ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടില്‍ മുന്‍ ടെലികോംമന്ത്രി എ. രാജ നല്‍കിയ ടു.ജി ലൈസെന്‍സ് സുപ്രീംകോടതി റദ്ദാക്കി. 2008 ജനുവരി 10നുശേഷം നല്‍കിയ 122 ലൈസന്‍സുകളാണ് റദ്ദാക്കിയത്. ജസ്റ്റിസ് എ.കെ ഗാംഗുലി, ജി.എസ് സിംഗ്‌വി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്.

ടെലികോം സ്ഥാപനങ്ങളായ യുനിടെക്, ടാറ്റ, എയര്‍സെല്‍, ഐഡിയ, എന്നിവയെ ബാധിക്കുന്നതാണ് കോടതി വിധി. രാജയുടെ നടപടി ‘ ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവു’ മാണെന്ന് ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞു.

കേസില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമോയെന്ന കാര്യത്തില്‍ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ സ്വാധീനിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തു.

നിയമവിരുദ്ധമായാണ് ടു. ജി ലൈസന്‍സുകള്‍ അനുവദിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ടെലികോം ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു. നാലുമാസത്തിനകം ടു ജി ലൈസന്‍സുകള്‍ ലേലം ചെയ്യണം. 2ജി ലൈസന്‍സ് ലഭിച്ചശേഷം ഓഹരികള്‍ വിറ്റഴിച്ച മൂന്ന് ടെലികോം കമ്പനികളില്‍ നിന്നും അഞ്ചുകോടി രൂപവീതം പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു.

ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെയും മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെയും ഹരജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. സ്‌പെക്ട്രം ഇടപാടില്‍ പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2ജി കേസില്‍ ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി മറ്റൊരു ഹരജിയും നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി സെയ്‌നി ശനിയാഴ്ച വിധി പറയും. സ്‌പെക്ട്രം ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രശാന്ത് ഭൂഷണ്‍ ഹരജി നല്‍കിയത്.

2008ല്‍ സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കാന്‍ ലേലം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം എ. രാജ അവഗണിക്കുകയായിരുന്നു. അതിന് പകരമായി ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയായിരുന്നു രാജ പിന്തുടര്‍ന്നത്. 2001ലെ വിലയനുസരിച്ചാണ് 2008ലും സ്‌പെക്ട്രം അനുവദിച്ചത്. 2001നുശേഷം രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായിട്ടുണ്ട്. 122 ലൈസന്‍സുകളാണ് രാജ അനുവദിച്ചത്. ഈ ലൈസന്‍സുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രശാന്ത് ഭൂഷണ്‍ ഹരജി നല്‍കിയത്.

സുപ്രീംകോടതി വിധിയില്‍ സന്തുഷ്ടനാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വലിയ അഴിമതിയാണ് സ്‌പെക്ട്രം ഇടപാടില്‍ നടന്നത്. കേന്ദ്രസര്‍ക്കാരിന് വലിയ പാളിച്ചയാണ് ഈ വിഷയത്തില്‍ സംഭവിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധി അഴിമതിക്കാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് ഹരജി നല്‍കിയ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. ചരിത്രപരമായ വിധിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2ജി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിബല്‍; സര്‍ക്കാറിന്റെ മുഖത്തേറ്റ അടിയെന്ന് ബി.ജെ.പി
2ജി വിധി: ഞെട്ടിക്കുന്നതെന്ന് യൂണിനോര്‍; ബാധിക്കില്ലെന്ന് റിലയന്‍സ്

Malayalam News
Kerala News in English