തരൂര്‍ ഒരു പാഠമാണ്
നമ്മുടെ പരമ്പരാഗത രാഷ്ട്രീയക്കാരെക്കുറിച്ച് കുറച്ചുകാലമായി കേട്ടുവരുന്ന ഒരു ആരോപണമുണ്ട്. രാഷ്ട്രീയക്കുപ്പയമണിഞ്ഞ് അഴിമതി നടത്തുന്നവരാണവര്‍ . വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തവര്‍ , അധികം പേര്‍ക്കും നേരാം വണ്ണം ഇംഗ്ലീഷ് വായിക്കാനും എഴുതാനും പേലും അറിയില്ല. വികസനത്തിന്റെ പുതിയ മുഖച്ഛായയെക്കുറിച്ച് അറിയാത്തവര്‍ . അങ്ങിനെ പലവിധ കുറ്റപ്പെടുത്തലുകള്‍ . പരമ്പരാഗത രാഷ്ട്രീയക്കാരെക്കൊണ്ട് മടുത്താണ് നാം പ്രൊഫണലുകളെയും ഉന്നത ബിരുദ ധാരികളെയും രാഷ്ട്രീയത്തിന്റെ മച്ചിന്‍ പുറത്ത് കയറ്റിയിരുത്തിയത്. ക്ലീന്‍ ഷേവുകളായ പ്രൊഫഷണലുകളെ അരാഷ്ട്രീയമായ രാഷ്ട്രീയത്തിന് പിടിച്ചു. കോര്‍പറേറ്റ് ബന്ധങ്ങളും വിദേശ സര്‍വ്വകലാശാലയിലെ ബിരുദങ്ങളും ഇംഗ്ലീഷും മാത്രം കൈവശമുള്ളവര്‍ക്ക് അങ്ങിനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടം കിട്ടിയത്.
ശശി തരൂരെന്ന യു എന്‍ ഉദ്യോഗസ്ഥനെക്കുറിച്ചും ഇങ്ങിനെയൊക്കെയായിരുന്നു സംസാരം. തിരുവനന്തപുരത്ത് നിന്ന് തരൂര്‍ പരാജയപ്പെട്ടാല്‍ വികസനത്തിന്റെ ഒരു അന്താരാഷ്ട്ര മുഖച്ഛായ തന്നെയായിരിക്കും തിരുവനന്തപുരത്തിനും കേരളത്തിനും നഷ്ടപ്പെടുകയെന്നായിരുന്നു പറഞ്ഞ് പരത്തിയത്. രാഷ്ട്രീയത്തിന്റെ ഉപ്പ് ഹൃദയത്തിലില്ലാതിരുന്നിട്ടും തരൂര്‍ കൊണ്ടാടപ്പെട്ടത് അങ്ങിനെയായിരുന്നു. യു എന്നിലെ ശമ്പള ജോലിയല്ല ഇന്ത്യന്‍ രാഷ്ട്രീയമെന്നൂം എം പി യും മന്ത്രിസ്ഥാനവുമെന്നും തിരിച്ചറിയാന്‍ പക്ഷെ ഏറെ കാത്തിരിക്കേണ്ടി വന്നില്ല.
രാഷ്ട്രീയമെന്നാല്‍ അനവധി കോടി ജനതയുടെ ജീവിതവും പോരാട്ടവും ആശയവും അഭിലാഷവുമാണ്. ക്ലീന്‍ ഷേവു കൊണ്ടോ കോട്ടും ടൈയ്യും കെട്ടിയത് കൊണ്ടോ പണ്ട് യു എന്നില്‍ ശമ്പളം വാങ്ങി കൃത്യമായി ജോലി ചെയ്തത് കൊണ്ടോ ആ ജനതയുടെ അഭിലാഷം തിരിച്ചറിയാന്‍ കഴിയില്ല. കോടികള്‍ മറിയുന്ന ക്രിക്കറ്റും ചൂതാട്ടം പോലെ വൃത്തികെട്ട ഐ പി എല്ലുമാണ് വികസനമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശശി തരൂര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോര്‍ത്ത് നമുക്ക് ആശ്വസിക്കാം.
ഐ പി എല്‍ വിവാദവും തരൂരിന്റെ രാജിയും ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ “പ്രശസ്തി” ഉയര്‍ത്തിയത് കൂടി പറയാതെ വയ്യ. ആരായിരുന്നു തരൂര്‍. കേന്ദ്ര സഹമന്ത്രി മാത്രമായിരുന്നില്ല. യു എന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയായി ഇന്ത്യ പിന്തുണച്ച ആള്‍ കൂടിയാണ്. ഇന്ത്യന്‍ പ്രീമയിര്‍ ലീഗിന്റെ പിന്നാമ്പുറത്തെ അഴിമതിയുടെ ചവറ്റു കൂനയില്‍ തരൂര്‍ ആസനം കുത്തി വീണപ്പോള്‍ വിളറിയത് പൗരബോധമുള്ള ഓരോ ഇന്ത്യക്കാരന്റെയും മുഖമാണ്. ഈ തരൂരിനെയായിരുന്നല്ലോ ഗാന്ധിജിയുടെ ഇന്ത്യ, യു എന്‍ സെക്രട്ടറി സ്ഥാനത്തിന് വേണ്ടി പിന്തുണച്ചത്. തന്റെ സ്ഥാനാര്‍ഥിത്വം ആദ്യമമായി കൊക്കൊകോലയുടെ വേദിയില്‍ സ്വയം പ്രഖ്യാപിച്ച തരൂറിന് എന്നും കോണ്‍ഗ്രസ് ഉന്നതങ്ങളുടെ തലോടലുണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായി രാജ്യം അവതരിപ്പിച്ച ഒരാള്‍ അഴിമതി വിവാദവുമായി ബന്ധപ്പെട്ട് രാജിവെക്കുക. അത് തന്നെ അവസാന നിമിഷം വരെ കസേരയില്‍ കടിച്ച് തൂങ്ങിയിരുന്ന ശേഷം.
തലചായ്ക്കാനൊരിടമില്ലാതെ ജനം തെരുവിലുറങ്ങുകയും പോഷകാഹാരം ഇല്ലൊതെ കുട്ടികള്‍ മരിച്ച് വീഴുകയും ചെയ്യുന്ന ഇന്ത്യാ മഹാരാജ്യത്ത് ഒരു മന്ത്രിക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സുഖമായി ഉറങ്ങുമ്പോള്‍ ഒന്നും തോന്നാതിരിക്കുന്നത് മേല്‍പറഞ്ഞ വിദേശ വിദ്യാഭ്യാസവും ബിരുദവും അവന് നല്‍കിയ സാമ്പത്തിക സമവാക്യങ്ങളാണ്. അതു കൊണ്ടാണ് സാധാരണ ഇന്ത്യന്‍ പൗരന്‍ വിമാനത്തില്‍ യാത്രക്കായി തിരഞ്ഞെടുക്കുന്ന എക്കോണമി ക്ലാസിനെ അയാള്‍ കന്നുകാലിത്തൊഴുത്തിനോട് ഉപമിച്ചത്. അതേ ഫോര്‍മുല തന്നെയാണ് അയാളെ ഐ പി എല്‍ എന്ന ക്രിക്കറ്റ് തന്ത്രത്തെ കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ട് വരാനും അത് കേരളത്തിന്റെ ടീമാണെന്ന് തരൂരിനെക്കൊണ്ട് പറയിപ്പിക്കാനും കാരണമാക്കിയത്.
കൊച്ചി ടീമിന്റെ സംരംഭകരായ റങ്‌ദെവു കണ്‍സോര്‍ഷ്യത്തിന്റെ ഉടമകള്‍ ഭൂരിഭാഗവും ഗുജറാത്ത് വ്യവസായികളാണെന്ന സത്യം പുറത്തറിഞ്ഞിട്ടും, അഹമ്മദാബാദ് കൊച്ചി ടീമിന്റെ ഹോം ഗ്രൗണ്ടാക്കണമെന്ന ടീം മുതലാളിമാര്‍ ആവശ്യപ്പെടുമ്പോയും അത് കേരളത്തിന്റെ ടീമാണെന്ന് തരൂര്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. ഐ പി എല്ലിലെ മറ്റ് ടീമുകളുടെ പിറകിലെ സാമ്പത്തിക സ്രോതസ്സുകളും അന്വേഷിക്കപ്പെടേണ്ടതാണ്. ഐ പി എല്ല് എന്ന ചൂതാട്ടത്തിന്റെ പിന്നാമ്പുറത്ത് നിന്നുയര്‍ന്ന ദുര്‍ഗന്ധമാണ് തരൂരിനോട് മന്ത്രിക്കസേര വിടാന്‍ പറയാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ഈ പുറമ്പോക്കില്‍ മോഡിമാര്‍ ഉള്‍പ്പെടെ ഇനിയും പല മാന്യമാന്‍മാരുമുണ്ട്. അവരുടെ മുഖം മൂടികളും അഴിഞ്ഞ് വീഴേണ്ടതുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒരു കളി കൊണ്ട് കീഴടക്കാന്‍ കഴിയുമെന്ന കോര്‍പറേറ്റുകളുടെ വ്യാമോഹത്തിന് ശക്തമായ അടി നല്‍കാന്‍ ഈ വിവാദത്തിന് കഴിയേണ്ടിയിരിക്കുന്നു.
