മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിൽ പോകരുതെന്ന് കൊൽക്കത്തയിലെ ബി.ജെ.പി നേതാവ്
India
മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിൽ പോകരുതെന്ന് കൊൽക്കത്തയിലെ ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2025, 1:34 pm

കൊൽക്കത്ത: മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിലേക്ക് ആരും പോകരുതെന്ന വിദ്വേഷ പരാമർശവുമായി ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ടൂറിസം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കശ്മീർ സന്ദർശിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചതിന് പിന്നാലെയായിരുന്നു സുവേന്ദു അധികാരിയുടെ വിദ്വേഷ പരാമർശം.

മുസ്‌ലിം ഭൂരിപക്ഷമായ കശ്മീരിലേക്ക് ആരും പോകരുതെന്നും നമ്മുടെ ആളുകളെ മാത്രം തെരഞ്ഞുപിടിച്ച് കൊന്നവരാണ് അവിടെയുള്ളത് എന്നുമായിരുന്നു സുവേന്ദു അധികാരിയുടെ വിദ്വേഷ പരാമർശം.

‘ഒരു ബംഗാളിയും കശ്മീരിലേക്ക് പോകരുത്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ളിടത്തേക്ക് നമ്മൾ പോകരുത്. പഹൽഗാം ആക്രമണത്തിൽ കൊൽക്കത്തയിൽ നിന്നുള്ള ആളുകൾ കൊല്ലപ്പെട്ടു. നമ്മുടെ ആളുകൾ അവിടെ സെലക്ടീവായി കൊല്ലപ്പെട്ടു… ഹിമാചലിലേക്ക് പോകൂ, ഉത്തരാഖണ്ഡിലേക്ക് പോകൂ, പക്ഷേ കശ്മീരിലേക്ക് പോകരുത്,’ സുവേന്ദു അധികാരി പറഞ്ഞു.

വ്യാഴാഴ്ച ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മമത ബാനർജിയെ സന്ദർശിക്കുകയും കശ്മീരിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഒപ്പം പഹൽഗാം അക്രമണസമയത്ത് പൂഞ്ച്, രജോരി മേഖലകളിലേക്ക് സഹായസംഘങ്ങളെ അയച്ചതിൽ ഒമർ അബ്ദുള്ള മമതയോട് നന്ദി പറയുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ സെപ്തംബറിലെ ദുർഗ പൂജ സമയത്ത് താൻ കശ്മീരിലേക്ക് വരുമെന്ന് മമത ഉറപ്പ് നൽകുകയും ബംഗാൾ ജനങ്ങളോടും കശ്മീർ സന്ദർശിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു.

‘എല്ലാവരും കശ്മീരിലേക്ക് പോകണം. ദുർഗാ പൂജയ്ക്ക് ശേഷം ഞാനും കശ്മീരിലേക്ക് പോകും. ഭയപ്പെടേണ്ട കാര്യമില്ല. കേന്ദ്രവും ഒമർ അബ്ദുള്ളയും സുരക്ഷ ഒരുക്കും. ഞാൻ കശ്മീരിന്റെ ആരാധികയാണ്,’ മമത പറഞ്ഞു. ഒപ്പം ബംഗാളി ചലച്ചിത്ര നിർമാതാക്കൾ സിനിമാ ചിത്രീകരണത്തിനായി കശ്മീരിനെ പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെടുകയും സംസ്ഥാനത്തെ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ കശ്മീരി കലാകാരന്മാരെ ക്ഷണിക്കുകയും ചെയ്തു.

പിന്നാലെയായിരുന്നു സുവേന്ദു അധികാരിയുടെ വിദ്വേഷ പരാമർശം. അദ്ദേഹത്തിന്റെ പരാമർശത്തിൽ വലിയ തോതിൽ വിമർശനം ഉയർന്നിട്ടുണ്ട്.

 

 

Content Highlight: BJP leader and West Bengal Opposition Leader Suvendu Adhikari made hateful remarks against Jammu and Kashmir