മലയാള സിനിമയുടെ ക്ലാസിക് കാലം വീണ്ടുമെത്തുന്നു. മലയാളം എന്നും ആവേശത്തോടെ സ്മരിക്കുന്ന ഭരതന്‍ എന്ന സംവിധായകന്റെ ‘നിദ്ര’ അദ്ദേഹത്തിന്റെ മകനിലൂടെ വീണ്ടുമെത്തുന്നു. സിദ്ദാര്‍ത്ഥിന്റെ ആദ്യ സംവിധാന സംരംഭം ‘നിദ്ര’ റീമേക്ക് 24ന് തിയേറ്ററുകളിലെത്തുകയാണ്.

1984ല്‍ പുറത്തുവന്ന നിദ്രയെ കാലികമായ മാറ്റങ്ങളോടെയാണ് സിദ്ദാര്‍ത്ഥ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഒറിജിനല്‍ നിദ്രയില്‍ വിജയ്‌മേനോനും ശാന്തികൃഷ്ണയുമായിരുന്നു ജോഡി. പുതിയ നിദ്രയില്‍ വിജയ്‌മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. ജിഷ്ണുവും മുഖ്യവേഷത്തില്‍ എത്തുന്നു.

‘ഈ സിനിമയുടെ കഥ ഇപ്പോഴും പ്രസക്തമാണ്. അതുകൊണ്ടുതന്നെയാണ് ഇത് റീമേക്ക് ചെയ്യുന്നതും. ആത്യന്തികമായി നിദ്ര ഒരു പ്രണയകഥയാണ്’ സിദ്ദാര്‍ത്ഥ് പറയുന്നു. ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ സംവിധായകന്‍ തയ്യാറായില്ല. എല്ലാം പ്രേക്ഷകര്‍ തിയ്യേറ്ററിലെത്തി കാണുകയെന്നാണ് അദ്ദേഹം പറഞ്ഞു.

മലയാള സിനിമ നമ്പര്‍വണ്‍ ആയിരുന്ന കാലഘട്ടമുണ്ടായിരുന്നു. ആ സമയത്തെ മികച്ച സിനിമ അതിനെ സ്‌നേഹിക്കുന്നവര്‍ക്ക് മുമ്പില്‍ വീണ്ടുമെത്തിക്കുകയാണ് ഇതുപോലുള്ള ചിത്രങ്ങളിലൂടെ ചെയ്യുന്നതെന്ന് നടന്‍ ജിഷ്ണു പറയുന്നു. വിശ്വജിത്ത് എന്ന കഥാപാത്രത്തെ നിദ്രയില്‍ അവതരിപ്പിക്കുന്നത് ജിഷ്ണുവാണ്.

നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുവും സിദ്ധാര്‍ത്ഥും ചലച്ചിത്ര രംഗത്തെത്തിയത്. ആ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ അതിനുശേഷം സിനിമയില്‍ വേണ്ടത്ര തിളങ്ങാന്‍ ഇവര്‍ക്കായില്ല. പിന്നീട് സിനിമയില്‍ നിന്നുംവിട്ടുനിന്ന ഇവരുടെ തിരിച്ചുവരവാണ് നിദ്രയിലൂടെ സാധ്യമാകുന്നത്.

ചാപ്പാ കുരിശിന്റെ സംവിധായകനായ സമീര്‍ താഹിറാണ് നിദ്രയുടെ ഛായാഗ്രാഹകന്‍. ജാസി ഗിഫ്റ്റ് സംഗീതം നല്‍കുന്നു.

Malayalam News

Kerala News In English