സ്കൂള്‍ കലാമേള ഇന്നുമുതല്‍ തൃശൂരില്‍
Kerala
സ്കൂള്‍ കലാമേള ഇന്നുമുതല്‍ തൃശൂരില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th January 2012, 9:36 am

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും. കലോത്സവത്തിന്റെ ഉദ്ഘാടനം തൃശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.ചടങ്ങില്‍ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസ് മുഖ്യാതിഥിയാകും. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും.

രാവിലെ 9.30 പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ കലോത്സവത്തിന്റെ പതാക ഉയര്‍ത്തി. 10 മണിയോടെ മേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. സമാപനസമ്മേളനം 22ന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

കലോത്സവത്തിനു വിളംബരം കുറിച്ച് വൈകിട്ട് രണ്ടിന് തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം പതിനായിരത്തോളം പേര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനുശേഷം വൈകിട്ട് ആറിന് മത്‌സരങ്ങള്‍ തുടങ്ങും. 17 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 82 ഇനങ്ങളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 98 ഇനങ്ങളും ഉള്‍പ്പെടെ 218 ഇനങ്ങളിലാണ് മത്സരം. മൊത്തം 10,000 പേര്‍ മത്‌സരങ്ങളില്‍ പങ്കെടുക്കും. മത്സരം രാത്രി പത്തുമണിക്ക് തന്നെ അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം. പ്രധാനവേദിയായ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആറ് തട്ടുകളുള്ള പന്തലാണ് ഒരുക്കിയിരിക്കുന്നത്.

Malayalam news