ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ചാണ് ഇന്ത്യയും പാകിസ്ഥാനും മൂന്നാം അങ്കത്തിനിറങ്ങുന്നത്. ഈ മത്സരം വിജയിക്കുന്ന ടീമിന് സൂപ്പര്‍ 8ന് യോഗ്യത നേടാം.
പ്രേമദാസ സ്റ്റേഡിയത്തില്‍ പുതുതായി നിര്‍മിച്ച വേഗം കുറഞ്ഞ പിച്ചിലാകും മത്സരം അരങ്ങേറുക. സ്പിന്‍ ബൗളര്‍മാകരെ കളത്തിലിറക്കി ഇന്ത്യയ്‌ക്കെതിരെ കളം പിടിക്കാന്‍ തന്നെയാകും പാകിസ്ഥാന്‍ പദ്ധതിയിടുന്നത്. ഉസ്മാന്‍ താരിഖ് തന്നെയായിരിക്കും പാകിസ്ഥാന്റെ തുറുപ്പുചീട്ട്.
എന്നാല്‍ പാകിസ്ഥാന്റെ സ്പിന്നിന് സ്പിന്‍ കരുത്ത് കൊണ്ട് തന്നെ മറുപടി നല്‍കാനും ഇന്ത്യയ്ക്ക് സാധിക്കും. നിലവിലെ ലോക ഒന്നാം നമ്പര്‍ ടി-20 ബൗളറും ലെഗ് ബ്രേക്കറുമായ വരുണ്‍ ചക്രവര്‍ത്തിയാണ് പാകിസ്ഥാനുള്ള ഇന്ത്യയുടെ മറുപടി.
വരുണ്‍ ചക്രവര്‍ത്തി. Photo: BCCI
2021ലാണ് വരുണ്‍ ചക്രവര്‍ത്തി തന്റെ ആദ്യ ടി-20 ലോകകപ്പിനിറങ്ങിയത്. സൂപ്പര്‍ 12ല്‍ പാകിസ്ഥാനായിരുന്നു എതിരാളികള്‍. അന്ന് ടി-20 ലോകകപ്പിലാദ്യമായി ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമക്കിയത്. അന്ന് ഐ.സി.സി ടി-20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 151ാമനായിരുന്ന ചക്രവര്‍ത്തി നാല് ഓവര്‍ പന്തെറിഞ്ഞ് 33 റണ്‍സാണ് വിട്ടുകൊടുത്തത്.
2021 ലോകകപ്പിലെ നിരാശ
എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു വരുണ്‍ ചക്രവര്‍ത്തിയെയാകും പാകിസ്ഥാന് നേരിടാനുണ്ടാവുക.
ഇന്ത്യയ്ക്കായി 36 ഇന്നിങ്‌സില്‍ പന്തെടുത്ത താരം 63 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 15.19 എന്ന ശരാശരിയിലും 7.06 എന്ന എക്കോണമിയിലും പന്തെറിയുന്ന വരുണിന് 12.9 എന്ന സ്‌ട്രൈക് റേറ്റുമുണ്ട്.
അന്താരാഷ്ട്ര ടി-20 കരിയിറില്‍ ഒരു തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ചക്രവര്‍ത്തി രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 5/17 ആണ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം.
വരുണ്‍ ചക്രവര്‍ത്തി. Photo: BCCI
ലോകകപ്പിലെ രണ്ട് മത്സരത്തില്‍ നിന്നുമായി നാല് വിക്കറ്റുകളാണ് വരുണ്‍ ചക്രവര്‍ത്തി സ്വന്തമാക്കിയത്.