ഗുജറാത്തിൽ ​ഗെയിമിങ് സെന്ററിൽ തീപിടിത്തം; 20 പേർ മരിച്ചു
national news
ഗുജറാത്തിൽ ​ഗെയിമിങ് സെന്ററിൽ തീപിടിത്തം; 20 പേർ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2024, 9:31 pm

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 20 പേര്‍ മരണപെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തീപിടിത്തത്തില്‍ കെട്ടിടത്തിനകത്ത് നിരവധി ആളുകള്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടി.ആര്‍.പി ഗെയിമിങ് ഏരിയയിലെ താത്ക്കാലിക കെട്ടിടത്തിലാണ് തീ പിടിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെ ഗെയിമിങ് പ്രവർത്തനങ്ങൾക്കായുള്ള ഫൈബർ ഡോമിൽ തീപിടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ രാജ്‌കോട്ട് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 15 കുട്ടികളെ ദൗത്യസംഘം രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

തീപിടിത്തത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ അടിയന്തര രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്താൻ മുൻസിപ്പിൽ കോർപറേഷന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.

ഗെയിമിങ് സെന്റര്‍ ഉടമ യുവരാജ് സിങ് സോളങ്കിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. വേനല്‍ അവധിയായതിനാല്‍ നിരവധി ആളുകള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.  തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Content Highlight: 20 people died in a fire at a gaming center in Rajkot, Gujarat