Administrator
Administrator
Aadhaar
ആധാര്‍: ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ദൂരം
Administrator
Thursday 27th October 2011 4:59pm

 


എല്ലാവരെയും ഭയക്കുന്ന ഒരു സമൂഹത്തിന്റെ പ്രവര്‍ത്തനമാണ് യു.ഐ.ഡി. മാനസിക വിഭ്രാന്തിയുള്ള സമൂഹത്തെ സൃഷ്ടിക്കാനെ ഇതിന് സാധിക്കൂ. ഈ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാറിന് എന്താണിത്ര വാശി?


 

 

നിയമ, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര പ്രശസ്തയായ വ്യക്തിയാണ് ഡോ. ഉഷാ രാമനാഥന്‍. ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിസ്ഥിതി, തൊഴിലാളി, ഉപഭോക്തൃ നിയമങ്ങള്‍ പഠിപ്പിക്കുകയാണ് അവരിപ്പോള്‍. 

ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ അഡൈ്വസറി പാനല്‍ അംഗമായ അവരെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പല തവണ എക്‌സ്‌പേര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ സര്‍ക്കാര്‍ ആധാര്‍ എന്ന ഓമനപ്പേരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന യൂ.ഐ.ഡി(യുനീക്ക് ഐഡന്റിറ്റി കാര്‍ഡ്) പദ്ധതിക്കെതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് ഉഷാ രാമനാഥന്‍.

ആധാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ടെത്തിയ ഉഷാ രാമചന്ദ്രന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു.

2009ല്‍ ആദ്യമായി ആധാര്‍ പദ്ധതി ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ യാതൊരു സംശയവും കൂടാതെയാണ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിനെ സ്വീകരിച്ചത്. കാരണം, ഒരു പുതിയ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കുക എന്നത് ഇന്ത്യയില്‍ ആദ്യത്തെ സംഗതിയൊന്നുമല്ലല്ലോ.

വോട്ട് ചെയ്യാന്‍ അവകാശം നല്‍കുന്ന വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ് നമുക്കെല്ലാവര്‍ക്കും ഉള്ളതാണല്ലോ. കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് വിവിധ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. പക്ഷേ, ഇപ്പോഴത്തെ ആധാര്‍ പദ്ധതി ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല.

2006ല്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെ തിരിച്ചറിയാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം സര്‍ക്കാരും വിവിധ സാമൂഹിക സംഘടനകളും ഉന്നയിച്ചിരുന്നു. 2009 ജനുവരിയിലാണ് പൗരന്റെ എല്ലാ വിവരങ്ങളുമടങ്ങിയ യു.ഐ.ഡി കാര്‍ഡ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജൂലൈയില്‍ നന്ദന്‍ നിലകേനിയെ പദ്ധതിയുടെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു.

ഈ കാര്‍ഡുകൊണ്ട് പ്രാഥമികമായി ഉദ്ദേശിക്കുന്നത് രാജ്യത്തെ ദരിദ്രരെ തിരിച്ചറിയുവാനും പിന്നോക്ക വിഭാഗങ്ങളുമായി സര്‍ക്കാറിനുള്ള സമ്പര്‍ക്കം മെച്ചപ്പെടുത്താനുമാണെന്നാണ് പറയുന്നത്.

പക്ഷേ, പദ്ധതിയുടെ സര്‍ക്കാര്‍ പറയുന്ന പ്രാഥമിക ലക്ഷ്യത്തിനപ്പുറം കാര്‍ഡിന്റെ പ്രവര്‍ത്തന രീതികളെയും ഇതിന്റെ ഉദ്ദേശത്തെയും വിശദമായി പരിശോധിക്കുമ്പോള്‍ ഗൗരവമേറിയ പലസംശയങ്ങളും ചേദ്യങ്ങളുമുയരുന്നുണ്ട്.

അത്‌കൊണ്ടുതന്നെ പദ്ധതിയുടെ അറിയപ്പെടാത്ത വശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കാരണം, പൊതുജനങ്ങള്‍ക്ക് ഇതുവരെയും വ്യക്തമായ ചിത്രം ഈ പദ്ധതിയെക്കുറിച്ച് ലഭിച്ചിട്ടില്ല.

ധാര്‍ പദ്ധതിയില്‍ പേരു ചേര്‍ക്കാന്‍ പൗരന്‍മാരെ നിര്‍ബദ്ധിക്കുകയില്ല എന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. എത്രയും പെട്ടന്ന് പരമാവധി ആളുകളെ പട്ടികയില്‍ ചേര്‍ക്കണമെന്ന നിര്‍ദ്ദേശമാണ് പക്ഷേ ചെയര്‍മാനായ നീലകേനിക്ക് ലഭിച്ചത്.

അതിനാല്‍, പദ്ധതി പ്രവര്‍ത്തകര്‍ പദ്ധതിയില്‍ പേരു ചേര്‍ക്കാന്‍ വിസമ്മതിക്കുന്നവരെ ഗ്യാസ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിര്‍ത്തലാക്കും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്.

ബാംഗ്ലൂര്‍ തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പദ്ധതി പ്രവര്‍ത്തകരുടെ ഈ സമീപനത്തിനെതിരെ പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

ഈ കാര്‍ഡ് കൈവശം വെക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും സബ്‌സിഡികളും ലഭിക്കുമെന്ന തെറ്റിദ്ധാരണ സാധാരണക്കാര്‍ക്കുണ്ട്. കാര്‍ഡ് കൈവശം വെക്കുന്നതിലൂടെ പ്രത്യേകിച്ച് ആനുകൂല്യങ്ങളൊന്നും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.

വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ തിരിച്ചറിയലിനുള്ള രേഖയായി ഈ കാര്‍ഡ് ഉപകാരപ്പെട്ടേക്കാം എന്നു മാത്രം. ഇത്തരത്തില്‍ നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്ന ഈ പദ്ധതിയെക്കുറിച്ച് ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് ഒരു വിവരണം നല്‍കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയ്യറായിട്ടില്ല.

എന്നിട്ടും യു.ഐ.ഡി പദ്ധതിയെ ‘ഓപണ്‍ ആര്‍കിടെക്ചര്‍’ (‘open architecture’) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

പേര്, വയസ്സ്, ലിംഗം തുടങ്ങിയ തുടങ്ങിയ പൗരന്റെ ഏറ്റവും പ്രാഥമികമായ വിവരങ്ങള്‍ മാത്രമേ ശേഖരിക്കൂ എന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്.

പക്ഷേ സംഭവിക്കുന്നത് അതല്ല, ടെലിഫോണ്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയ ജനങ്ങളുടെ ഏറ്റവും സ്വകാര്യ വിവരങ്ങള്‍ വരെ അധികൃതര്‍ ശേഖരിക്കുന്നു എന്നതാണ് സത്യം.

 

മേഘാലയയില്‍ സംസ്ഥാന സര്‍ക്കാര്‍ യു.ഐ.ഡി പദ്ധതിക്ക് പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഏല്‍പ്പിച്ച പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ കൂടി ചേര്‍ക്കണമെന്നാണ് ലഭിച്ച നിര്‍ദേശം.

ഇത് നടപ്പിലായാല്‍ പൗരനെക്കുറിച്ചുള്ള ഏറ്റവും ചെറിയ വിവരങ്ങളടക്കം വിശദമായ വിവരങ്ങള്‍ തന്നെ സര്‍ക്കാറിന്റെ കൈയ്യിലാകും. വ്യക്തിയുടെ രഹസ്യവും പരസ്യവുമായ ജീവിതത്തിന് മുകളില്‍ ഒരു മൂന്നാം കണ്ണ് എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കും.

ഒരു അസുഖത്തിന് നിങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയെ സമീപിക്കുകയാണെന്നിരിക്കട്ടെ, രാജ്യത്തെ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും വേണമെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അറിയാന്‍ സാധിക്കും.

നിങ്ങള്‍ രാവിലെ പല്ലു തേക്കുന്നത് ഏത് പേസ്റ്റ് കൊണ്ടാണെന്ന് പോലും വേണമെങ്കില്‍ അറിയാന്‍ കഴിയുമെന്നര്‍ത്ഥം.

വ്യക്തികളുടെ ശേഖരിച്ച വിവരങ്ങള്‍ യു.ഐ.ഡി മാത്രമെ കൈവശം വെയ്ക്കൂ എന്ന തെറ്റായ സുരക്ഷാ ബോധമാണ് ഈ രാജ്യത്തെ പൗരന് നല്‍കപ്പെട്ടിരിക്കുന്നത്.

ഇന്ത്യ പോലെ വലുതും ജനപ്പെരുപ്പം ഏറെയുമുള്ളൊരു രാജ്യത്ത് പൗരന്‍മാരുടെ വിശദമായ വിവരങ്ങള്‍ ശേഖരിക്കുക എന്നത് പ്രയാസമേറിയതാണ്. അതിനാല്‍, വിവര ശേഖരണം വിവധ ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് യു.ഐ.ഡി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

 

ഉദാഹരണത്തിന് ഗ്യാസ് ഏജന്‍സികളെയും ബാങ്കുകളെയും പോലോത്തവയെ. ശേഖരിക്കുന്ന വിവരങ്ങള്‍ ഇവര്‍ യു.ഐ.ഡിക്ക് അയച്ചു കൊടുക്കും. പരിശോധനക്കായി യു.ഐ.ഡി ലഭിച്ച ഡാറ്റകളുടെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്നു. പിന്നെ ഒരേ കാര്‍ഡ് രണ്ടുപേര്‍ ഉപയോഗിക്കാതിരിക്കാന്‍ ഡ്യൂപ്ലിക്കേറ്റ് കോപ്പി നശിപ്പിക്കുകയും ചെയ്യുന്നു.

യു.ഐ.ഡി തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കുന്നത് ഒരു രജിസ്ട്രാറായിരിക്കും. ശേഖരിച്ച വിവരങ്ങള്‍ക്കപ്പുറത്ത് വ്യക്തിയെക്കുറിച്ച് കൂടുതല്‍ അറിയേണ്ട വിവരങ്ങള്‍ എന്തായാലും ഈ രജിസ്ട്രാര്‍ക്ക് ചോദിക്കാന്‍ അധികാരമുണ്ടായിരിക്കും.

പരിശോധനക്കായി ഈ വിവരങ്ങള്‍ പല കൈകളിലൂടെ സഞ്ചരിച്ച് വീണ്ടും ഈ രജിസ്ട്രാറില്‍ തന്നെ എത്തും. ശേഖരിച്ച വിവരങ്ങള്‍ പരസ്യമാക്കനുള്ള അനുവാദം വ്യക്തിയോട് ചോദിക്കുന്ന കോളം യു.ഐ.ഡിയുടെ ഫോമിലുണ്ട്.

പക്ഷേ ആരുമായാണ് വിവരങ്ങള്‍ പങ്കുവെക്കേണ്ടത് എന്ന കോളം അതിലില്ല. ഏതെങ്കിലും സംഘടനകളുമായോ ഏജന്‍സികളുമായോ നമ്മുടെ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെട്ടാല്‍ പിന്നെ എന്തു സ്വകാര്യതയാണ് നമുക്കുള്ളത്?

ദേശീയ ഇന്റലിജന്‍സുമായി യു.ഐ.ഡിക്ക് ബന്ധമുണ്ട്. യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ടി ആഭ്യന്തര മന്ത്രി പി.ചിദംബരമാണ് ഈ ലിങ്ക് ഉണ്ടാക്കിയത്.

നന്ദന്‍ നിലേകനി

ശേഖരിച്ച വിവരങ്ങള്‍ സംയോജിപ്പിച്ച ശേഷം നമ്മള്‍ക്ക് യാതൊരു നിയന്ത്രണവും സാധ്യമല്ലാത്ത മേഖലകളിലേക്ക് അവ കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

നമ്മുടെ സമൂഹത്തില്‍ മുതലാളിത്ത മനോഭാവത്തോടെ ജനങ്ങളെ വീക്ഷിക്കുന്ന ഒരു വിഭാഗമുണ്ട്. തങ്ങള്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കളിലേക്ക് ഉത്പന്നം എത്തിക്കാന്‍ കോര്‍പ്പറേറ്റ് മാര്‍ക്കറ്റുകളും മുതലാളിത്ത ശക്തികളും യു.ഐ.ഡി പദ്ധതിയിലൂടെ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയേക്കാം.

നമ്മളെക്കുറിച്ചുള്ള ഇത്രയും വിശദമായ വിവരങ്ങള്‍ പരസ്യമാക്കപ്പെടുമ്പോള്‍ ബിസിനസ്സ് കമ്പനികള്‍ക്കും പരസ്യങ്ങള്‍ക്കും ഏറ്റവും അനായാസമായി നമ്മെ ലക്ഷ്യമിടാന്‍ സാധിക്കും. ദേശീയ സുരക്ഷയെ യു.ഐ.ഡി പദ്ധതി ശക്തിപ്പെടുത്തും എന്നൊരു അവകാശ വാദം അധികാരികള്‍ക്കുണ്ട്. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ‘ദേശീയ സുരക്ഷക്ക് ഭീഷണി ഉണ്ട്’ എന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? .

സമാധാനപരമായ പ്രതിഷേധമാണെങ്കിലും അഴിമതിക്കെതിരെയുള്ള നീക്കങ്ങളാണെങ്കിലും ആദിവാസികളുടെ പ്രക്ഷോഭങ്ങളാണെങ്കിലും എല്ലാം ഇന്ത്യയില്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്.

പരമാധികാരമുള്ള സ്‌റ്റേറ്റിനാല്‍ നിയന്ത്രിക്കപ്പെടുന്ന വെറും വസ്തുക്കള്‍ മാത്രമായി ജനാധിപത്യ സംവിധാനത്തില്‍ നാം മാറും. നിങ്ങള്‍ സംസാരിക്കുന്ന വ്യക്തി ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് സ്‌റ്റേറ്റിന് തോന്നുകയാണെങ്കില്‍ നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.

സര്‍ക്കാര്‍ ജനങ്ങളോട് ഇന്ന് ഉത്തരവാദിത്വമുള്ളവരാകുന്നത് വിവരാവകാശ നിയമം മുഖേനെയാണെങ്കില്‍ നാളെ അത് യു.ഐ.ഡി മുഖേനെ ആയി മാറും. യു.ഐ.ഡിയിലൂടെ ശേഖരിച്ച ഒരോ വിവരങ്ങളും നമുക്കെതിരായി സ്‌റ്റേറ്റ് ഉപയോഗിച്ചേക്കാം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

 രു പരാതിയിലെ കുറ്റാരോപിതന്‍ പോലും ഭരണഘടനയിലെ അനുഛേദം 20ഉം (Article 20) ഉപ അനുഛേദം 3ഉം (Sub Article 3) പ്രകാരം സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ അനുഛേദങ്ങള്‍ പ്രകാരം തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരങ്ങള്‍ കുറ്റാരോപിതന് ലഭിക്കുന്നു. അവര്‍ക്കെതിരെ കേസില്‍ ഉപയോഗിക്കപ്പെട്ട ഒരു വിവരങ്ങളും പരസ്യമാക്കാന്‍ പാടില്ല.

യു.ഐ.ഡി പദ്ധതി നടപ്പിലായാല്‍ സാധാരണ പൗരന് ഈ അവകാശം നിഷേധിക്കപ്പെടും. നമ്മള്‍ പരിഗണിക്കപ്പെടുന്നത് പൗരന്‍മാര്‍ എന്നാണെങ്കിലും നമ്മള്‍ ഭരണകൂടത്തിന്റെ വെറും കളിപ്പാവകള്‍ മാത്രമായിത്തീരും. 25% പബ്ലിക് സെക്ടറില്‍ പങ്കാളിത്തമുള്ള കമ്പനികള്‍ക്ക് നമ്മുടെ വിവരങ്ങള്‍ കൈവശപ്പെടുത്താന്‍ സാധിക്കും. സ്വകാര്യ മേഖലയിലെ കമ്പനികള്‍ പൊതുതാല്‍പര്യത്തിന്റെ പേരില്‍ പൗരന്റെ വ്യക്തി വിവരങ്ങള്‍ കൈവശം വെച്ചേക്കാം.

സ്വകാര്യ കമ്പനികളെ നമ്മള്‍ എങ്ങിനെയാണ് വിശ്വസിക്കുക? ഇത് അംഗീകരിക്കാനാകുമോ? അവരുടെ കൈയ്യിലകപ്പെടുന്ന നമ്മുടെ ജീവിത വിവരങ്ങള്‍ സുരക്ഷിതമെന്ന് കരുതി എത്രകാലം നാം ജീവിക്കും?

വ്യക്തികളുടെ ശരീരം സ്‌കാന്‍ (Biometric test) ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി രണ്ട് കമ്പനികള്‍ക്കാണ് യു.ഐ.ഡി അനുമതി നല്‍കിയിരിക്കുന്നത്. എല്‍ 1 ഐഡന്റിറ്റി സൊല്യൂഷന്‍ (L1 Identity Solution), ആക്‌സഞ്ചര്‍ (Accenture) എന്നീ കമ്പനികളാണ് അവ.

ബയോമെട്രിക്‌സില്‍ മനുഷ്യ ശരീരം ഒരു ഉപകരണമായാണ് കണക്കാക്കപ്പെടുന്നത്. വിരലടയാളങ്ങളും ഫോട്ടോഗ്രാഫുമാണ് ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെടുന്നതെങ്കിലും ഐറിസ് സ്‌കാന്‍ (Iris scan) കൂടി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടും. ഡി.എന്‍.എ ടെസ്റ്റ് പോലും ചിലപ്പോള്‍ ആവശ്യപ്പെട്ടേക്കാം.

ഓരോ വ്യക്തിയുടെയും ഐഡന്റിറ്റി തീരുമാനിക്കുന്നത് മൂന്നാമതൊരു വ്യക്തിയായിരിക്കും. ഇന്ന് നമ്മള്‍ അറിയപ്പെടുന്നത് നമ്മുടെ സ്വന്തം വ്യക്തിത്വം കൊണ്ടാണെങ്കില്‍ നാളെ യു.ഐ.ഡി പദ്ധതി ചാര്‍ത്തി നല്‍കുന്ന ‘ഐഡന്റിറ്റി’യിലൂടെയാകും നമ്മള്‍ അറിയപ്പെടുക.

ഒരു ആദിവാസിയുടെ നിലനില്‍പ്പ് പോലും യു.ഐ.ഡി എങ്ങിനെ അവനെ സ്‌റ്റേറ്റിന് പരിചയപ്പെടുത്തു എന്നതിന്റെ അടിസ്ഥാനത്തിലായി മാറും. പത്ത് വിരലുകളുടെയും വിരലടയാളം, ഐറിസ് സ്‌കാന്‍ (കണ്ണ് സ്‌കാന്‍ ചെയ്യുന്നത്), മുഖത്തിന്റെ ഫോട്ടോ എന്നിവയാണ് ബയോമെട്രിക് സ്‌കാനില്‍ ഉള്‍പ്പെടുന്നത്. എല്‍ 1 ഐഡന്റിറ്റി സൊല്യൂഷന് ലോകബാങ്കുമായി ബന്ധമുണ്ട്.

എല്‍ 1 ഐഡന്റിറ്റി സൊല്യൂഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ആണ് എന്നത് അതിനേക്കാള്‍ ഗൗരവമേറിയ കാര്യമാണ്. സ്‌റ്റേറ്റിനും കോര്‍പറേറ്റ് മാര്‍ക്കറ്റുകള്‍ക്കും മുന്‍പില്‍ ഈ പദ്ധതി നമ്മളെ തുറന്നു കാണിക്കുകയാണ് ചെയ്യുന്നത് എന്ന് ഇതിലൂടെ മനസ്സിലാക്കാം.

 പ്ലാനിംഗ് കമ്മീഷന്റെ ഉത്തരവിന്‍മേലാണ് യു.ഐ.ഡി പദ്ധതി ഇന്ത്യയില്‍ ഉടലെടുത്തത്. സുതാര്യമല്ലാത്തതും ചോദ്യം ചെയ്യപ്പെടാനാകാത്തതുമാണ് യു.ഐ.ഡിയുടെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഒരു കോര്‍പ്പറേറ്റ് സംസ്‌കാരം അവതരിപ്പിക്കുന്നതാണ് യു.ഐ.ഡിയുടെ പരാജയം.

എല്ലാവരെയും ഭയക്കുന്ന ഒരു സമൂഹത്തിന്റെ പ്രവര്‍ത്തനമാണ് യു.ഐ.ഡി. മാനസിക വിഭ്രാന്തിയുള്ള സമൂഹത്തെ സൃഷ്ടിക്കാനെ ഇതിന് സാധിക്കൂ. ഈ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാറിന് എന്താണിത്ര വാശി?

ഡോ.ഉഷാ രാമനാഥന്‍

യു.ഐ.ഡിയുടെ സാമ്പത്തിക ക്രയവിക്രയങ്ങളും ചോദ്യം ചെയ്യപ്പെടില്ല. ഇതിന്റെ പ്രായോഗികതയും ഇതുവരെ വിശകലനം ചെയ്യപ്പെട്ടിട്ടില്ല. ചോദ്യം ചെയ്യപ്പെടുമ്പോഴും നിശ്ശബ്ദമായി തുടരുന്ന യു.ഐ.ഡിയുടെ പ്രവര്‍ത്തന രീതി ജനാധിപത്യ സംവിധാനമെന്ന നിലക്ക് ആരോഗ്യകരമായ കാര്യമല്ല.

അത്‌കൊണ്ട് പദ്ധതിയെക്കുറിച്ച് അവര്‍ പൊതുജനങ്ങള്‍ക്ക് അറിയിച്ചു കൊടുക്കേണ്ടതുണ്ട്. പദ്ധതിയുടെ ചിലവ് ഇത്‌വരെ കണക്കാക്കപ്പെട്ടിട്ടില്ല. 45 കോടി രൂപ ഇതിനോടകം ചിലവാക്കിക്കഴിഞ്ഞു.

തോന്നിയ രീതിയില്‍ പണം ചിലവഴിക്കാന്‍ എന്താണ് അവര്‍ക്ക് അധികാരം? രാജ്യവ്യാപകമായ ഇത്രയും വലിയ ഒരു പദ്ധതിക്ക് എങ്ങിനെയാണ് സ്ഥിതി വിവരക്കണക്കുകളില്ലാതെ പോകുന്നത്? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഈ രാജ്യത്തെ ജനങ്ങളോട് യു.ഐ.ഡി ഉത്തരം പറയേണ്ടതുണ്ട്.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്ദേശ ലക്ഷ്യങ്ങളും മറ്റു വിവരങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്. പക്ഷേ എല്ലാം അഴിമതിക്കറ പുരണ്ട സര്‍ക്കാറിന്റെ കൈയ്യിലാണ്.

ഈ പദ്ധതിയെ ചോദ്യം ചെയ്യാന്‍ ഒരു നിയമവും ഇതുവരെ ഇല്ല. സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള ബന്ധം വളരെയധികം ദുര്‍ബലപ്പെടുകയാണ്. സ്‌റ്റേറ്റിന് മുമ്പില്‍ നമ്മള്‍ വിനയത്തോടെ കീഴടങ്ങുകയാണ്.

RELATED ARTICLES

ആധാര്‍ ആര്‍ക്കുവേണ്ടി ?

UID: Democracy to totalitarianism

ഇത്രയേറെ വിവരങ്ങള്‍ എന്തിന്?

Advertisement