21 വയസേ ആയിട്ടുള്ളൂ. കക്ഷി ഇപ്പോള്‍ ഇന്ത്യയില്‍ സ്റ്റാറായി. ആള് മറ്റാരുമല്ല. യൂട്യൂബില്‍ 30 ദശലക്ഷത്തിലധികം ഹിറ്റ് കിട്ടിയ കൊലവെറിയെന്ന ആദ്യഗാനത്തിലൂടെ ശ്രദ്ധ നേടിയ അനിരുദ്ധ് രവിചന്ദറിന്റെ കാര്യമാണ് പറയുന്നത്.
സൂപ്പര്‍ഹിറ്റായ കൊലവെറിയുടെ നിഴലില്‍ ഒതുങ്ങി നില്‍ക്കാന്‍ അനിരുദ്ധിന് താല്‍പര്യമില്ല. ” കൊലവെറി കഴിഞ്ഞുപോയി. പുതിയ പ്രൊജക്ടുകളുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് ഞാന്‍” അനിരുദ്ധ് പറഞ്ഞു.
കൊലവെറിയുടെ വിജയത്തില്‍ സന്തോഷമുണ്ട്. എന്നാല്‍ ആ ഗാനം നല്‍കിയ പ്രശസ്തിയുടെ നിഴലില്‍ നിന്നും പുറത്തുവരേണ്ട ആവശ്യകത തിരിച്ചറിയുന്നുണ്ടെന്നും അനിരുദ്ധ് പറഞ്ഞു.
” ഞാനിപ്പോഴും യങ്ങാണ്. നല്ല സംഗീതം ചെയ്യാന്‍ ഇനിയും സമയമുണ്ട്” അദ്ദേഹം വ്യക്തമാക്കി.
തമിഴ് ചിത്രം ത്രിയുടെ സംഗീത സംവിധാനം നിര്‍വഹിച്ച അനിരുദ്ധ് ബിരുദപഠനം പൂര്‍ത്തിയാക്കി ഇറങ്ങിയതേയുള്ളൂ. എല്ലാ സമയവും സംഗീതമാണ് മനസില്‍. താന്‍ ചെയ്യുന്ന ഓരോ ഗാനങ്ങളും വ്യത്യസ്തമായിരിക്കണമെന്ന നിര്‍ബന്ധവുമുണ്ട്.
” ത്രിയിലെ എല്ലാ ഗാനങ്ങളും തീര്‍ത്തും വ്യത്യസ്തമാണ്. ലോകത്തില്‍ പല സംഗീത രീതികളുണ്ട്. അതെല്ലാം ഏറെ ഹൃദ്യമാണ്. അതൊക്കെ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. എന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ ഈ സ്റ്റൈലുകള്‍ കൊണ്ടുവരാനാണ് തീരുമാനം.” അനിരുദ്ധ് വ്യക്തമാക്കി.
