തിരുവനന്തപുരം: നഴ്‌സുമാര്‍ അവസാന ആയുധം എന്ന നിലയില്‍ മാത്രമേ സമരവഴി തിരഞ്ഞെടുക്കാവൂ എന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍.

ആശുപത്രിയില്‍ ചികിത്സായി എത്തുന്ന രോഗികളെയാണ് സമരം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും രോഗികളെ ബുദ്ധിമുട്ടിച്ചുള്ള സമര രീതിയില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍.

ആശുപത്രി മാനേജ്‌മെന്റുമായി സംസാരിച്ചിട്ടും പരിഹാരം കാണാന്‍ കഴിയില്ലെന്ന അവസ്ഥ വരുമ്പോള്‍ മാത്രമേ സമരത്തെ കുറിച്ചു ചിന്തിക്കാവൂ. മിനിമം വേതനം നല്‍കുന്ന ആശുപത്രികളില്‍ സമരം ഒഴിവാക്കി തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.

‘നഴ്‌സുമാരുടെ ശബളപരിഷക്കരണം സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ നഴ്‌സിംഗ് മേഖലയില്‍ പുതിയ അടിസ്ഥാന ശമ്പളം നിലവില്‍ വരും. മിനിമം വേതനം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല’.-മന്ത്രി വ്യക്തമാക്കി.

നിലവില്‍ എല്ലാ മാനേജ്‌മെന്റുകളും മിനിമം വേതനം നല്‍കി എന്ന വിശ്വാസം സര്‍ക്കാരിനില്ല. പല മാനേജ്‌മെന്റും ഇക്കാര്യം ആലോചിക്കുന്നതേയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മിനിമം വേതനം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ തയാറാകണമെന്നും സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിക്കുന്ന തരത്തില്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ നിലപാട് സ്വീകരിക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Malayalam News

Kerala News In English