ക്ഷേത്ര നിലവറ നേരത്തെ തുറന്നിരുന്നുവെന്ന് രാജകുടുംബം
Kerala
ക്ഷേത്ര നിലവറ നേരത്തെ തുറന്നിരുന്നുവെന്ന് രാജകുടുംബം
ന്യൂസ് ഡെസ്‌ക്
Monday, 15th August 2011, 12:20 pm

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ രാജകുടുംബം നേരത്തെ തുറന്നതിന് തെളിവുകള്‍ പുറത്ത് വന്നു. ക്ഷേത്രം എക്‌സിക്യുട്ടീവ് ഡയരക്ടര്‍ 2007ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ക്ഷേത്രത്തിലേത് നിലവറകളല്ലെന്നും ഉറപ്പുള്ള മുറികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവറകള്‍ തുറന്ന് സ്വര്‍ണ്ണ ഉരുപ്പടികളുടെ ഫോട്ടോ എടുത്തിട്ടുണ്ട്. ആല്‍ബം തയ്യാറാക്കാനിയിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബി നിലവറ തുറക്കുന്നതിനെതിരെ രാജകുടുംബം ഉയര്‍ത്തിയ വാദത്തെ ദുര്‍ബലമാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ബി നിലവറ തുറക്കാന്‍ തയ്യാറാണെന്ന് കാണിച്ച് യുക്തിവാദി സംഘം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലത്ത് നടക്കുന്ന സംഘം സംസ്ഥാന സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ബി നിലവറ തുറക്കുന്നതില്‍ ദുരൂഹത പരത്തി വിഭ്രാന്തി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് യുക്തി വാദി സംഘം ആരോപിച്ചു. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഇല്ലാതാക്കണം.

നിലവറി തുറക്കുന്നവര്‍ നശിച്ചുപോകുമെന്നും രാജ്യം അപകടത്തിലാകുമെന്നും ജോത്സ്യന്‍മാര്‍ പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് അവര്‍ വ്യക്തമാക്കി. അങ്ങിനെയെങ്കില്‍ നിലവറ തങ്ങള്‍ തുറക്കാന്‍ തയ്യാറാണ്. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.