വയനാട്: ആദിവാസി സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത കേസില്‍ ആരോപണ വിധേയനായ വ്യക്തിയെ സംസ്ഥാന വെറ്റിനറി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ആക്കാന്‍ നീക്കം. പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയുടെ ഡീന്‍ ആയി റിട്ടയര്‍ ചെയ്ത ഡോ.പി.പി ബാലകൃഷ്ണനെ ആണ് വെറ്റിനറി സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍ ആയി നിയമിക്കാന്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നത്. ഇദ്ദേഹം സര്‍വീസില്‍ ഇരുന്ന കാലത്ത് വയനാട്ടിലെ ആദിവാസികള്‍ക്കെതിരെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി കുപ്രസിദ്ധി ആര്‍ജിച്ച ആളാണ്. ആദിവാസി സ്ത്രീയോട് അപമര്യാദയായി പെരുമാറി, അശ്ലീലം പറഞ്ഞു, അപമാനിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നിങ്ങനെ നിരവധി പരാതികള്‍ ഇദ്ദേഹത്തിനെതിരെ വനിതാ കമ്മീഷനില്‍ നിലവിലുണ്ട്. ഇതുസംബന്ധിച്ച് ഡോ.ബാലകൃഷ്ണനെതിരെ കേസും നിലവിലുണ്ട്.

ആദിവാസികളെ കുടിയൊഴിപ്പിച്ചു പണിത വെറ്റിനറി കോളേജില്‍ ‘ഒരൊറ്റ ആദിവാസിയെപ്പോലും കാല് കുത്താന്‍ സമ്മതിക്കില്ല’ എന്ന് പരസ്യമായി പറഞ്ഞ ഡോ.ബാലകൃഷ്ണന്‍ അതിന്റെ പേരില്‍ ഏറെ വിമര്‍ശന വിധേയനായിരുന്നു. ആദിവാസി വിഭാഗതില്‍പ്പെടാത്ത ആളുകളെ അനധികൃതമായി സര്‍വ്വകലാശാലയിലെ ജോലിയില്‍ തിരുകി കയറ്റിയതിന്റെ പേരില്‍ ആദിവാസി വിഭാഗം ഇയാള്‍ക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി നല്‍കിയിട്ടുണ്ട്. പണം വകമാറ്റി ചെലവഴിക്കുക, അഴിമതി നടത്തുക എന്നിങ്ങനെ ഡോ.പി.പി ബാലകൃഷ്ണനെതിരെ ആരോപണങ്ങളും പരാതികളും നിരവധിയാണ്. ക്രമക്കേടുകളുടെ ലിസ്റ്റ് ഇവിടെ വായിക്കാം. റിട്ടയര്‍ ചെയ്ത ഈ കുപ്രസിദ്ധനെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വെറ്റിനറി സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍ ആക്കാന്‍ നീക്കം നടക്കുന്നത്.

2006ല്‍ വെറ്റിനറി സര്‍വ്വകലാശാലയുടെ മൈക്രബയോളജി ലാബില്‍ ജോലിചെയ്തിരുന്ന തുളസിയെന്ന സ്ത്രീയെ അപമാനിച്ചതിന്റെ പേരില്‍ ഇയാള്‍ അന്വേഷണം നേരിടുന്നുണ്ട്. കലക്ടര്‍, വനിത സെല്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് തുളസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിനിടയായ സാഹചര്യത്തെക്കുറിച്ച് തുളസി പറയുന്നു’ 2006ല്‍ ഞാന്‍ ആദിവാസി തൊഴിലാളി സംഘടനയുടെ സെക്രട്ടറിയായിരുന്ന സമയത്ത് ആദിവാസികള്‍ക്കു ലഭിക്കേണ്ട തൊഴില്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനെതിരെ സമരം നടത്തിയിരുന്നു. ആദിവാസികളെ ഉപദ്രവിക്കുന്നത് ബാലകൃഷ്ണന് ഒരു ഹരമായിരുന്നു. പീഡനം സഹിക്കവയ്യാതെ ആദിവാസികള്‍ ജോലി ഉപേക്ഷിച്ച് പോയാല്‍ ആ സ്ഥാനം മറ്റുള്ളവര്‍ക്ക് നല്‍കാമെന്ന ഉദ്ദേശത്തോടെയായിരുന്നു ഇത്. ഇതിനെതിരെ പ്രതിഷേധിച്ച എന്നെ അയാളുടെ ക്യാബിനിലേക്ക് വിളിച്ച് പരസ്യമായി അസഭ്യം പറഞ്ഞു.’

‘ ഇത് സംബന്ധിച്ച അന്വേഷണം അയാളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുകയാണ്. അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ടോയെന്ന് പോലും എനിക്കറിയില്ല.’ തുളസി പറഞ്ഞു.

പി.പി ബാലകൃഷ്ണനെ വൈസ് ചാന്‍സലറാക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് ഇപ്പോള്‍ കേരള ആദിവാസി ഫോറത്തിന്റെ പ്രസിഡന്റ് കൂടിയായ തുളസി പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനമുണ്ടായിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുന്നതുവരെ സമരം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

കൃഷിമന്ത്രി കെ.പി മോഹനനുമായി അടുപ്പമുള്ളവര്‍ ഇടപെട്ടാണ് ഇയാളെ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് നിയമിക്കുന്നതെന്ന ആരോപണമുയരുന്നുണ്ട്. കൃഷിമന്ത്രിക്ക് അവകാശപ്പെട്ട നിയമനം ആകയാല്‍ മറ്റു പാര്‍ട്ടിക്കാര്‍ക്കോ മുന്നണി നേതാക്കള്‍ക്കോ ഇതില്‍ എതിര്‍പ്പ് പറയാനും ആകുന്നില്ല.

പാര്‍ട്ടിയിലെ വീരേന്ദ്രകുമാര്‍ വിഭാഗത്തിന് ഈ നിയമന നീക്കത്തില്‍ കടുത്ത എതിര്‍പ്പുണ്ട്. ആരോപണ വിധേയനായ ഡോ.ബാലകൃഷ്ണന് പകരം ജനപ്രിയരായ ചിലരുടെ പേരുകള്‍ അവര്‍ മുന്നോട്ടു വെച്ചെങ്കിലും കെ.പി. മോഹനന്‍ വകുപ്പില്‍ തന്നിഷ്ട പ്രകാരം നിയമനങ്ങളുമായി മുന്നോട്ടു പോകുകയാണ് എന്നാണു അവരുടെ പരാതി. ആദിവാസി പീഡന കേസിലെ ആരോപണ വിധേയനെ വൈസ് ചാന്‍സിലര്‍ ആക്കാനുള്ള നീക്കം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന് വയനാട്ടിലെ കര്‍ഷകരും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട് എന്നറിയുന്നു.

Malayalam News

Kerala News In English