തിരുവന്തപ്പുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് രാജകുടുംബം എടുക്കുന്നതായി ആക്ഷേപം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദന്‍. മാര്‍ത്താണ്ഡ വര്‍മ്മ എന്നും പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോകാറുണ്ട്. പോരുമ്പോള്‍ പാത്രത്തില്‍ പായസം കൊണ്ട് വരാറുമുണ്ട്. പാത്രത്തില്‍ കൊണ്ട് വരുന്നത് പായസമല്ല സ്വര്‍ണ്ണമാണെന്നാണ് ആക്ഷേപമുള്ളത്. അവിടുത്തെ സമ്പത്ത് കട്ട് കൊണ്ട് പോരുകയാണ്. ഇത് കണ്ട് സഹിക്കെട്ട ഒരു ശാന്തിക്കാരന്‍ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. ഇദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. മാര്‍ത്താണ്ഡ വര്‍മ്മയുടെ ഈ ഡബിള്‍ റോള്‍ മാധ്യമങ്ങള്‍ പുറത്ത് കൊണ്ട് വരണം. ഇത് സംബന്ധിച്ചുള്ള പരാതി തനിക്ക് കിട്ടിയിട്ടുണ്ട്.
രാജഭരണം 1947 ആഗസ്ത് 15ന് അവസാനിച്ചെന്ന് വി.എസ് ഓര്‍മ്മിപ്പിച്ചു. സുപ്രീം കോടതി നിയോഗിച്ച കമ്മീഷനെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് ദേവപ്രശ്‌നം നടത്തിയത്. എന്നിട്ട് നിലവറ തുറക്കുന്നവര്‍ കുടുംബത്തോടെ നശിച്ച് പോകുമെന്ന് പറഞ്ഞിരിക്കുന്നു. ആദ്യം ഒരു നിലവറ മാര്‍ത്താണ്ഡ വര്‍മ്മ തന്നെ തുറന്ന് ഫോട്ടോ എടുത്തിരുന്നു. അപ്പോള്‍ ഒന്നും സംഭവിച്ചില്ല. ഒരു നാശവും ഉണ്ടായില്ല. ഉന്നത നീതി പീഠമായ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കിയാലാണ് ഇവര്‍ക്ക് പ്രശ്‌നമെന്നും വി. എസ് ആരോപിച്ചു.
മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് രാജാവ് എന്ന നിലയിലുള്ള യാതൊരു അവകാശങ്ങളും ഇപ്പോഴില്ല. രാജാവ് എന്ന രീതിയിലുള്ള അവകാശങ്ങള്‍ ക്ഷേത്രത്തിന്മേല്‍ ലഭിക്കാന്‍ വേണ്ടി അദ്ദേഹം മുമ്പ് സബ് കോടതിയെ സമീപിച്ചെങ്കിലും വാദം കോടതി തള്ളി. അത് പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു.കോടതി ഉത്തരവുകളെ ദേവപ്രശ്‌നത്തിന്റെ പേരില്‍ മറികടക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും വി. എസ് ചൂണ്ടിക്കാട്ടി.
