ഹിന്ദുമതത്തില്‍ സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റ് വീണ്ടും ചര്‍ച്ചയാകുന്നു
Daily News
ഹിന്ദുമതത്തില്‍ സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റ് വീണ്ടും ചര്‍ച്ചയാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th June 2015, 9:00 pm

sri-sri-ravi-sankar-01 (2)ഹിന്ദുമതത്തില്‍ സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന 2013 ലെ ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് ശ്രീ ശ്രീ രവിശങ്കര്‍ രംഗത്ത് വന്നിരിക്കുന്നത്. ട്വിറ്റര്‍ വഴിയായിരുന്നു അന്ന് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. നിരവധി ട്വീറ്റുകളാണ് അദ്ദേഹം വിഷയത്തില്‍ നടത്തിയിരുന്നത്.

ഒരാളും ലൈംഗിക താല്‍പ്പര്യത്തിന്റെ പേരില്‍ വിവോചനത്തിന് പാത്രമാകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. “ഹിന്ദു സംസ്‌കാരം അനുസരിച്ച് സ്വവര്‍ഗാനുരാഗം ഒരു കുറ്റകരമായി കാണാനാവില്ല. വിശ്വാസമനുസരിച്ച് ഹരി-ഹര പുത്രനായാണ് ഭഗവാന്‍ അയ്യപ്പന്‍” അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു.

മതങ്ങളും സുപ്രീംകോടതിയും നിയമവിരുദ്ധമാക്കിയ സ്വവര്‍ഗാനുരാഗം ഹിന്ദു മതത്തില്‍ നിഷിദ്ധമായിരുന്നില്ലെന്നാണ് പുരാണ ഗ്രന്ഥങ്ങള്‍ തെളിയിക്കുന്നതെന്നും സ്വവര്‍ഗബന്ധത്തെ എതിര്‍ക്കേണ്ടതില്ലെന്നുമായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞിരുന്നത്.

എല്ലാവരിലും ആണ്‍-പെണ്‍ ഘടകങ്ങള്‍ ഉണ്ടെന്നും അതിന്റെ ആധിപത്യമനുസരിച്ച് അവര്‍ പ്രവണതകള്‍ കാണിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങളെ പിന്തുണച്ചുള്ള സുക്കര്‍ബര്‍ഗിന്റെ പുതിയ ആപ്പിന് സോഷ്യല്‍ മീഡിയ വലിയ പിന്തുണയായിരുന്നു നല്‍കിയിരുന്നത്. ഇതിനെ അനുകൂലിച്ച് നിരവധിപേര്‍ തങ്ങളുടെ പ്രൊഫൈല്‍ പിക്ചര്‍ മഴവില്‍ നിറത്തിലാക്കുകയും ചെയ്തിരുന്നു. സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന അമേരിക്കന്‍ കോടതി വിധിയും വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് രവിശങ്കറിന്റെ പോസ്റ്റ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്‌

ഹിന്ദു സംസ്‌കാരപ്രകാരം സ്വവര്‍ഗരതി പാപമല്ലെന്നും അയ്യപ്പന്‍ സ്വവര്‍ഗരതിക്കാരുടെ പുത്രനാണെന്നും ശ്രീ ശ്രീ രവിശങ്കര്‍ (15/12/2013)