നേതാക്കള്‍ ഇനി ജാതിപ്പേര് വാലായി ഉപയോഗിക്കരുത്; സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ 12-ാം പാര്‍ട്ടി കോണ്‍ഗ്രസ്
Kerala News
നേതാക്കള്‍ ഇനി ജാതിപ്പേര് വാലായി ഉപയോഗിക്കരുത്; സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ 12-ാം പാര്‍ട്ടി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th September 2022, 4:57 pm

കോഴിക്കോട്: കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ജാതിപ്പേരുകള്‍ പേരില്‍ വാലായി ഉപയോഗിക്കരുതെന്ന് സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാറിന്റെ 12-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. പുതിയ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഇത് നടപ്പിലാക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കോഴിക്കോട്ട് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ധാരണയായി.

കോഴിക്കോട് എസ്.കെ പൊറ്റക്കാട് സാംസ്‌കാരിക നിലയത്തില്‍ സെപ്തംബര്‍ 25 മുതല്‍ 29 വരെയാണ് 12-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.

രാജ്യത്തെ അതീവ ഗുരുതരാവസ്ഥയിലെത്തിച്ചിരിക്കുന്ന ആര്‍.എസ്.എസ്- ബി.ജെ.പി നവഫാസിസ്റ്റ് ഭരണത്തെ തൂത്തെറിയുന്നതിനായി മുഴുവന്‍ ജനാധിപത്യ ശക്തികളേയും ഫാസിസ്റ്റ് വിരുദ്ധ പാര്‍ട്ടികളേയും ഐക്യപ്പെടുത്തേണ്ടതുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.എന്‍. രാമചന്ദ്രന്‍ പറഞ്ഞു.

വിശാലമായ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതോടൊപ്പം അതിനായുള്ള ഇടതുപക്ഷ രാഷ്ട്രീയ മുന്‍കൈ ശക്തിപ്പെടുത്തുന്നതിന് വിപ്ലവ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യവും ഏകീകരണവും അത്യന്താപേക്ഷികമാണെന്നും അദ്ദേഹം പറഞ്ഞു.

ജാതിവ്യവസ്ഥയെ തകര്‍ക്കുന്നതിനും പരിസ്ഥിതി സൗഹാര്‍ദമായ ബദല്‍ വികസന പരിപ്രേക്ഷ്യത്തിലും
ലിംഗസമത്വത്തിലധിഷ്ടിതവുമായ ജനാധിപത്യ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സോഷ്യലിസത്തിലേക്ക് മുന്നേറുന്നതിനും പ്രാപ്തമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഐക്യവും ഏകീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

18 സംസ്ഥാനങ്ങളില്‍ നിന്നായി സംസ്ഥാന സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളും ദേശീയ-സാര്‍വദേശീയ സഹോദര പാര്‍ട്ടി പ്രതിനിധികളും നിരീക്ഷകരുമായി 350 ഓളം പേര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.

സെപ്റ്റംബര്‍ 29ന് പുതിയ കേന്ദ്രകമ്മിറ്റിയേയും കേന്ദ്ര കണ്ട്രോള്‍ കമ്മീഷനേയും പുതിയ ജനറല്‍ സെക്രട്ടറിയേയും തെരഞ്ഞെടുക്കും.