ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍
kERALA NEWS
ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2019, 10:29 pm

കൊല്ലം: ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ബിബിന്‍, അനന്തു എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കൊല്ലം ഓച്ചിറയില്‍ ഇന്നലെ രാത്രിയായിരുന്നു മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പതിമൂന്നുകാരിയെ നാലംഗസംഘം തട്ടികൊണ്ടു പോയത്.

രാജസ്ഥാന്‍ സ്വദേശികളാണ് മാതാപിതാക്കള്‍. ഇവിടെ വഴിയോരക്കച്ചവടം നടത്തിവരികയാണ്.

ALSO READ: വിദ്യാര്‍ത്ഥിയ്‌ക്കെതിരെ ലൈംഗികാതിക്രമം; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. അവിടെ കയറിയാണ് മകളെ തട്ടികൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.

സംഭവം നടന്നയുടനെ പൊലീസില്‍ അറിയിച്ചിരുന്നു. പ്രതികളെ പിടികൂടാത്ത പശ്ചാത്തലത്തില്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നാട്ടുകാരുടെയും മറ്റും പ്രതിഷേധം നടത്തിയിരുന്നു.

ഇതിന് മുന്‍പും ചിലര്‍ തങ്ങളെയും മകളെയും ശല്യപ്പെടുത്തുന്നുണ്ടെന്ന് കാണിച്ച് ഇവര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. മര്‍ദ്ദനമേറ്റ മാതാപിതാക്കള്‍ കരുനാഗപ്പള്ളി ആശുപത്രിയില്‍ ചികിത്സ തേടി.