എക്സിറ്റ് പോളുകളില്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം. 70 അംഗ നിയമസഭയിലേക്കാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. നിലവിലെ ഭരണകക്ഷിയായ ആം ആദ്മി 62 സീറ്റുമായാണ് അധികാരം തുടരുന്നത്.
ദല്‍ഹിയില്‍ 51 മുതല്‍ 60 സീറ്റ് വരെ നേടാന്‍ സാധ്യതയെന്നാണ് പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി 10 മുതല്‍ 19 വരെ സീറ്റിലേക്ക് ഒതുങ്ങുമെന്നും പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് സീറ്റുകള്‍ ഒന്നും തന്നെ ലഭിക്കില്ലെന്നും പി.പി പറയുന്നു.
ജെ.വി.സി ഏജന്‍സിയുടെ പ്രവചനം അനുസരിച്ച്, ബി.ജെ.പി 39 മുതല്‍ 45 വരെ സീറ്റുകള്‍ നേടുകയും ആം ആദ്മി പാര്‍ട്ടി 22-31ലേക്ക് ഒതുങ്ങുകയും ചെയ്യും. കോണ്‍ഗ്രസ് രണ്ട് സീറ്റ് നേടുമെന്നും ജെ.വി.സി പറയുന്നു.
ദല്‍ഹിയില്‍ ബി.ജെ.പി 40 വരെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്നാണ് മാട്രിസ് പ്രവചിക്കുന്നത്. എ.എ.പി 37 സീറ്റുകള്‍ വരെ നേടുമെന്നും മാട്രിസ് പറയുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ സാധ്യതയെന്നും മാട്രിസ് പ്രവചിക്കുന്നു.
ബി.ജെ.പി 39 മുതല്‍ 49 സീറ്റ് വരെ നേടുമെന്നാണ് പി മാര്‍ക്കിന്റെ പ്രവചനം. എ.എ.പി 30 സീറ്റില്‍ ഒതുങ്ങാന്‍ സാധ്യതയെന്നും പി മാര്‍ക്ക് പറയുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ സാധ്യതയെന്നും പ്രവചനമുണ്ട്.
അതേസമയം വീ പ്രിസൈഡ് പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലത്തില്‍ ആം ആദ്മിക്കാണ് മുന്‍തൂക്കം. എ.എ.പി 46 മുതല്‍ 52 സീറ്റ് വരെ നേടി ഭരണം നിലനിര്‍ത്തുമെന്നാണ് വീ പ്രിസൈഡ് പറയുന്നത്. ബി.ജെ.പി 18 മുതല്‍ 23 സീറ്റ് വരെ നേടാനും കോണ്‍ഗ്രസ് ഒരു സീറ്റ് നേടുമെന്നും പോള്‍ ഫലം പറയുന്നു.
ഇതിനിടെ എകിസ്റ്റ് പോളുകള്‍ തള്ളി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തെത്തി. വസ്തുത അകലെയാണെന്നും എ.എ.പി പറഞ്ഞു. എന്നാല്‍ ആത്മവിശ്വാസമുണ്ടെന്ന് ബി.ജെ.പിയും നില മെച്ചപ്പെടുത്തുമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.
വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച്, ദല്‍ഹിയില്‍ 57.78 ശതമാനം പോളിങ് രേഖപ്പെടുത്തി. മുസ്തഫാബാദിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്, 66.68 ശതമാനം.