എഡിറ്റര്‍
എഡിറ്റര്‍
പോര്‍ച്ചുഗല്‍ കാട്ടുതീ ദുരന്തത്തെ അനുശോചിച്ച താങ്കള്‍ എന്തുകൊണ്ട് 63 പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തില്‍ ഒരുവാക്ക് മിണ്ടിയില്ല; മോദിയെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Saturday 12th August 2017 1:21pm

ലഖ്‌നൗ: ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 63 പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെട്ടിട്ടും വിഷയത്തില്‍ ഒരു അനുശോചന കുറിപ്പു പോലും പുറത്തിറക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ.

വേണ്ടതിനും വേണ്ടാത്തതിനും ട്വീറ്റിടുന്ന മോദി പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണാന്ത്യത്തില്‍ അനുശോചിക്കാന്‍ പോലും തയ്യാറാകാത്തത് തങ്ങളെ ഭയപ്പെടുത്തുന്നുവെന്നാണ് ട്വിറ്റര്‍ ലോകം പറയുന്നത്.

മറ്റ് രാജ്യങ്ങളില്‍ എന്തെങ്കിലും ദുരന്തമുണ്ടാകുമ്പോള്‍ അതിവേഗത്തില്‍ ട്വീറ്റിടുന്ന മോദി ബി.ജെ.പി ഭരണമല്ലാത്ത സംസ്ഥാനത്തായിരുന്നു ഇത് സംഭവിച്ചതെങ്കില്‍ ട്വീറ്റ് ചെയ്‌തേനെയെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

പോര്‍ച്ചുഗല്‍ കാട്ടുതീയില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത ദു:ഖകരമാണെന്നും അവരുടെ വിഷമത്തില്‍ താനും പങ്കുചേരുന്നെന്നും പറഞ്ഞ് ജൂണ്‍ 18 ന് മോദി ഇട്ട ട്വീറ്റാണ് ചിലര്‍ ഇപ്പോള്‍ ഷെയര്‍ ചെയ്യുന്നത്.

2015 ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെ ഗജേന്ദ്രസിങ് എന്നയാള്‍ ജീവനൊടുക്കിയപ്പോള്‍ ദു;ഖം രേഖപ്പെടുത്തിക്കൊണ്ടുള്ള മോദിയുടെ ട്വിറ്റും മോദി അധികാരത്തിലെത്തുന്നതിന് മുന്‍പ് കര്‍ഷക ആത്മഹത്യയില്‍ ദു:ഖം രേഖപ്പെടുത്തിക്കൊണ്ടുള്ള പഴയ ട്വീറ്റുകളുമാണ് ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാകുന്നത്.

കൊല്‍ക്കത്തയില്‍ കഴിഞ്ഞ വര്‍ഷം ഫ്‌ലൈ ഓവര്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്താത്ത മോദി ഗജേന്ദ്രസിങ്ങിന്റെ മരണത്തില്‍ അനുശോചിക്കാനെത്തിയത് വെറും രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി മാത്രമാണെന്നും ചിലര്‍ പ്രതികരിക്കുന്നു.

17 മണിക്കൂര്‍ മുന്‍പ് വരെ താങ്കള്‍ ട്വിറ്ററില്‍ ഉണ്ടായിരുന്നു. എന്നിട്ടും ആ കുഞ്ഞുങ്ങളുടെ മരണത്തില്‍ ഒരുവാക്ക് പറയാന്‍ താങ്കള്‍ക്ക് തോന്നിയില്ലല്ലോയെന്നും ചിലര്‍ ചോദിക്കുന്നു.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയിലാണ് 48 മണിക്കൂറിനിടെ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത്. ആശുപത്രിക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഓക്സിജന്‍ കമ്പനിക്ക് 66ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഓക്സിജന്‍ വിതരണം ചെയ്യാതിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

Advertisement