'ആശയങ്ങളുടെ ആഘോഷം വീണ്ടും കോഴിക്കോട്ടെത്തുന്നു'; ഈ മാസം 18-ന് നടക്കുന്ന 'ബാര്‍ക്യാമ്പി'ന്റെ വിശേഷങ്ങള്‍ അറിയാം
BarCamp
'ആശയങ്ങളുടെ ആഘോഷം വീണ്ടും കോഴിക്കോട്ടെത്തുന്നു'; ഈ മാസം 18-ന് നടക്കുന്ന 'ബാര്‍ക്യാമ്പി'ന്റെ വിശേഷങ്ങള്‍ അറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th March 2018, 7:49 pm

കോഴിക്കോട്: “ബാര്‍ക്യാമ്പ്” – മലയാളികള്‍ അടുത്തിടെ മാത്രം കേട്ടു തുടങ്ങിയ വാക്കാണ് ഇത്. കേള്‍ക്കുമ്പോള്‍ തന്നെ പലരുടേയും നെറ്റി ചുളിപ്പിക്കുമെങ്കിലും ബാറുമായോ മദ്യപാനവുമായോ യാതൊരു ബന്ധവുമില്ല ഈ ക്യാമ്പിന്! ഒറ്റവരിയില്‍ പറയുകയാണെങ്കില്‍ ആശയങ്ങളുടെ ആഘോഷമാണ് ഓരോ ബാര്‍ക്യാമ്പും.

കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടെ 19 ബാര്‍ക്യാമ്പുകളാണ് കേരളത്തില്‍ നടന്നത്. എന്നാല്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇന്നും അജ്ഞാതമാണ് ഈ പരിപാടി. ഇപ്പോഴിതാ, രുചിവൈവിധ്യങ്ങളാലും സഹൃദയരാലും സമ്പന്നമായ കോഴിക്കോട്ടേക്ക് വീണ്ടും ബാര്‍ക്യാമ്പ് എത്തുകയാണ്.


Also Read: ശുഹൈബ് വധക്കേസിലെ സി.ബി.ഐ അന്വേഷണം; കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്ത്യമോ? ഡൂള്‍ന്യൂസ് പ്രത്യേക റിപ്പോര്‍ട്ട് വായിക്കാം.


ഈ മാസം 18-നാണ് “ബാര്‍ക്യാമ്പ് കേരള”യുടെ 20-ാമത് പതിപ്പ് കോഴിക്കോട് നടക്കുന്നത്. തൊണ്ടയാടിനു സമീപം പാലാഴിയിലെ ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ രാവിലെ ഒന്‍പതു മണി മുതല്‍ ബാര്‍ക്യാമ്പ് ആരംഭിക്കും. സ്വയം സന്നദ്ധരായ ഒരുകൂട്ടം യുവാക്കളും ടെക്കികളുമാണ് ബാര്‍ക്യാമ്പുകളുടെ സംഘാടകര്‍. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സഹകരണത്തോടെയാണ് ബാര്‍ക്യാമ്പ് നടത്തുന്നത്.

എന്താണ് ബാര്‍ക്യാമ്പ്?

ഇന്നും ഭൂരിഭാഗം പേര്‍ക്കും അറിയില്ല എന്താണ് ബാര്‍ക്യാമ്പ് എന്നും എന്തെല്ലാമാണ് ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്നും. മുന്‍പ് പറഞ്ഞതു പോലെ ആശയങ്ങളുടെ ആഘോഷം തന്നെയാണ് ബാര്‍ക്യാമ്പ്. എന്നാല്‍ പരമ്പരാഗതമായി നമ്മള്‍ കണ്ടുശീലിച്ച പരിപാടികളില്‍ നിന്ന് ഏറെ വ്യത്യസ്തവുമാണ് ഇത്.

വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ ബാര്‍ക്യാമ്പില്‍ ഒത്തുകൂടും. ഇവരുടെ നവീനമായ ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം ബാര്‍ക്യാമ്പിലെ അംഗങ്ങളുമായി പങ്കുവെയ്ക്കും. ഇതാണ് അടിസ്ഥാനപരമായി ബാര്‍ക്യാമ്പ്. മറ്റു പരിപാടികളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇവിടെ ആശയങ്ങളുടെ പ്രസരണം നടക്കുന്നത്. ലോകമെമ്പാടും ഇത്തരം ബാര്‍ക്യാമ്പുകള്‍ നടക്കുന്നു.

ബാര്‍ക്യാമ്പിലെത്തുന്ന ഓരോരുത്തരും ഒരേസമയം കേള്‍വിക്കാരും ക്ലാസുകള്‍ നയിക്കുന്നവരുമായിരിക്കും എന്നതാണ് ബാര്‍ക്യാമ്പുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഔപചാരികതയുടെ കെട്ടുപാടുകള്‍ ഇല്ലാതെയുള്ള പരിപാടിയായതിനാല്‍ തന്നെ സങ്കോചമേതുമില്ലാതെ അംഗങ്ങള്‍ക്ക് ബാര്‍ക്യാമ്പില്‍ പങ്കെടുക്കാം.


Don”t Miss: ‘മോളെ എനിക്കൊന്നു മോഹന്‍ലാലിനെ കാണണം’; മോഹന്‍ലാല്‍ ആരാധികയായ വീട്ടമ്മയ്ക്ക് മകള്‍ നല്‍കിയ സര്‍പ്രൈസ്: വീഡിയോ വൈറല്‍ (Video)


“ഓപ്പണ്‍ അണ്‍കോണ്‍ഫറന്‍സ്” (Open Unconference) ആണ് ബാര്‍ക്യാമ്പുകള്‍. അതായത് നേരത്തേ പറഞ്ഞതു പോലെ ഔപചാരികതകള്‍ക്ക് ഇവിടെ സ്ഥാനമില്ല. പ്രായഭേദമില്ലാതെ ആര്‍ക്കും ബാര്‍ക്യാമ്പില്‍ പങ്കെടുക്കാം. എപ്പോള്‍ വേണമെങ്കിലും വരികയോ പോകുകയോ ചെയ്യാം. പ്രവേശനം സൗജന്യമാണ്. 10 മിനുറ്റു മുതല്‍ അരമണിക്കൂര്‍ വരെ ഓരോരുത്തര്‍ക്കും അവരവരുടെ വിഷയത്തില്‍ സംസാരിക്കാം.

ഒരു പകല്‍ നീളുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തുല്യമായ അവസരങ്ങളാണ് ലഭിക്കുക. പുതിയ സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങള്‍ തുറന്നു പറയാനും ഇതിന്‍മേല്‍ ചര്‍ച്ചകള്‍ നടത്താനും ബാര്‍ക്യാമ്പ് അംഗങ്ങള്‍ക്കു കഴിയും. ബാര്‍ക്യാമ്പിന്റെ ഉപോല്‍പ്പന്നമെന്ന നിലയിലാണ് ഭാവിയിലെ പല സ്റ്റാര്‍ട്ട് അപ്പുകളും പ്രാവര്‍ത്തികമാകുക.

2005-ല്‍ കാലിഫോര്‍ണിയയിലാണ് ബാര്‍ക്യാമ്പ് ആരംഭിക്കുന്നത്. വെബ് ആപ്ലിക്കേഷന്‍, ഓപ്പണ്‍ സോഴ്‌സ്, ടെക്‌നോളജി എന്നീ വിഷയങ്ങളാണ് ആ ബാര്‍ക്യാമ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. കൂടുതലായും സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയാണ് ബാര്‍ക്യാമ്പുകള്‍ ലക്ഷ്യം വെയ്ക്കുന്നത്.

എന്നാല്‍ കേരളത്തിലെ ബാര്‍ക്യാമ്പുകളില്‍ ഇവയ്ക്കു പുറമെ വിനോദം മുതല്‍ സാമൂഹ്യ വിഷയങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്നു. 2007-ലാണ് കേരളത്തില്‍ ആദ്യമായി ബാര്‍ക്യാമ്പ് നടക്കുന്നത്. പല കമ്പനികളുടേയും ജനനം പോലും ബാര്‍ക്യാമ്പുകളില്‍ നിന്നായിരുന്നു എന്നറിയുമ്പോഴാണ് ബാര്‍ക്യാമ്പുകളുടെ സാധ്യത മനസിലാകുന്നത്.


Also Read: ബാഹുബലിയും പല്‍വാര്‍ ദേവനും വ്യത്യസ്തനാവുന്നു; മോഡേണായ ബാഹുബലി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു


19-ാമത് ബാര്‍ക്യാമ്പ് തിരുവനന്തപുരത്താണ് നടന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഒന്നിനായിരുന്നു ഇത്. കോഴിക്കോട് നടക്കുന്ന ബാര്‍ക്യാമ്പില്‍ 250 പേര്‍ പങ്കെടുക്കുക എന്നാണ് കണക്കാക്കുന്നത്.

കോഴിക്കോട് നടക്കുന്ന ബാര്‍ക്യാമ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് പ്രവേശനം സൗജന്യമാണ്. “ഡി ഡബിള്‍ ഐ” (D.I.I – ഡിജിറ്റല്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ഇന്ത്യ) എന്ന കോഴിക്കോട്ടെ സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയാണ് 20-ാമത് ബാര്‍ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ബാര്‍ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. www.barcampkerala.org എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷന്‍. പേര്, പങ്കെടുക്കുന്നയാളെ കുറിച്ചുള്ള ചെറുവിവരണം, വെബ്‌സൈറ്റ് വിലാസം, ഇ മെയില്‍ വിലാസം, ഫോണ്‍നമ്പര്‍, 150 x 150 പിക്‌സല്‍ വലിപ്പത്തിലുള്ള ചിത്രം എന്നിവ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ബാര്‍ക്യാമ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് +919048333535 എന്ന നമ്പറില്‍ ബന്ധപ്പെടാം.

കോഴിക്കോട്ടെ ബാര്‍ക്യാമ്പിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ വീഡിയോ കാണാം: