റയലിന് 'ഇഞ്ചുറി'; തോല്‍വിക്ക് പിന്നാലെ ആശങ്കകളേറുന്നു!
Football
റയലിന് 'ഇഞ്ചുറി'; തോല്‍വിക്ക് പിന്നാലെ ആശങ്കകളേറുന്നു!
ഫസീഹ പി.സി.
Tuesday, 3rd March 2026, 10:14 pm

ലാലിഗയില്‍ ഗെറ്റാഫയോട് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എതിരാളില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ തോല്‍വി. മാര്‍ട്ടിന്‍ സട്രിയാനോയുടെ ഗോളിന്റെ കരുത്തിലാണ് ഗെറ്റാഫെ ലോസ് ബ്ലാങ്കോസിനെ തകര്‍ത്തെറിഞ്ഞ് മൂന്ന് പോയിന്റുകളും സ്വന്തമാക്കിയത്.

തോല്‍വിയോടെ റയലിന് പോയിന്റ് ടേബിളില്‍ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഒന്നാമതുള്ള തങ്ങളുടെ ചിര വൈരികളായ ബാഴ്സലോണയുമായി പോയിന്റ് വ്യത്യാസം നാലായി വര്‍ധിച്ചിരിക്കുക. തോല്‍വിക്കും പോയിന്റ് നഷ്ടത്തിനും പുറമെ വലിയ തലവേദനയാണ് ടീമിന് ഇപ്പോഴുള്ളത്.

റോഡ്രിഗോ. Photo: Samuel Ferky Ferisals/x.com

ഗെറ്റാഫയുമായുള്ള മത്സരത്തിനിടെ റയല്‍ വിങ്ങര്‍ റോഡ്രിഗോയ്ക്ക് പരിക്കേറ്റിരുന്നു. പകരക്കാരനായി എത്തിയ താരം കളത്തില്‍ തുടര്‍ന്നെങ്കിലും ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കജനകമാണ്. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിന് ആറ് മാസം വിശ്രമം വേണമെന്നാണ് വിവരം. അതിനാല്‍ ബ്രസീലിയന്‍ താരത്തിന് റയലിന്റെ അടുത്ത മത്സരങ്ങളും 2026 ഫിഫ ലോകകപ്പും നഷ്ടമായേക്കും.

റോഡ്രിഗോയുടെ പരിക്ക് വലിയ തലവേദനയാണ് റയലിന് സൃഷ്ടിക്കുന്നത്. വിങ്ങര്‍ കൂടെ പുറത്തായതോടെ ടീമിലെ ഏഴാമത്തെ താരമാണ് പരിക്കേറ്റ് പുറത്താകുന്നത്. നിലവില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്കും പരിക്കുണ്ട്. താരത്തിന് കാൽ മുട്ടിനാണ് പരിക്കുള്ളത്.

കിലിയന്‍ എംബാപ്പെ. Photo: MadirdXtra/x.com

കൂടാതെ, ജൂഡ് ബെല്ലിങ്ഹാം, എഡര്‍ മിലിറ്റാവോ, ഡാനി സെബാലോസ്, റൗള്‍ അസെന്‍സിയോ ഡേവിഡ് അലബയും പരിക്കിന്റെ പിടിയിലാണ്. ഇവര്‍ക്ക് പുറമെ അടുത്ത മത്സരത്തില്‍ മൂന്ന് താരങ്ങളെ കൂടി റയലിന് നഷ്ടമാവും.

ഡീന്‍ ഹുയിസെന്‍, അല്‍വാരോ കരേരസ്, ഫ്രാങ്കോ മസ്താന്റുവോനോ എന്നിവര്‍ക്കാണ് റയലിന്റെ അടുത്ത മത്സരങ്ങള്‍ നഷ്ടമാവുക. ഹുയിസെനും കരേരസിനും യെല്ലോ കാര്‍ഡ് വിനയായത്. മസ്താന്റുവോനോയ്ക്ക് ഗെറ്റാഫെക്ക് എതിരെ റെഡ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. അതിനാല്‍ താരത്തിന് അടുത്ത രണ്ട് മത്സരങ്ങള്‍ നഷ്ടമാകും.

മാര്‍ച്ച് ഏഴിനാണ് ലാലിഗയില്‍ റയലിന്റെ അടുത്ത മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സെല്‍റ്റ വിഗോയാണ് ടീമിന്റെ എതിരാളികള്‍. വിഗോയുടെ തട്ടകമായ എസ്റ്റാഡിയോ ഡി ബലൈഡോസാണ് മത്സരത്തിന്റെ വേദി.

Content Highlight: 10 Real Madrid players including Kylian Mbappe and Rodrigo suffered injury

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി