അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; വെടിവെച്ചത് 15കാരന്‍
World News
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; വെടിവെച്ചത് 15കാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st December 2021, 7:37 am

വാഷിംഗ്ടണ്‍: അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റിലെ ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു.

15കാരനായ വിദ്യാര്‍ഥി സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം നടന്നത്. ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. 16 വയസുള്ള ആണ്‍കുട്ടിയും 14ഉം 17ഉം വയസും പ്രായമുള്ള പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റവരില്‍ ആറു പേരുടെ നില തൃപ്തികരമാണ്. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്നും തോക്കും കണ്ടെടുത്തു. 15 മുതല്‍ 20 തവണ പ്രതി വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം മലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വെടിയേറ്റു മരിച്ചിരുന്നു. അലബാമയിലെ മോണ്ട് ഗോമറിയില്‍ തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു(19)വാണ് വെടിയേറ്റ് മരിച്ചത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന സൂസന് നേരെ മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ സീലിങ് തുളച്ച് ശരീരത്തില്‍ പതിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: 3 Students Killed in Michigan High School Shooting