എഡിറ്റര്‍
എഡിറ്റര്‍
‘സ്വാതന്ത്ര്യം’ വെറും ‘വാര്‍ത്ത’ മാത്രമായ നമ്മുടെ മലയാള പത്രങ്ങള്‍
എഡിറ്റര്‍
Friday 4th May 2012 12:08am

അടിസ്ഥാന സൗകര്യത്തിന്റെ, വേതനത്തിന്റെ , മാനുഷ്യാവകാശങ്ങളുടെ, ആവിഷ്‌കാര അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ, ഒക്കെ കാര്യത്തില്‍ പത്ര ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യമില്ലാതെ എങ്ങനെ പത്രസ്വാതന്ത്ര്യം പൂര്‍ത്തിയാകും? മാധ്യമ ദുസ്വാതന്ത്ര്യത്തെപ്പറ്റി പറയാതെങ്ങനെ പത്രസ്വാതന്ത്ര്യം അനുഭവിക്കാനാകും? ലോക പത്രസ്വാതന്ത്ര്യ ദിനമായ മേയ് മൂന്നിന് ഡൂള്‍ ന്യൂസ് നടത്തിയ ഒരു അന്വേഷണം.

THE JOURNALISTS CRITICISED

-ഡൂള്‍ ന്യൂസ്  സ്പെഷ്യല്‍ ടീം

വൈചിത്രങ്ങളുടെ നാടാണ് കേരളം. വ്യക്തി സ്വാതന്ത്യത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും പത്ര സ്വാതന്ത്യത്തേയും കുറിച്ച് നിരന്തരം ഗീര്‍വാണം മുഴക്കുന്നു ഇവിടത്തെ മാധ്യമങ്ങള്‍. അതേ സമയം  ആ പത്രത്തിനകത്തിരുന്ന് രാപ്പകല്‍ ജോലി ചെയ്യുന്ന ജേണലിസ്റ്റുകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് അവര്‍ നിശബ്ദരാവുകയും ചെയ്യുന്നു.

ഇന്ന് ലോക പത്രസ്വാതന്ത്യദിനം! പത്ര സ്വാതന്ത്ര്യത്തെപ്പറ്റി പത്രങ്ങളും ചാനലുകളും വാചാലമാകുമ്പോള്‍ പോലും മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ സ്വാതന്ത്ര്യത്തെപ്പറ്റി ആരും ഒന്നും പറയാറില്ല. തങ്ങള്‍ക്കു സ്വാതന്ത്ര്യം ഉണ്ടെന്നു പ്രഖ്യാപിക്കുമ്പോള്‍ തങ്ങള്‍ക്കു കീഴില്‍ പണിയെടുക്കുന്നവര്‍ക്ക് ആ സ്വാതന്ത്ര്യം ലഭ്യമാക്കുന്നതില്‍ മാധ്യമ സ്ഥാപനങ്ങള്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നത്?. ലോകത്തിലെ സകല ആളുകളുടെയും അസ്വാതന്ത്ര്യങ്ങളെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ ഇറങ്ങുന്ന പത്രക്കാര്‍ തൊഴിലിടങ്ങളില്‍ തങ്ങള്‍ നേരിടുന്ന അസ്വാതന്ത്ര്യത്തേയും  പാരതന്ത്ര്യത്തേയുംപറ്റി ആരോടാണ് പരാതി പറയുക? ആരാണത് റിപ്പോര്‍ട്ട് ചെയ്യുക?.

അടിസ്ഥാന സൗകര്യത്തിന്റെ, വേതനത്തിന്റെ, മാനുഷ്യാവകാശങ്ങളുടെ, ആവിഷ്‌കാര-അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ , ഒക്കെ കാര്യത്തില്‍ പത്ര ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യമില്ലാതെ എങ്ങനെ പത്രസ്വാതന്ത്ര്യം പൂര്‍ത്തിയാകും? മാധ്യമ ദുസ്വാതന്ത്ര്യത്തെപ്പറ്റി പറയാതെങ്ങനെ പത്രസ്വാതന്ത്ര്യം അനുവദിക്കാനാകും? ലോക പത്രസ്വാതന്ത്ര്യ ദിനമായ മേയ് മൂന്നിന് കേരളത്തിലെ പത്രസ്ഥാപനങ്ങള്‍ക്കുള്ളില്‍ ഡൂള്‍ ന്യൂസ് നടത്തിയ ഒരു അന്വേഷണം നമ്മെ അസ്വസ്ഥരാക്കുന്ന, കൗതുകമുളള പല കാര്യങ്ങളും പുറത്തു കൊണ്ടു വന്നു. ഇവയെ ഇങ്ങനെ ക്രോഡീകരിക്കാം:

1. ജീവനക്കാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാത്തതില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച പത്രമാണ് മലയാള മനോരമ. ഒരു വിഷയത്തിലും റിപ്പോര്‍ട്ടര്‍മാര്‍ക്ക് വ്യക്തിപരമായ കാഴ്ചപ്പാടുകളോ വസ്തുനിഷ്ടമായ വിലയിരുത്തലോ റിപ്പോര്‍ട്ടിങ്ങോ നടത്താന്‍ മനോരമയില്‍ സ്വാതന്ത്ര്യമില്ലത്രേ. പത്രത്തിലേക്ക് ജേണലിസ്റ്റ് ട്രെയിനികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ത്തന്നെ ഈ നിലപാട് മനോരമ വ്യക്തമാക്കാറുണ്ട്. സര്‍ഗ്ഗധനരായ നിരവധി വ്യക്തികള്‍ മനോരമ പത്രത്തില്‍ ജോലി ചെയ്യുന്നുണ്ട്. മനോരമയില്‍ ജോലി ചെയ്യുന്നവര്‍ അവരുടെ സര്‍ഗ്ഗസൃഷ്ടികള്‍ മറ്റു പ്രസിദ്ധീകരണങ്ങള്‍ക്ക് നല്‍കുന്നതില്‍ വിലക്കേര്‍പ്പെടുത്തി മനോരമ ഒരിക്കല്‍ തങ്ങളുടെ നിലവാരം തെളിയിച്ചതാണ്. അടിയന്തിരാവസ്ഥയുടെ മുപ്പതാം വാര്‍ഷികം ആചരിച്ച 2005-06 വര്‍ഷത്തില്‍ മനോരമ പത്രത്തില്‍ ജോലിചെയ്തിരുന്ന കെ.ആര്‍.മീര, രേഖ കെ., ജി.ആര്‍.ഇന്ദുഗോപന്‍, ബി.മുരളി, അജയ് പി മങ്ങാട്ട് എന്നിവരെ പേര്‍സണല്‍ മാനേജര്‍ ചേംബറില്‍ വിളിച്ച് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. അഥവാ എഴുതാന്‍ മുട്ടുകയാണെങ്കില്‍ കമ്പനിയുടെ തന്നെ ഉല്‍പ്പന്നമായ ബാലരമയിലോ, വനിതയിലോ, കര്‍ഷക ശ്രീയിലോ ഭാഷപോ(ഭീ)ഷിണിയിലോ എഴുതാമെന്നും എന്നിട്ടും മതിയായില്ലെങ്കില്‍ ആരും വായിക്കാനിടയില്ലാത്ത ചില വാര്‍ഷികപതിപ്പുകളിലോ മറ്റോ എഴുതി നിര്‍വൃതി അടയാമെന്നുമാണ് മനോരമ നല്‍കിയ വിലക്കിന്റെ ചുരുക്കം.

കെ.ആര്‍ മീര പിന്നീടിത് ലംഘിക്കുകയും അവരുടെ സൃഷ്ടി കലാകൗമുദിക്ക് അയക്കുകയും കലാകൗമുദിയില്‍ അതിന്റെ പരസ്യം പ്രത്യക്ഷപ്പെടുകയും ചെയ്തു. പത്രസ്വാതന്ത്ര്യതെപ്പറ്റിയും ആവിഷ്‌കാരസ്വാതന്ത്ര്യത്തെപ്പറ്റിയും എന്നും ഗീര്‍വാണം മുഴക്കിയിരുന്ന, പ്രസ് അക്കാദമിയുടെ മുന്‍ ചെയര്‍മാനും അന്നത്തെ മനോരമ അസോസിയേറ്റ് എഡിറ്ററുമായ ശ്രീ.തോമസ് ജേക്കബ്  കെ.ആര്‍ മീരയോട് കലാകൗമുദിക്കയച്ച സൃഷ്ടി തിരികെ വാങ്ങാന്‍ ആവശ്യപ്പെട്ടു. അത് സാധിക്കില്ലെന്ന് പറഞ്ഞ മീര മനോരമയിലെ ജോലി രാജിവെച്ച് ധീരത കാണിച്ചു. എഴുത്താണ്, പത്രമല്ല വലുത് എന്ന് ബോധ്യപ്പെടുത്തിക്കൊടുത്തു.  ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മനോരമയില്‍ കൊടുക്കേണ്ടി വരുന്ന വില മനസിലാക്കിയ എഴുത്തുകാരായ മറ്റ് സഹപ്രവര്‍ത്തകര്‍ അതോടെ അച്ചടക്കം പാലിച്ചു, നല്ല കുഞ്ഞാടുകളായി മനോരമയില്‍ തുടര്‍ന്നു. ഒരു കഥാകൃത്ത് ഇടക്കാലത്ത് കവിതയിലേക്ക് കൂടുമാറി (ഭാഗ്യം, കവിതക്ക് വിലക്കില്ലല്ലോ!).

ഇതുംപോരാഞ്ഞ് തിരക്കഥ എഴുത്തിനും വിലക്ക് വന്നു. ഇനി മനോരമ പത്രപ്രവര്‍ത്തകരെങ്ങാനും തിരക്കഥ എഴുതി മാത്യുക്കുട്ടിച്ചായനേക്കാള്‍ പ്രശസ്തനായാലോ! ബ്ലോഗ് എഴുതുന്നതിനു പോലും മനോരമയില്‍ ഒരു കാലത്ത് വിലക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കുറച്ചൊക്കെ മാറ്റം വരികയും ബെര്‍ളി തോമസിനെപ്പോലെ ചിലര്‍ക്കെങ്കിലും അതില്‍ ഇളവു അനുവദിക്കുകയും ചെയ്യുന്നുണ്ട് ഇന്ന് മനോരമ.

2.ഒരു പത്രത്തിലും തങ്ങളുടെ മാനേജ്‌മെന്റിന് വിരുദ്ധമായ വാര്‍ത്തകള്‍ വരില്ല എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഒരു പടി കൂടി കടന്ന് മനോരമയിലും
മാതൃഭൂമിയിലും സ്ഥാപനമുതലാളിമാരുടെ സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ, അവര്‍ അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കളുടെയോ എതിര്‍
വാര്‍ത്തകള്‍ വരില്ല എന്നത് കാലാകാലങ്ങളില്‍ വായനക്കാര്‍ ഉന്നയിക്കുന്ന ആരോപണമാണ്.

3.പത്രമുതലാളിമാര്‍ പങ്കെടുക്കുന്ന പൊതു പരിപാടികളുടെ ഫോട്ടോയും വാര്‍ത്തയുമാണ് എല്ലാ ദിവസത്തിലും പത്രത്തിന്റെ ഒഴിവാക്കാനാകാത്ത ഘടകമെന്ന് ഒരു ‘മാതൃഭൂമി’ ജീവനക്കാരന്‍ രഹസ്യമായി സമ്മതിക്കുന്നു. പത്രമുതലാളി രാഷ്ട്രീയ ചായ്‌വ് മാറ്റുന്നതിന് അനുസരിച്ച് മാറുന്നതാണ് മാതൃഭൂമിയിലെ എഡിറ്റോറിയല്‍ പോളിസി. പത്രസ്വാതന്ത്ര്യം ഏതു നിലയ്ക്കും വളയ്ക്കാവുന്ന ചുരികയാണ് എന്നതാണു ആ സ്ഥാപനത്തിന്റെ നിലപാട്.

4.മംഗളം പത്രമാണ് പത്ര ജീവനക്കാര്‍ക്ക് ഏറ്റവും സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന പത്രം എന്നാണു അകത്തും പുറത്തുമുള്ളവര്‍ പറയുന്നത്. വാര്‍ത്ത സത്യസന്ധമാണെങ്കില്‍ എന്തും എഴുതാനുള്ള സ്വാതന്ത്ര്യം ‘മംഗളം’ അതിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അനുവദിക്കുന്നുണ്ട്. പ്രത്യേകിച്ച് എഡിറ്റോറിയല്‍ പോളിസി എന്നൊന്ന് മംഗളത്തില്‍ ഇല്ല.അതിനാല്‍ ഏതു വിഷയത്തിലും റിപ്പോര്‍ട്ടര്‍ നല്‍കുന്ന വാര്‍ത്തയിലെ വസ്തുത വായനക്കാരില്‍ എത്തിക്കാന്‍ മാത്രമുള്ള സ്വാതന്ത്ര്യം മംഗളത്തില്‍
ലഭ്യമാണ്. വ്യക്തിസ്വാതന്ത്ര്യത്തിനും മംഗളത്തില്‍ പരിമിതിയില്ല. അല്‍പ്പം മദ്യപിച്ചിട്ടു ഓഫീസില്‍ എത്തിയാല്‍ പോലും വലിയ കുഴപ്പമില്ലെന്ന് ചില ജീവനക്കാര്‍ സമ്മതിക്കുന്നു. ഏതു ഉന്നതനെതിരെയും ശബ്ദിക്കാന്‍ മംഗളം സ്വാതന്ത്ര്യം നല്‍കുന്നു. അവലോകന യോഗത്തില്‍ ‘ഈ മാസം വക്കീല്‍ നോട്ടീസ് എത്രയെണ്ണം കിട്ടി, എത്ര വാര്‍ത്തയ്‌ക്കെതിരെ പ്രതികരണം വന്നു, ആരെങ്കലും ഓഫീസിനു കല്ലെറിഞ്ഞോ’ എന്നൊക്കെ പത്രമുടമയും ചീഫ് എഡിറ്ററും അന്വേഷിക്കും. അതൊന്നും നടന്നില്ല എന്നാണു ഉത്തരമെങ്കില്‍ ‘നിങ്ങള്‍ എഴുതുന്ന വാര്‍ത്ത ലക്ഷ്യത്തില്‍ കൊള്ളുന്നില്ല, ഇനിയും രൂക്ഷമായി എഴുതാം’ എന്ന് ധൈര്യം നല്‍കുന്ന സ്ഥാപനം ഒരുപക്ഷെ മംഗളം മാത്രമാകും.

ജീവനക്കാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാത്തതില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച പത്രമാണ് മനോരമ. ഒരു വിഷയത്തിലും റിപ്പോര്‍ട്ടര്‍മാര്‍ക്ക് വ്യക്തിപരമായ കാഴ്ചപ്പാടുകളോ വസ്തുനിഷ്ടമായ വിലയിരുത്തലോ റിപ്പോര്‍ട്ടിങ്ങോ നടത്താന്‍ മനോരമയില്‍ സ്വാതന്ത്ര്യമില്ല.

5.’ബ്ലോഗില്‍ എഴുതാന്‍ ഉദ്ദേശിക്കുന്നതൊക്കെ പത്രത്തില്‍ എഴുതാം, ‘അപ്പോള്‍ ബ്ലോഗ് എന്തിനു?’ എന്നാണു ഒരാള്‍ പ്രതികരിച്ചത്. ഇത് ദുസ്വാതന്ത്ര്യമായി
മാറുന്ന അനുഭവവും മംഗളത്തില്‍ ഏറെയാണ്. ലീവിന്റെ കാര്യത്തില്‍ ഒരു പിശുക്കും കാണിക്കാറില്ല. തനിക്കെത്ര ലീവ് ബാക്കിയുണ്ട് എന്നറിയാന്‍ ഒരിക്കല്‍ മാനേജരെ വിളിച്ച റിപ്പോര്‍ട്ടറോട് മാനേജര്‍ പറഞ്ഞത് ‘അതിനങ്ങനെ സ്ഥിരമായ കണക്കൊന്നുമില്ല, താന്‍ ഒപ്പിച്ച് അങ്ങെടുത്തോ’ എന്നാണത്രേ.

6.എന്നാല്‍ മറ്റു പല അസ്വാതന്ത്ര്യങ്ങളും മംഗളം പോലുള്ള  പത്രങ്ങളില്‍ ഉണ്ട്. ജീവനക്കാരുടെ വേതനം മംഗളം, വര്‍ത്തമാനം തുടങ്ങിയ പത്രങ്ങളില്‍ നന്നേ കുറവാണ്. അതില്‍ അറ്റന്റര്‍ തൊട്ടു ചീഫ് എഡിറ്റര്‍ വരെ എല്ലാവരും ഒരുപോലെ അസംപ്തൃപ്തരാണ്. 150 കോടി രൂപ ആസ്തിയുള്ള മംഗളം പത്രത്തിന് പല ഓഫീസിലും അടിസ്ഥാന സൌകര്യമില്ല. കമ്പ്യൂട്ടറോ ടി.വി യോ ഇല്ലാത്ത ബ്യൂറോകള്‍ ഉണ്ട്. ടി.വി യില്ലാത്ത കൊല്ലം ബ്യൂറോയില്‍ സുനാമി പോലുള്ള അടിയന്തിര വാര്‍ത്തകളും മണിക്കൂറുകള്‍ക്ക് ശേഷം നാട്ടുകാര്‍ പറഞ്ഞാണ് പത്രക്കാര്‍ അറിയുന്നത് !!. ഇതെപ്പറ്റി പ്രതികരിക്കാന്‍ ജീവക്കാര്‍ക്ക് സ്വാതന്ത്ര്യമില്ല.

7.വര്‍ത്തമാനം പത്രത്തില്‍ ജീവനക്കാരെ പറ്റിച്ച്, അവര്‍ പോലും അറിയാതെ കമ്പനി ലോണെടുത്ത ഒരു കാലവും ഉണ്ടായിരുന്നു. ഇന്നും അവിടത്തെ പല പത്രപ്രവര്‍ത്തകര്‍ക്കും വര്‍ഷങ്ങളായുള്ള ശമ്പളക്കുടിശ്ശിക കിട്ടിത്തീരാനുണ്ട്്. ‘തനിക്ക് കമ്പനി കാര്‍ തന്നതു കൊണ്ട് അതെങ്കിലും മുതലായി’ എന്ന് സുകുമാര്‍ അഴീക്കോട് വര്‍ത്തമാനത്തെപ്പറ്റി ഒരിക്കല്‍ പറഞ്ഞിരുന്നു. കാര്‍ കിട്ടാത്ത പത്രപ്രവര്‍ത്തകര്‍ ഇന്നും തങ്ങള്‍ പാഴാക്കിയ സമയവും ഊര്‍ജ്ജവുമോര്‍ത്ത് സങ്കടപ്പെടുന്നു.

8. വിപ്ലവാത്മകമായ ഒരു നീക്കത്തിലൂടെ ഏറ്റവും കൂടുതല്‍ വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് ജോലി കൊടുത്ത ആദ്യ മുസ്ലിം പത്ര സ്ഥാപനം എന്ന ക്രെഡിറ്റു സമ്പാദിച്ച തേജസ് പത്രത്തിലെ ഉള്ളറക്കഥകള്‍ മറ്റൊന്നാണെന്നു അവിടത്തെ വനിതാപത്രപ്രവര്‍ത്തകര്‍ പറയും. അപ്പോയിന്റു ചെയ്ത വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് പ്രധാന ജോലികളൊന്നും നല്‍കില്ല. പത്രത്തിന്റെ പേജുണ്ടാക്കുക പോലുള്ള സാദാ ഡിസൈനര്‍മാരുടേയോ, വെറും ഡി.ടി.പി ഓപ്പറേറ്റര്‍മാരുടേയോ തൊഴിലുകളാണ് ഇവര്‍ ചെയ്യുന്നത്. ‘പ്രധാന സപ്ലിമെന്റുകള്‍ പോലും പത്രം ഇറങ്ങിക്കഴിഞ്ഞാണ് അങ്ങനെയൊന്നുണ്ട് എന്നു ഞങ്ങള്‍ അറിയാറ്,’ തേജസിലെ ഒരു മുന്‍ പത്രപ്രവര്‍ത്തക പറയുന്നു.

9.  പത്രജീവനക്കാരുടെ മനുഷ്യാവകാശം ഉടമയ്ക്ക് വിഷയമേ അല്ല എന്നതിന് തെളിവാണ് ജീവനക്കാര്‍ക്ക് അടിസ്ഥാന  സൗകര്യം പോലും ഏര്‍പ്പെടുത്താത്ത സമീപനം. കൊച്ചിയിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തില്‍ നല്ല ടോയ്‌ലറ്റ് സൌകര്യമില്ല. ‘നാട്ടിലെ സ്‌കൂളുകളിലും മറ്റും മൂത്രപ്പുരയില്ലാത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴും സ്വന്തം ഓഫീസില്‍ നല്ല മൂത്രപ്പുരയില്ലാത്തതിനാല്‍ താഴത്തെ നിലയിലെ ചാനല്‍ ഓഫീസില്‍ പോയി ശങ്ക തീര്‍ക്കേണ്ട അവസ്ഥയിലാണ് ഞാന്‍. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ആരാണ് റിപ്പോര്‍ട്ട് ചെയ്യുക!’,എന്നാണു ഒരു ലേഖിക പ്രതികരിച്ചത്. ഇത് മിക്ക പത്രമോഫീസിലും ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നമാണ്. തങ്ങളുടെ സ്വന്തം പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാനോ, അതെപ്പറ്റി പരസ്യമായി പ്രതികരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഒരു പത്രസ്ഥാപനത്തിലും ഇല്ല. അഥവാ പ്രതികരിച്ചാല്‍ അവര്‍ മാനേജ്‌മെന്റിന്റെ നോട്ടപ്പുള്ളിയാകും, ചിലപ്പോള്‍ ജോലി വീട്ടിലാകും.

10. ഇന്നത്തെ കാലത്ത് മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ മാധ്യമ മുതലാളിയുടെ ദുസ്വാതന്ത്ര്യമായി അധ:പതിച്ചിട്ടുണ്ട് എന്നാണു പ്രമുഖ മാധ്യമ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍ നിരീക്ഷിക്കുന്നത്. ‘പുറത്തു സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുമ്പോഴും ഒരു പത്രവും തങ്ങളുടെ സ്ഥാപനത്തില്‍ ഈ പത്രസ്വാതന്ത്ര്യം അനുവദിക്കില്ല. മനോരമ മുതലാളിയുടെ വേണ്ടപ്പെട്ടവര്‍ക്കെതിരെ ഒരു വരി പോലും മനോരമയില്‍ വരില്ല. അഥവാ വന്നാല്‍ ആ റിപ്പോര്‍ട്ടറെ പാറ്റ്‌നയിലെക്കോ മറ്റോ സ്ഥലം മാറ്റും. ഇല്ലെങ്കില്‍ ചരമക്കോളം എഡിറ്റ് ചെയ്യാന്‍ ഏല്‍പ്പിക്കും.

കേരളത്തിലെ പല പത്ര സ്ഥാപനങ്ങളിലും എഡിറ്ററുടെ/ന്യൂസ് എഡിറ്ററുടെ/ബ്യൂറോ ചീഫിന്റെ നല്ലകുട്ടികള്‍ക്കു മാത്രമേ സ്‌പെഷ്യല്‍ സ്റ്റോറിയോടൊപ്പം ബൈ ലൈന്‍ (എഴുതിയ ലേഖകന്റെ പേര്) നല്‍കൂ.

11.വീരേന്ദ്രകുമാര്‍ രാഷ്ട്രീയ കളം മാറുന്നതിനു അനുസരിച്ച് നയം മാറ്റാന്‍ വിധിക്കപ്പെടുന്നവരാണ്  മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകര്‍. മനോരമയുടെ അത്രയില്ലെങ്കിലും
അഭിപ്രായത്തിലെ അസ്വാതന്ത്ര്യം മാതൃഭൂമിയിലും ഉണ്ട്.

12. ദേശാഭിമാനിയുടെ പത്രസ്വാതന്ത്ര്യം എന്നാല്‍ പിണറായിസം-കൊടിയേരിസം നടത്താനുള്ള സ്വാതന്ത്ര്യമാണ്. എതിര്‍ ശബ്ദങ്ങള്‍ അവിടെ ഉയരില്ല.

13. ‘മാധ്യമ’ത്തിന്റെ പോളിസിയും അല്‍പ്പം ലിബറല്‍ ആണ്. പക്ഷേ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യം അവരും അവിടെ ദുരുപയോഗിക്കുന്നുണ്ട്.

14. ഇടക്കാലത്ത് കുഞ്ഞാലിക്കുട്ടി ഒരു ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ജോലി ചെയ്യാനായി പ്രമുഖ ചാനലുകളില്‍ നിന്നടക്കം നിരവധി ജേണലിസ്റ്റുകളെ എടുത്തു. അവരെല്ലാം ചാനലിനായി എട്ടു മാസത്തോളം ജോലി ചെയ്തു. എന്നാല്‍ പെട്ടെന്നൊരു ദിവസം ആ ചാനല്‍ വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് തീരുമാനിച്ചത്രേ. അതോടെ മുഴുവന്‍ ജേണലിസ്റ്റുകളേയും പറഞ്ഞു വിട്ടു.  അവരുടെയെല്ലാം കരിയര്‍ ഓപ്ഷന്‍ പോയി. ഈ ചാനല്‍ത്തട്ടിപ്പിനപ്പറ്റി ദേശാഭിമാനിമൊഴികെ ഒരു മാധ്യമവും എഴുതിക്കണ്ടില്ല. ദേശാഭിമാനി എഴുതിയത് തന്നെ അത് കുഞ്ഞാലിക്കുട്ടി വിഷയമായതു കൊണ്ടും.

15.കേരളത്തിലെ പല പത്ര സ്ഥാപനങ്ങളിലും എഡിറ്ററുടെ/ന്യൂസ് എഡിറ്ററുടെ/ബ്യൂറോ ചീഫിന്റെ നല്ലകുട്ടികള്‍ക്കു മാത്രമേ സ്‌പെഷ്യല്‍ സ്റ്റോറിയോടൊപ്പം ബൈ ലൈന്‍ (എഴുതിയ ലേഖകന്റെ പേര്) നല്‍കൂ. പലപ്പോഴും ചില വാര്‍ത്തകള്‍ ചവറ്റു കുട്ടയില്‍ വീഴുകയും ചെയ്യും. ഈഗോയിസ്റ്റുകളായ സീനിയര്‍ ജേണലിസ്റ്റുകളും രംഗം വഷളാക്കുന്നുണ്ട്. ജൂനിയേഴ്‌സ് പലപ്പോഴും കൊണ്ടുവരുന്ന ഗംഭീര ആശയങ്ങളെ ഇവനെങ്ങാനും വളര്‍ന്നു വലുതായാലോ എന്നു പേടിച്ച് ‘ഏയ്, ഇതിടാന്‍ മാനേജ്‌മെന്റ് സമ്മതിക്കില്ല..’ എന്നു നിഷ്‌ക്കരുണം പറഞ്ഞ് മുടക്കിക്കളയുമത്രേ.

16.ഇതിനും അപ്പുറത്താണ് ലീവു പോലും നല്‍കാതെയുള്ള ജോലി എടുപ്പിക്കല്‍. പല പത്രങ്ങളിലും സ്വന്തം കുടുംബാംഗങ്ങളുടെ ചടങ്ങുകളില്‍ പങ്കെടുക്കാനോ, വീട്ടിലാര്‍ക്കെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടു  പോകാനോ പത്രപ്രവര്‍ത്തകര്‍ക്കു കഴിയാറില്ല. ഏതു സമയത്തു വിളിച്ചാലും ഉത്തരം പറയാനും വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനും ‘ബാധ്യസ്ഥനാണ്’ അവന്‍/അവള്‍!!!

ഇപ്പറഞ്ഞതെല്ലാം ഡൂള്‍ ന്യൂസ് ഒറ്റ ദിവസം കൊണ്ട് ശേഖരിച്ച ചില വസ്തുതകള്‍ മാത്രമാണ്. യതാര്‍ത്ഥ മഞ്ഞുമല ഇനിയും പൊങ്ങി വരാനിരിക്കുന്നതേ ഉള്ളൂ.

 

Advertisement