Categories

ആധാര്‍ ആര്‍ക്കുവേണ്ടി ?


ബാബു ഭരദ്വാജ്/ഹൈപ്പ് ആന്റ് ടൈഡ്

നുഷ്യശരീരത്തിലെ എല്ലാ അടയാളങ്ങളും ഓരോ മനുഷ്യന്റെയും അതീവ രഹസ്യങ്ങളായ എല്ലാമെല്ലാം, അവന്റെ സ്വകാര്യമായ എല്ലാം അടയാളപ്പെടുത്തുന്ന ‘ആധാര്‍’ എന്ന വ്യക്തിഗതവിവരശേഖരം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ഓരോ പൗരന്റെയും എല്ലാ വ്യക്തിവിശേഷങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ ഓരോ പൗരനും ഓരോ പതിനാറക്ക നമ്പറായി മാറും. പിന്നെ സര്‍ക്കാര്‍ കണക്കില്‍ അയാള്‍ക്ക് ഒരു നമ്പറായിരിക്കും ഉണ്ടാവുക. അയാള്‍ അറിയപ്പെടുന്നത് ഈ നമ്പറിലായിരിക്കും, പട്ടാളക്കാരെപ്പോലെ, ജയില്‍പുള്ളികളെപ്പോലെ, ഒറ്റ രൂപാനാണയംപോലെ, ബാങ്ക് എക്കൗണ്ട് നമ്പറിനെപ്പോലെ എ.ടി.എം കാര്‍ഡുപോലെ ഒരു സ്മാര്‍ട്ട് കാര്‍ഡും നമുക്ക് കിട്ടും.

തൊണ്ണൂറ് ശതമാനം ആള്‍ക്കാര്‍ക്കും മടിശ്ശീലയോ പണപ്പെട്ടിയോ പേഴ്‌സോ ഇല്ലാത്ത ഒരു രാജ്യത്ത് ഈ സ്മാര്‍ട്കാര്‍ഡ് എങ്ങിനെ സൂക്ഷിക്കും. പേഴ്‌സുള്ളവര്‍ക്ക് അവരുടെ പേഴ്‌സിന്റെ കള്ളികകളില്‍ അനേകം ക്രഡിറ്റ് കാര്‍ഡുകള്‍ക്കൊപ്പം ആധാര്‍കാര്‍ഡിനും സ്ഥലം ലഭിക്കും. ‘ആധാര്‍’ സ്മാര്‍ട്ട്കാര്‍ഡ് ഒരു റേഷന്‍കാര്‍ഡുപോലെ നമ്മുടെ ജീവിതത്തിന് ഒരു പിടിവള്ളിയായിത്തീരുന്ന കാലമാണ് ഇനി വരാന്‍ പോവുന്നത്. ആധാറില്‍ നിര്‍ബന്ധമായും പേജു ചേര്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അതേ ശ്വാസത്തില്‍ ഇനി ഭാവിയില്‍ എല്ലാതരം വിനിമയങ്ങള്‍ക്കും അവശ്യസര്‍വീസുകള്‍ക്കും മനുഷ്യജീവിതത്തിന്റെ എല്ലാത്തരം കര്‍മങ്ങള്‍ക്കും ജനനത്തിനും മരണത്തിനും രോഗത്തിനും യാത്രയ്ക്കും എല്ലാത്തരം വിനിയോഗങ്ങള്‍ക്കും വിനിമയങ്ങള്‍ക്കും ആധാര്‍ വേണ്ടിവരുമെന്നും സര്‍ക്കാര്‍ പറയുന്നു. അതിനര്‍ത്ഥം ആധാര്‍ കാര്‍ഡില്ലാതെ ഇന്ത്യയില്‍ ഒരു പൗരജീവിതം സാധ്യമല്ലെന്നു തന്നെയാണ്. വേറൊരര്‍ഥം കൂടിയുണ്ട്. നിങ്ങളുടെ സ്വകാര്യജീവിതം ഭരിക്കുന്നവരുടെ നിരീക്ഷണത്തിലാണ്.

എപ്പോഴും എന്നും ഇനിമുതല്‍ ഭരണാധികാരികള്‍ പൊതുജനങ്ങളുടെ സേവകരല്ലെന്നും അവരുടെ യജമാനന്മാരാണെന്നതുമാണ് മറ്റൊരര്‍ഥം. ഭരണീയരെ അടിമുതല്‍ മുടിവരെ അറിയാമെന്നും ഞങ്ങളുടെ അധികാരത്തില്‍ തൊട്ടുകളിക്കരുതെന്നുമാണ് അതിന്റെ ‘ പച്ചമലയാളം’ വിവരാവകാശനിയമം കൊണ്ടു വിവശരായ ഭരണാധികാരികള്‍ വേറൊരു വിവരശേഖരണത്തിലൂടെ ജനങ്ങളെ അധികാരത്തിന്റെ ചങ്ങലക്കിടാനുള്ള നീക്കമാണ്.

അധികാരത്തിന്റെ ചങ്ങലക്കെട്ടുകള്‍ ഓരോന്നായി മുറുക്കികൊണ്ടിരിക്കുന്നു. അറവ് മൃഗങ്ങളെപ്പോലെ പൗരന്മാരുടെ മേല്‍ അധികാരത്തിന്റെ ചാപ്പകള്‍ ഓരോന്നായി കുത്തിക്കൊണ്ടിരിക്കുന്നു. പൗരന്റെ സ്വകാര്യതകളിലേക്ക് അധികാരത്തിന്റെ നീരാളിക്കണ്ണുകളും കയ്യുകളും നീണ്ടുകൊണ്ടിരിക്കുന്നു. വെറും കണ്ണുകളല്ല, പാറക്കണ്ണുകളാണ്, നീരാളിയുടെ ആണ്ടിറങ്ങുന്ന കൊമ്പുകളുള്ള പെനാക്കിളുകള്‍.

യേശുകൃസ്തുവിന്റെ ഉല്‍പ്പത്തി തന്നെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ വിവരശേഖരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനിയ്ക്കാന്‍ പോവുന്ന മിശിഹയെ ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്നു അത്

യു.ഐ.ഡി ഒരു നിര്‍ബന്ധിത നമ്പറല്ല എന്നാണാദ്യം സര്‍ക്കാര്‍ പറഞ്ഞത്. പിന്നീടവര്‍ പറയുന്നു, ഈ നമ്പറില്ലെങ്കില്‍ പൗരജീവിതം ദുഷ്‌കരമാവുമെന്ന്. ആദ്യം പറഞ്ഞതുപോലെ ഒരു തമാശ പദ്ധതിയാണ് യു.ഐ.ഡി എങ്കില്‍ എന്തിനാണീ ആധാറിന്റെ ആശാന്‍ നന്ദന്‍ നീലങ്കണിയെ ക്യാബിനറ്റ് റാങ്കില്‍ ഇതിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചത്?, എന്തിനാണ് സര്‍ക്കാര്‍ ബജറ്റില്‍ വകകൊള്ളിക്കാതെ 48,000 മുതല്‍ ഒരു ലക്ഷം കോടിവരെ ചെലവാക്കുന്നത്?, എന്തിനാണ് യുദ്ധകാലാടിസ്ഥാനത്തില്‍ യു.ഐ.ഡി നമ്പര്‍ അടിക്കാനായി സ്വാകാര്യ ഏജന്‍സികളെ ഏര്‍പ്പാടു ചെയ്തിരിക്കുന്നത്?, രാജ്യത്ത് സെന്‍സസ് പ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോള്‍, അതിനകത്തെ ആവശ്യത്തിലേറെ വിവരങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രജകളില്‍ നിന്ന് ഊറ്റിയെടുത്തുകൊണ്ടിരിക്കുമ്പോള്‍, ഇപ്പോള്‍ തന്നെ മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍ ഏകദേശം ഇരുപതോളം രേഖകളും കാര്‍ഡുകളും ഉള്ളപ്പോള്‍ ‘ പാട്ടില്‍ പറയുന്നതുപോലെ’ മറ്റൊരു വെണ്ണിലാവ് എന്തിനായി?’ എല്ലാം സുതാര്യമാക്കാന്‍ എന്നായിരിക്കും ഉത്തരം. വിവരാവകാശ നിയമം ഭരണാധികാരികളെ സുതാര്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണാധികാരികള്‍ പൗരന്റെ എല്ലാ സ്വാകാര്യതകളിലും കടന്നുകയറി അവന്റെ അവളുടെ ഇത്തിരിലോകത്തെ വസ്ത്രാക്ഷേപം ചെയ്യുന്നു.

വിവരാവകാശ നിയമം അറിയാനുള്ള പൗരന്റെ അവകാശമാണ് ജനാധിപത്യത്തില്‍ പൗരന്‍ എങ്ങിനെ ഭരിക്കപ്പെടുന്നുവെന്ന് അറിയാനുള്ള അവകാശം പൗരനുണ്ട്. എന്നാല്‍ പൗരന്റെ സ്വകാര്യതകള്‍ അറിയാന്‍ ഭരണകൂടത്തിന് എന്തവകാശമാണുള്ളത്. ഇത് ഫാഷിസത്തിലേക്കും സമഗ്രാധിപത്യത്തിലേക്കുമുള്ള ആദ്യത്തെ കാല്‍വെപ്പാണ്. ഇതിന് പിന്നാലെ ഏല്ലാവരേയും ഡി.എന്‍.എ ടെസ്റ്റു നടത്തി ഡി.എന്‍.എ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ പോകുന്നു.

ഭൂമിയെ സംബന്ധിച്ചുള്ള നിയമങ്ങള്‍ പുതുക്കി ഭൂസ്വത്തവകാശം തട്ടിപ്പറിച്ചെടുക്കാനും അതിനെ കുത്തകകള്‍ക്ക് അടിയറവയ്ക്കാനുമുള്ള നീക്കങ്ങള്‍ നടത്തുന്നു. സാധാരണക്കാരില്‍ നിന്ന് ഭൂമി തട്ടിപ്പറിച്ചെടുത്ത് കുത്തകകള്‍ക്ക് സമ്മാനിക്കുന്നതിന്റെ ‘ ആദ്യ അങ്ക’ മാണിത്. ആദ്യം വിദൂഷകന്‍ പ്രത്യക്ഷപ്പെട്ടു അരങ്ങേറാന്‍ പോവുന്ന നാടകത്തിന്റെ കഥ ഏറെക്കുറേ തമാശ ചേര്‍ത്ത് പറയാറില്ലേ, അതേപോലെ നന്ദന്‍ നിലങ്കനി വിദൂഷകവേഷം കെട്ടിയാടുകയാണ്, കൂടെ മന്‍മോഹനും ആലുവാലിയയും.

പൗരന്റെ സ്വകാര്യതകളിലേക്കുള്ള ഈ കടന്നുകയറ്റം പ്രയോഗിച്ച് ഉപേക്ഷിച്ച രാജ്യങ്ങളാണ് ബ്രിട്ടനും മറ്റും. യു.ഐ.ഡി നമ്പറുകള്‍ക്കായുള്ള വിവരങ്ങള്‍ ശേഖരിച്ച് ഒടുക്കം എല്ലാ നശിപ്പിച്ചുകളഞ്ഞത് ബ്രിട്ടനാണ്. അന്ന് താച്ചര്‍ അതിനു പറഞ്ഞ കാരണം ‘ ഭരണാധികാരികള്‍ ജനങ്ങളുടെ ദാസന്മാരാണ്, ഇത്തരം വിവരശേഖരണങ്ങള്‍ ഞങ്ങളെ പൗരന്മാരുടെ യജമാനന്മാരാക്കും’ എന്നാണ്. അതുകൊണ്ടാണ് യു.ഐ.ഡി പദ്ധതി ഉപേക്ഷിക്കുന്നത് എന്നാണ്.

ഈ പദ്ധതി നടപ്പാക്കാന്‍ സ്വകാര്യ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫലത്തില്‍ ഈ ഏജന്‍സികളെല്ലാം കച്ചവടതാല്‍പര്യമുള്ളവരാണ്. ഇവരെല്ലാം ഏതെങ്കിലും വ്യാവാര സ്ഥാപനങ്ങളുടെ മാര്‍ക്കറ്റിംങ് സര്‍വേ നടത്തുന്നവരാണ്. രഹസ്യമായി സൂക്ഷിക്കുമെന്ന് പറയുന്ന വിവരങ്ങളെല്ലാം സ്വന്തം ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ അവര്‍ ഉപയോഗപ്പെടുത്തും. മറ്റ് കച്ചവട സ്ഥാപനങ്ങള്‍ക്ക് കൈമാറാനും അവര്‍ക്ക് കഴിയും. ഇവര്‍ വഴി ഈ വിവരങ്ങളെല്ലാം ബഹുവിധത്തിലുള്ള ചാരസംഘടനകള്‍ക്കും തീവ്രവാദ ഗ്രൂപ്പുകള്‍ക്കും കൈമാറപ്പെടും. മനുഷ്യസ്വഭാവത്തെ നിയന്ത്രിക്കുന്ന ഒരു പാട് ബയോമെട്രിക് വിവരങ്ങളാണ് ശേഖരിക്കപ്പെടുന്നതും വിനിമയം ചെയ്യപ്പെടുന്നതും.

ഫെയ്‌സ്ബുക്ക് വഴി നമ്മളെ മുഴുവനായി ലോകത്തിന് കൊടുക്കുന്നതുപോലെ അതിലേക്ക് ലോകത്തിലെ മുഴുവന്‍ വ്യാപാര താല്‍പര്യങ്ങളും നമ്മളറിയാതെ ഇരച്ചുകയറുന്നതുപോലെ നമ്മള്‍ നമ്മളെ കോര്‍പ്പറേറ്റുകള്‍ക്ക് യു.ഐ.ഡി വഴി ഏറിഞ്ഞുകൊടുക്കുകയാണ്. ഇതോടൊപ്പം വിവരാവകാശ നിയമത്തിന് ക്ലിപ്പിടാനുളള നീക്കങ്ങള്‍ ഭരണതലത്തില്‍ നിന്നും ആരംഭിച്ചുവെന്നുള്ളതും കൂട്ടിവായിക്കേണ്ടതാണ്. വിവരാവകശാ നിയമത്തെ വിമര്‍ശനാത്മകമായി നോക്കിക്കാണുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സര്‍ക്കാരിന്റെ സമയം വല്ലാതെ ഇതപഹരിക്കുന്നവത്രേ!. ഭരണ നിര്‍വഹണത്തെ അത് തടസ്സപ്പെടുത്തുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സത്യത്തില്‍ കോര്‍പ്പറേറ്റ് ലോകത്തെ വിവരാവകാശനിയമം അലോസരപ്പെടുത്തുന്നതാണ് പ്രധാനമന്ത്രിയെ വിവരാവകാശ നിയമം ചൊടിപ്പിക്കാനുള്ള കാരണങ്ങളിലൊന്ന്.

ഇന്‍ഫോര്‍മേഷന്‍ കമ്മീഷന്‍മാരുടെ ആറാം സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇങ്ങിനെ പറഞ്ഞത്. ഈ സമ്മേളനം പ്രധാനപ്പെട്ട മൂന്ന് വ്യാപാരകേന്ദ്രങ്ങളായ എഫ്.ഐ.സി.സി.ഐ, സി.ഐ.ഐ, ASSOCHAM എന്നീ സംഘടനകളേയും പങ്കെടുപ്പിച്ചുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. 2ജി സ്‌പെക്ട്രം അഴിമതികള്‍ കോര്‍പ്പറേറ്റുകളെയും കുടുക്കി എന്ന കാര്യവും ഇതിനൊപ്പം നമ്മള്‍ ചേര്‍ത്തു വായിക്കണം. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടത്തുന്ന സ്വാകാര്യ സംരഭകരുടെ പ്രവര്‍ത്തനങ്ങള്‍ കൂടി വിവരാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ തടയാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് പ്രധാനമന്ത്രിയടക്കമുള്ള പൊതു പ്രവര്‍ത്തകെ ഒഴിവാക്കാനുള്ള ശ്രമവും നടന്നുകൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ വലിയൊരു ഗുഢാലോചനയുടെ ഭാഗമാണ് യു.ഐ.ഡി . അത്തരം ഗൂഢാലോചനകളെ തകര്‍ക്കാനുള്ള ശക്തി നമ്മുടെ പൗരബോധത്തിനുണ്ടാവട്ടെ. നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ. ജനങ്ങള്‍ സ്വയം അതിനുള്ള വഴികള്‍ കണ്ടുപിടിക്കും.

അടുത്ത പേജില്‍ തുടരുന്നു

Page 1 of 212
Tagged with: |

15 Responses to “ആധാര്‍ ആര്‍ക്കുവേണ്ടി ?”

 1. J.S. Ernakulam.

  ബാബു രാജ്,
  പറഞ്ഞ പ്രകാരം ആണെങ്കില്‍ ഇന്ത്യയില്‍ എന്തിനാണ്, പാന്‍ കാര്‍ഡ്‌,
  റേഷന്‍ കാര്‍ഡ്‌,എലച്റേന്‍ ഐ ഡി കാര്‍ഡ്‌.???
  ചില രാജ്യങ്ങള്‍ യു ഐ ഡി ഉപേക്ഷിക്കുമ്പോള്‍ യു എ യി പോലുള്ള രാജിയ്ങ്ങള്‍ നടപ്പിലാക്കുന്നു.
  എന്തും കണ്ണടച്ച് എതിര്‍ക്കുന്ന മലയാളികള്‍ ആധാരിനെയും എതിര്‍ക്കുന്നതില്‍ അതിശയം ഇല്ല.
  കമ്പ്യുടരിനെ എതിര്‍ത്ത കാലത്ത് താങ്കളും അരരില്‍ ഒരാളായിരുന്നു.
  ഇന്നു ടൂള്‍ ന്യൂസ്‌ നിലനില്‍ക്കുന്നത് തന്നെ കമ്പ്യുട്ടരിന്റെയും,
  ഇന്റര്‍ നെറ്റിന്റെയും സഹായത്തിലാണ്…..

  പ്രകൃതി ദുരന്ധംഗങ്ങള്‍ വേട്ടയാടുന്ന ഇന്ത്യയില്‍ , അക്രമകാരികളുടെയും,തീവ്രവതികളുടെയും, മുന്‍പില്‍ പിടഞ്ഞു മരിക്കുന്ന വക്തികളെ തിരിച്ചറിയാനാവാതെ വര്‍ഷങ്ങളോളം മോര്ച്ചരിയിലും അതിനുശേഷം ആരാലും അറിയാതെ, ആരോരും അറിയാതെ മറവു ചെയ്യാപ്പെടുകയും ചെയ്യുന്ന ആ പാവങ്ങളെ തിരിച്ചറിയാന്‍ എങ്കിലും ഈ ” ആധാര്‍” ഉപയോഗിച്ചുകൂടെ????

  ഗാന്ധിജി പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു കാര്യം താങ്കളും, ഞാനും അടക്കമുള്ള ഇന്ത്യക്കാര്‍ ഇന്നു അനുസരിക്കുന്നുണ്ടോ??
  അനുഷ്ട്ടിക്കുന്നുണ്ടോ????

  പശ്തത്യ രാജ്യങ്ങള്‍ ഉപേക്ഷിക്കുന്നതെല്ലാം ഇന്ത്യക്കാര്‍ ഉപേക്ഷിക്കണം എന്നും, അവര്‍ ചെയ്യുന്നതെല്ലാം നമ്മള്‍ ചെയ്യണമെന്നും താങ്കളെപോലുള്ള ഒരു പത്ര പ്രവര്‍ത്തകന്‍ എഴുതാന്‍ പാടില്ലായിരുന്നു….

 2. J.S. Ernakulam.

  ആധാരില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ ഭദ്രമായും,സുരെക്ഷിതമയും തയ്യാറാക്കേണ്ടതും, സൂക്ഷിക്കണ്ടതും അതതു വിഭാഗമാണ്.
  അതില്‍ വീഴ്ച വരുത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കേണ്ടത് സര്‍ക്കാരും നിയമവുമാണ്. അതിനുള്ള നിയമ നിര്‍മാണം എത്രയും പെട്ടന്ന് നടത്തേണ്ടതാണ്.

  ഇന്നു ഇന്ത്യയില്‍ ഏതെങ്കിലും ഒരു ഓഫീസില്‍ ഒരു ഫയലോ,
  ഒരു കഷണം പേപരോ സുരക്ഷിതമാണോ എന്നു നാം ചിന്ടിക്കുന്നത് നല്ലതാണു…..

  വ്യാജ നോട്ടും,വ്യാജ പാസ്പോര്‍ട്ടും ഉള്ള ഇന്ത്യയില്‍ വ്യാജ ആധാര്‍ ഉണ്ടാകാതിരിക്കട്ടെ എന്നു ആശിക്കാം…….

  ഇന്ത്യന്‍ ജനത ആധാര്‍ ഇല്ലാതിരുന്ന കഴിഞ്ഞ വര്ഷം വരെ ഭരണാധി കാരികളുടെ കല്കീഴില്‍ തന്നെ ആയിരുന്നില്ലേ????
  അല്ല എന്നു താങ്കള്‍ക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമോ?????

  പല രാജ്യങ്ങളിലെയും ഭരണത്തെയും,ഭരണാധികാരികളെയും കുറിച്ച് താങ്കള്‍ എഴുതിയത് വായിച്ചപ്പോള്‍
  താങ്കളുടെ അറിവ് ശുഷ്കമാനെന്നു അറിഞ്ഞതില്‍ ഞാന്‍ സഹതപിക്കുന്നു…..

  ഇരുപതു വര്ഷം മുന്‍പ് താങ്കള്‍ ചിന്തിച്ചിരുന്നതില്‍ നിന്നും ഒരു പടി പോലും താങ്കള്‍ക്ക് മുന്‍പിലേക്ക് പോകാന്‍ കഴിഞ്ഞില്ല എന്നതില്‍
  ഞാന്‍ പരിതപിക്കുന്നു……….

 3. mohan

  “ജനതയെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ്. ഒരു പക്ഷെ ഇതിലൂടെ നടക്കാന്‍ പോവുന്നത് മതന്യൂനപക്ഷത്തിന്റെ കണക്കെടുപ്പായിരിക്കും.” ന്യുനപക്ഷത്തെ ഇളക്കി നേരിടാന്‍തക്ക രീതിയില്‍ എന്താണിതില്‍ .ഒളിക്കാന്‍ ഉള്ളവര്‍ തീര്‍ച്ചയും ആധാരിനെ എതിര്‍ക്കും.

 4. noushad jalal

  യിനി വില്ലേജ് ഓഫീസിലെ ആള്‍ക്കുട്ടം യിനിയും കുഉഡും, കാരണം പഴയ കാര്‍ഡ്‌ യില്‍ ഉള്ള ടാറ്റ യും പുതിയ കാര്‍ഡ്‌ യിലെ ടാറ്റ യും 1 ആണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ …പിന്നെ യിതിന്റെ പേരയില്‍ U P A മന്ത്രി മാര്‍ക്കു കോടി കല്‍ കമ്മിഷന്‍ വാങ്ങാം…..

 5. Ranjith

  ഇന്നത്തെ മാറിയ സാഹചര്യങ്ങളില്‍, നൂതനമായ സാങ്കേതിക വിദ്യകള്‍ പൊതു സുരക്ഷക്കായി ഉപയോഗിക്കുന്നതിനു വേണ്ടി ഇത്തരം വിവര ശേഖരണം നടത്തുന്നതില്‍ യാതൊരു തെറ്റും ഇല്ല. എന്തും നല്ലതിനായും തിന്മയ്ക്കായും ഉപയോഗിക്കാം. എന്തിനും, ഏതിനും കുറ്റം മാത്രം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന രീതി ശരിയല്ല. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന്നതിനും, തടയുന്നതിനും ഭാവിയില്‍ ഇത് വളരെ സഹായകമാകും എന്നതിന് സംശയമില്ല. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും, ഇതിനെ നമ്മള്‍ സ്വീകരിക്കാന്‍ തയ്യാറാവുകയാണ്‌ വേണ്ടത്.

 6. sheena haridas

  ആധാര്‍ കാര്‍ഡ്‌ വേണമെന്നു തന്നെയാണ് അഭിപ്രായം. ഇവിടെ ഗള്‍ഫില്‍ ഓരോരുത്തര്‍ക്കും ഒരു id ഉണ്ട്. അതുകൊണ്ട്തന്നെ ആ id വച്ച് ആളിനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും മനസിലാക്കാന്‍ കഴിയും. ഒരു കുറ്റം ചെയ്താലും ഇപ്പൊ ഡ്യൂപ്ലിക്കേറ്റ്‌ പാസ്പോര്‍ട്ട്‌ എടുത്തും മറ്റും പോകുമ്പോഴും ഇങ്ങനെ ഒരു id ഉണ്ടായാല്‍ കുറവുണ്ടാകും എന്നു തന്നെയാണ് വിശ്വാസം. ഇവിടെ അങ്ങിനെ ഒരു id ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയുന്നതിനാല്‍ ആധാര്‍ കാര്‍ഡ്‌ വേണം എന്ന് തന്നെ പറയുന്നു.

 7. kaleel

  തട്ടിപ്പുകാര്‍ അധര്‍ കാര്‍ഡിന വിമര്‍ശിക്കും .

 8. ശുംഭന്‍

  Finger Print , Retina Id എന്നിവ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുന്നത് കുറ്റാന്വേഷണ രംഗത്താണ്. അപ്പോള്‍ ഇന്ത്യയില്‍ ഉള്ള സകല ജനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ്‌ ഉണ്ടെങ്കില്‍ വളരെ അധികം കേസുകള്‍ക്ക്‌ തുമ്പുണ്ടാക്കാന്‍ നിമിഷങ്ങള്‍ മാത്രം മതിയാകും. അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങള്‍ വലിയൊരളവു വരെ കുറയും. ഇക്കാര്യം അറിയുന്ന സ്ഥിരം ക്രിമിനല്‍സ് ഒരു കാരണ വശാലും ആധാര്‍ കാര്‍ഡ്‌ എടുക്കില്ലെന്ന് ഉറപ്പ്. അതുകൊണ്ട്, ആധാര്‍ കാര്‍ഡ്‌ ഇല്ലാതെ ഇന്ത്യയില്‍ ജീവിക്കുന്നത് കുറ്റകരം ആക്കി നിയമം ഉണ്ടാക്കണം. ഓരോ പൌരനും ആധാര്‍ കാര്‍ഡ്‌ ഉണ്ടെന്നു ഉറപ്പ് വരുത്തണം. ആധാര്‍ കാര്‍ഡ്‌ ഇല്ലാത്തവരെ കണ്ടു പിടിച്ചു നിര്‍ബന്ധമായി കാര്‍ഡ്‌ എടുപ്പിക്കണം. (പിന്നെ അനാവശ്യമായ എല്ലാ വിവരങ്ങളും കാര്‍ഡില്‍ നിന്ന് ഒഴിവാക്കുകയും വേണം.)

 9. Sony

  തെറ്റായ വിവരങ്ങള്‍ തന്നു ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കരുത്

 10. chaathu

  ഈ ലേഖനം എന്തിനെയും സംശയദ്രിഷ്ട്ടിയോടെ കാണുന്ന മുന്‍വിധിയാണ് .ഞാന്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇസ്രായേലില്‍
  ജോലി ചെയ്യുന്നു ,ഇവിടെ നമ്മുടെ ആധാറിനു സമാനമായ ഒരു
  ഐ ഡി കാര്‍ഡ്‌ഇവിടെ എല്ലാ പൌരന്മാരം കൈവശം സുക്ഷിക്കുന്നു
  സര്‍ക്കാര്‍ സംബന്ധമായ എല്ലാ ആവശ്യങ്ങള്‍കും ഈ കാര്‍ഡ്‌
  അവശ്യം ആവശ്യമാണ്‌ ,ലേഖനത്തില്‍ ഈ കാര്‍ഡിന്റെ ഒരു
  ദുഷ്യമായി പറഞ്ഞല്ലോ രാജ്യത്തെ ഏതു ഹോസ്പിറ്റലിലും ഒരാളെ
  സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്ന് അത് തികച്ചും നല്ലതല്ലേ?
  ഏതൊരു പൌരനെകുറിച്ചും രാജ്യത്തിന്‌ തികഞ്ഞ അറിവുണ്ടാവുന്നത് തീര്‍ച്ചയായും നല്ലതുതന്നെ .രാജ്യസുരക്ഷക്കും
  അത് നല്ലതായിരിക്കും എന്നതില്‍ സംശയമില്ല .വിമര്‍ശിക്കാന്‍ മാത്രം ഇറങ്ങിത്തിരിക്കുന്ന കുറെ സാമുഹ്യപ്രവര്തകരുണ്ടല്ലോ
  നമുക്ക് ,ഇവരുടെ ബുദ്ധിയും കഴിവും രാജ്യത്തിന്‍റെ നന്മക്കായി ഉപയോഗിച്ചെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചുപോകുന്നു

 11. shaiju sense

  തങ്ങളുടെ ഭരണത്തിലെ സ്വേച്ഛാധിപത്യസ്വഭാവവും കൊള്ളരുതായ്മകളും മൂലം ഒരു ജനകീയമുന്നേറ്റത്തെ ഏതു സമയവും ഭയന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് തീര്‍ച്ചയായും പ്രയോജനപ്രദമാണിത്. ID ഉപയോഗിച്ച് ജനങ്ങളെ തിരിച്ചറിയുന്ന രാജ്യങ്ങളുടെ സ്വഭാവം പരിശോധിച്ചാല്‍ മാത്രം മതി ഇത് എത്ര ജനാധിപത്യ വിരുദ്ധമാണെന്ന് തിരിച്ചറിയാന്‍.
  പൌരന്മാരുടെ ജനാധിപത്യാവകാശത്തെയും പൌരാവകാശങ്ങളെയും മാനിക്കുന്ന ഭരണസംവിധാനങ്ങളുള്ള പരിഷ്കൃത ജനത ഇതൊരിക്കലും അനുവദിക്കാന്‍ പോകുന്നില്ല.

 12. ശുംഭന്‍

  ഒരു ദോഷവുമില്ലാത്ത ഒരു പരിഷ്കാരവും ഒരുകാലത്തും, ഒരു രാജ്യത്തും, ഒരു സര്‍ക്കാരും, ഒരെതിര്‍പ്പുമില്ലാതെ ഇന്നേ വരെ നടപ്പിലാക്കിയിട്ടില്ല. മലയാളികള്‍ പൊതുവേ ദോഷൈകദൃക്കുകള്‍ ആയതുകൊണ്ട് എല്ലാ വികസന പ്രവര്‍ത്തനങ്ങളും കുറെ കാലത്തേക്ക് മന്ദീഭവിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കാറുണ്ട്. എന്നാലും, എന്നെങ്കിലും ഇതൊക്കെ അംഗീകരിച്ചേ പറ്റൂ എന്ന യാഥാര്‍ത്യവും നമ്മള്‍ കാണുന്നതാണ്.

  മാന്യമായി ജീവിക്കുന്ന ഒരു സാധാരണ പൌരന്‍, തന്റെ പ്രവൃത്തികള്‍ ആരെങ്കിലും ഒളി കാമറയില്‍ പകര്‍ത്തുന്നുണ്ടോ എന്നാലോചിച്ചു ടെന്‍ഷന്‍ അടിക്കുന്നില്ല. അതുപോലെ, മാന്യമായി ജീവിക്കുന്ന ഒരാള്‍ക്ക്‌ (അത് പൊതു പ്രവര്‍ത്തകന്‍ ആയാല്‍ പോലും) തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മറ്റൊരാള്‍ അറിഞ്ഞെന്നു വച്ച് ഭയപ്പെടേണ്ട കാര്യം ഒന്നുമില്ല.

 13. Muhamad Rafi

  ആധാര്‍ പോലെ ഉള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ ഒട്ടുമിക്ക രാജ്യങ്ങളിലും ഉണ്ട്. എന്തിന് അപരിഷ്ക്രുതര്‍ എന്ന് ആക്ഷേപിക്കുന്ന സൗദി അറേബ്യയില്‍ വരെയുണ്ട്. അവിടെ നമ്മുടെ കണ്ണിന്റെ മുഴുവന്‍ അടയാളങ്ങള്‍, രണ്ടു കൈപ്പത്തിയുടെയും മുഴുവന്‍ അടയാളങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു കുറ്റകൃത്യം നടന്നാല്‍ നിമിഷങ്ങള്‍ക്കകം ആളെ പിടിക്കാം. നമ്മുടെ രാജ്യത്ത് തീവ്രവാദികള്‍ നുഴഞ്ഞു കയറിയാല്‍ അയാള്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തിരിച്ചറിയാം, വ്യാജന്മാരെ എത്രയോ വേഗത്തില്‍ പിടിക്കാം. ആധാര്‍ ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ അത്യാവശ്യമാണ്.

 14. സുജി

  ഏതൊരു വികസനത്തെയും ആദ്യം എതിര്‍ത്തിട്ടു പിന്നീട് തോളില്‍ ഏറ്റുന്നത് മലയാളിയുടെ സ്വഭാവ സവിശേഷത ആണ്
  ഇതിനെയും അങ്ങനെ കണ്ടാല്‍ മതി.

 15. ra101

  കഷ്ടം …
  ഭരണകൂടങ്ങള്‍ ഉണ്ടായ കാലം മുതല്‍ പൌരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നു
  സെന്‍സസും ഇപ്പോള്‍ തന്നെ മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍ ഏകദേശം ഇരുപതോളം രേഖകളും കാര്‍ഡുകളും ഉള്ളതു ലേഖകന്‍ സമ്മതിക്കുന്നു .ഇവയ്ക്കൊന്നും ഇല്ലാത്ത ദോഷം ആധാരിനു മാത്രം……(സെന്‍സസില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമാനെങ്കില്‍ ഇതും സുരക്ഷിടമാണ് )
  അന്ന്യ സംസ്ഥാന തൊഴിലാളികള്‍ സുരക്ഷിത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് മലയാളികള്‍ കുറ്റം പറയുന്നു കാരണം അവരെ identify ചെയ്യാന്‍ മാര്‍ഗങ്ങളില്ല . ബംഗ്ലാ ദേശി പൌരന്മാര്‍ ഇവിടെ ഒളിച്ചുകഴിയുന്നു പോലും അതൊന്നും സധാരണ ജനങ്ങളുടെ പ്രസ്നമല്ലേ? പിന്നെ ഇവിടെ corparatukalkku വിവര്നഗല്‍ അവശ്യ മുണ്ടങ്ങില്‍ അവര്‍ക്ക് അത് ലഭിക്കാന്‍ ഇപ്പൊ തന്നെ ധരാളം മാര്‍ഗങ്ങള്‍ ഉണ്ട് (BPL ലിസ്റ്റ് ,tax കൊടുക്കുന്നവരുടെ ലിസ്റ്റ് ഗൂഗിള്‍ മാപ് facebook സര്‍വോപരി മൊബൈല്‍ ഫോണ്‍ —-മൊബൈല്‍ ഫോണ്‍ വഴി പൌരന്മാര്‍ ഇപ്പോള്‍ തന്നെ താങ്കള്‍ ഇപ്പൊ പറയുന്ന govt . ,കോര്‍പ്പറേറ്റ്. പിന്നെ പ്രിയപ്പെട്ട CIA എന്നിവരുടെ കഴുകന്‍ കണ്ണുകള്‍ക്ക്‌ കീഴിലാണ് മാഷെ
  മാഷെങ്കിലും ഈ പറഞ്ഞ എല്ലാം ഒഴിവാക്കി സുരക്ഷിതമായി ജീവിക്ക്
  (കുട്ടിയെ school ഇല്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് ചോദിക്കും ,കൊടുക്കരുത് ഭരണകൂടം അടിമകളാക്കും..colum ഒഴിച്ചിടുക )

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.