ബലാത്സംഗത്തിനിരയായ 11 വയസുകാരിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ സൗജന്യ വിദ്യാഭ്യാസം നല്‍കണം: രാജസ്ഥാന്‍ ഹൈക്കോടതി
national news
ബലാത്സംഗത്തിനിരയായ 11 വയസുകാരിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ സൗജന്യ വിദ്യാഭ്യാസം നല്‍കണം: രാജസ്ഥാന്‍ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th May 2025, 11:49 am

ജയ്പൂര്‍: ബലാത്സംഗത്തിനിരയായ 11 വയസുകാരിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ഉത്തരവിട്ട് രാജസ്ഥാന്‍ ഹൈക്കോടതി. ഗാന്ധിനഗറില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലിക ഗ്രഹത്തിലെ സൂപ്രണ്ട് നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്.

പെണ്‍കുട്ടിയുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്‌കൂള്‍ പ്രവേശനം അനുവദിച്ചതിന് ശേഷം ബാലികാ ഗ്രഹ സൂപ്രണ്ട്, പൊലീസ് സൂപ്രണ്ട്, ജയ്പൂര്‍ ജില്ലാ ഭരണകൂടം, ശിശു സംരക്ഷണ ഓഫീസര്‍ എന്നിവർ നടപടിയുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെ പെണ്‍കുട്ടിക്ക് മൂന്നാം ക്ലാസില്‍ സൗജന്യ പ്രവേശനം അനുവദിച്ചു.

1875ലെ ഇന്ത്യന്‍ ഭൂരിപക്ഷ നിയമപ്രകാരം 18 വയസ് പ്രായപൂര്‍ത്തിയാകുന്നതുവരെ താമസം, വൈദ്യസഹായം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെയുള്ള സമഗ്ര പരിചരണവും പിന്തുണയും പെണ്‍കുട്ടിക്ക് നല്‍കണമെന്നാണ് കോടതി ഉത്തരവ്. ഇന്ത്യയിലെ ഓരോ പെണ്‍കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി പറഞ്ഞു.

ഏപ്രില്‍ 15നാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജയ്പൂര്‍ ബെഞ്ച് ഈ സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം ലഭിച്ചതോടെയാണ് പ്രസ്തുത വിധി ശ്രദ്ധിക്കപ്പെടുന്നത്. ജസ്റ്റിസ് അനൂപ് കുമാര്‍ ദണ്ഡിന്റേതായിരുന്നു ഉത്തരവ്.

2024 നവംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവിനുള്ളില്‍ പെണ്‍കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച് രാജസ്ഥാന്‍ ഹൈക്കോടതിക്ക് മൂന്ന് കത്തുകളാണ് ലഭിച്ചത്.

തുടര്‍ന്ന് ഈ കത്തുകള്‍ പരിഗണിച്ച കോടതി, ആറ് മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായി ഭരണഘടന ഉറപ്പുനല്‍കുന്നതാണെന്നും പറഞ്ഞു. തൃപ്തികരവും തുല്യവുമായ ഗുണനിലവാരമുള്ള മുഴുവന്‍ സമയ പ്രാഥമിക വിദ്യാഭ്യാസത്തിന് ഓരോ കുട്ടിക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

2024 ജനുവരി 17ന് വിചാരണ കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2024 ജനുവരി 19നാണ് പെണ്‍കുട്ടിയെ ബാലികാ ഗ്രഹില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിക്ക് പോഷകാഹാരം, ചികിത്സ, വിദ്യാഭ്യാസം എന്നിവ നല്‍കണമെന്ന് ഈ ഉത്തരവിലും നിര്‍ദേശിച്ചിരുന്നു. കുട്ടിയുടെ കുടുംബപശ്ചാത്തലം പരിശോധിച്ച ശേഷമായിരുന്നു കോടതി ഉത്തരവ്.

Content Highlight: 11-year-old victim should be given free education till she reaches adulthood: Rajasthan High Court