അധിനിവേശത്തിന് വഴിയൊരുക്കുന്നുവെന്നും ഖന്ന പറഞ്ഞു.

വെസ്റ്റ് ബാങ്കിലെ ഉം അല്‍-ഖൈര്‍, സില്‍വാന്‍, സെബാസ്റ്റിയ തുടങ്ങിയ മേഖലകളില്‍ ഇസ്രഈല്‍ നടത്തുന്ന വീട് പൊളിക്കല്‍ നടപടികളും കുടിയൊഴിപ്പിക്കലും നിര്‍ത്തലാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഫലസ്തീനികള്‍ക്കെതിരായ അതിക്രമത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്നവര്‍ക്കെതിരെ മാഗ്നിറ്റ്‌സ്‌കി ആക്ട് പ്രകാരം ഉപരോധം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

കുടിയിറക്കപ്പെട്ട ഫലസ്തീനികളുടെ തിരിച്ചുവരവിനോ പുനരധിവാസത്തിനോ സൗകര്യമൊരുക്കണമെന്ന് പ്രമേയം ഇസ്രഈലിനോട് ആവശ്യപ്പെട്ടു.

ഇസ്രഈല്‍- ഗസ യുദ്ധം ആരംഭിച്ചതുമുതല്‍ ഫലസ്തീനികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് കാപ്പിറ്റോള്‍ ഹില്ലില്‍ ഒന്നിലധികം ശ്രമങ്ങള്‍ക്ക് ഖന്ന നേതൃത്വം നല്‍കിയിട്ടുണ്ട്.

കൂടാതെ ഇസ്രഈലിന്റെ സൈനിക നടപടികളെയും അതിന് അമേരിക്ക നല്‍കുന്ന പിന്തുണയേയും വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളുമാണ് അദ്ദേഹം.

വെസ്റ്റ് ബാങ്കില്‍ ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട നിയമത്തില്‍ ഇസ്രഈല്‍ മാറ്റം വരുത്തിയതിന് പിന്നാലെ നിരവധി ഇസ്രഈല്‍ കുടിയേറ്റക്കാരുടെ അക്രമണങ്ങള്‍ക്ക് ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് ഇരയാക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

അക്രമം നടത്തുന്ന കുറ്റക്കാര്‍ക്കെതിരെ ഇസ്രഈല്‍ സൈന്യം നടപടി സ്വീകരിക്കുന്നില്ലെന്നും പ്രമേയം കുറ്റപ്പെടുത്തി.

Content Highlight: Raw Khanna introduces resolution condemning Israeli occupation of West Bank

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.