ന്യൂദല്‍ഹി: ടൂ ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അന്നത്തെ ധനമന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ പി.ചിദംബരത്തെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.

ചിംദബരത്തിനെതിരെ അന്വേഷണം ആവശ്യമില്ലെന്ന് ഫെബ്രുവരി നാലിനാണ് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി.സെയ്‌നി ഉത്തരവ് പുറപ്പെടുവിച്ചത്.

2ജി കേസില്‍ എ. രാജയ്‌ക്കൊപ്പം ചിദംബരത്തെയും കൂട്ടുപ്രതിയാക്കണമെന്നാവശ്യപ്പെട്ടാണ് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിച്ചത്. 2ജി ലൈസന്‍സില്‍ ക്രമക്കേടുണ്ടെന്ന് മനസിലായാല്‍ അത് തടയേണ്ടത് അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ ചുമതലയായിരുന്നെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടി. കൂടാതെ രാജയ്‌ക്കൊപ്പം ഗൂഢാലോചനയില്‍ ചിദംബരവും പങ്കാളിയായിരുന്നെന്ന് സ്വാമി ഹരജിയില്‍ ആരോപിച്ചിരുന്നു.

ചിദംബരവും ടെലികോം മന്ത്രിയായിരുന്ന എ.രാജയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ മിനിറ്റ്‌സ്, ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കയച്ച കത്തുകള്‍ തുടങ്ങി സുപ്രധാന രേഖകള്‍ സുബ്രഹ്മണ്യന്‍ സ്വാമി പട്യാലഹൗസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2ജി സ്‌പെക്ട്രം ലൈസന്‍സിനുള്ള ഫീസ് നിശ്ചയിച്ചതും ലൈസന്‍സ് ലഭിച്ച സ്വാന്‍, യൂണിടെക്, തുടങ്ങിയ കമ്പനികള്‍ അവരുടെ ഓഹരികള്‍ എറ്റിസലാറ്റ്, ടെലിനോര്‍ തുടങ്ങിയ വിദേശകമ്പനികള്‍ക്ക് മറിച്ച് വിറ്റതും ചിദംബരത്തിന്റെ അറിവോടെയാണെന്നായിരുന്നു സ്വാമിയുടെ വാദം. എന്നാല്‍ ചിദംബരത്തിന് പങ്കുണ്ടെന്നതിന് തെളിവില്ലെന്ന് പാട്യാലഹൗസ് കോടതി വിധിക്കുകയായിരുന്നു.

നേരത്തെ സുപ്രീംകോടതി ഈ ഹരജി പരിഗണിച്ചിരുന്നെങ്കിലും വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നറിയിക്കുകയായിരുന്നു.

Malayalam News

Kerala News In English

http://media.doolnews.com/2011/12/subramaniya-swami.jpg