മുഖ്യമന്ത്രി - ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച മറ്റൊരു ആവശ്യത്തിന്, വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം; ഹൈക്കോടതി
Kerala News
മുഖ്യമന്ത്രി - ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച മറ്റൊരു ആവശ്യത്തിന്, വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം; ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th February 2023, 7:26 pm

കൊച്ചി: മുഖ്യമന്ത്രിയുമായുള്ള ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി ഹൈക്കോടതി. ഇരുവരുടേയും കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് വിശദീകരണം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തിയത് അദ്ദേഹത്തിന്റെ മകളുടെ കല്യാണം ക്ഷണിക്കാനാണെന്നും, വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും ഹൈക്കോടതി പുറത്തുവിട്ട പ്രസ് റിലീസില്‍ പറയുന്നു.

‘ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ കുറിച്ച് തെറ്റായ ധാരണകളോടെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടു.

പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. വസ്തുത എന്താണെന്ന് തിരക്കാതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയായ മാധ്യമപ്രവര്‍ത്തന രീതിയല്ല.

ബഹുമാന്യനായ ചീഫ് ജസ്റ്റിസ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് തന്റെ മകളുടെ വിവാഹം ക്ഷണിക്കാനാണ്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ ഹൈക്കോടതി അസന്തുഷ്ടമാണ്,’ പ്രസ് റിലീസില്‍ വ്യക്തമാക്കുന്നു.

എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഡ്വക്കേറ്റ് സൈബി ജോസിനെതിരായ കേസിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച എന്നും പ്രചരിച്ചിരുന്നു.

Content Highlight: Highcourt says that meeting of Chief minister and chief justice was for personal