എഡിറ്റര്‍
എഡിറ്റര്‍
താങ്കള്‍ ഒരു സ്ത്രീ തന്നെയാണോ; പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തേക്കാള്‍ പ്രധാനം വന്ദേമാതരമാണെന്ന് പറഞ്ഞ ചാനല്‍ അവതാരികക്കെതിരെ ആഞ്ഞടിച്ച് സൈബര്‍ ലോകം
എഡിറ്റര്‍
Saturday 12th August 2017 1:40pm

ഖോരക്പൂര്‍: ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 63 പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെട്ട വാര്‍ത്തയേക്കാള്‍ പ്രാധാന്യം വന്ദേമാതരത്തിനാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ ടൈംസ് നൗ അവതാരിക നവിക കുമാറിനെതിരെയും ആഞ്ഞടിച്ച് ട്വിറ്റര്‍ ലോകം.

പിഞ്ചുകുഞ്ഞുങ്ങളെ ദാരുണമായ മരണത്തിലും താങ്കള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ പ്രതികരിക്കാനാകുന്നെന്നും താങ്കള്‍ ഒരു മാധ്യമപ്രവര്‍ത്തകയും സ്ത്രീയുമാണോയെന്നുമാണ് ചിലരുടെ ചോദ്യം.


Dont Miss പോര്‍ച്ചുഗല്‍ കാട്ടുതീ ദുരന്തത്തെ അനുശോചിച്ച താങ്കള്‍ എന്തുകൊണ്ട് 63 പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തില്‍ ഒരുവാക്ക് മിണ്ടിയില്ല; മോദിയെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ


നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മരിക്കാന്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമല്ലാതെ മറ്റേതെങ്കിലും സ്ഥലം കിട്ടിയില്ലേ എന്നുപോലും ആ രക്ഷിതാക്കളോട് നവിക കുമാര്‍ ചോദിച്ചുകളയുമോ എന്നാണ് താന്‍ ഭയപ്പെടുന്നതെന്നും മറ്റൊരാള്‍ പറയുന്നു.

ഖോരക്പൂരിലെ അപകടത്തെ കുറിച്ച് പറഞ്ഞ് ജനങ്ങളെ പരിഭ്രാന്തരാക്കേണ്ടെന്ന് പറഞ്ഞ് വന്ദേമാതരം ചര്‍ച്ച ചെയ്യാനുള്ള നിലയിലേക്കാണ് മാധ്യമങ്ങളുടെ പോക്കെങ്കില്‍ അവരെ രക്ഷിക്കാന്‍ ദൈവത്തിന് പോലും കഴിയില്ലെന്നാണ് മറ്റുചിലരുടെ പ്രതികരണം.

ചാനല്‍ സംവാദത്തിനിടെ യു.പിയില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ച വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തക നിലപാട് വ്യക്തമാക്കിയത്.

‘ഇവിടെ യഥാര്‍ത്ഥ വിഷയം വന്ദേമാതരമാണ്. ചര്‍ച്ച ചെയ്യുന്നത് വന്ദേമാതരത്തെക്കുറിച്ചാണ്. നിങ്ങള്‍ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കുകയാണ്.’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ പരാമര്‍ശം.

‘എന്തുകൊണ്ട് മദ്രസകളിലെ സ്വാതന്ത്ര്യദിന ആഘോഷം വീഡിയോയില്‍ പകര്‍ത്തിക്കൂടാ’ എന്ന വിഷയത്തിലായിരുന്നു ടൈംസ് നൗ ചര്‍ച്ച സംഘടിപ്പിച്ചത്.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയിലാണ് 48 മണിക്കൂറിനിടെ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത്. ആശുപത്രിക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഓക്സിജന്‍ കമ്പനിക്ക് 66ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഓക്സിജന്‍ വിതരണം ചെയ്യാതിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അതിനേക്കാള്‍ വലുത് മദ്രസകളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ വന്ദേമാതരം പാടുന്നുണ്ടോ എന്നതാണ് എന്ന തരത്തില്‍ പ്രതികരിച്ചത്.

Advertisement