ജിദ്ദ: സൗദി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഡ്രൈവിഗ് വിലക്കിനെതിരെ ഹരജി. രണ്ട് വനിതാ സാമൂഹ്യപ്രവര്‍ത്തകരാണ് സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.

സൗദി സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കഴിഞ്ഞവര്‍ഷം ഇന്റര്‍നെറ്റിലൂടെ ക്യാമ്പയിന്‍ നടത്തിയ മനാല്‍ അല്‍ ഷരീഫും മനുഷ്യാവകാശ പ്രവര്‍ത്തകയായ സമാര്‍ ബദാവിയുമാണ് ആഭ്യന്തരമന്ത്രാലയത്തിനെതിരെ ഹരജി ഫയല്‍ ചെയ്തത്.

‘ സ്ത്രീകള്‍ വാഹനമോടിക്കാന്‍ പാടില്ല എന്നു പറയുന്ന നിയമം യഥാര്‍ത്ഥത്തില്‍ സൗദിയിലില്ല. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കാതിരിക്കുന്നതില്‍ യാതൊരു ന്യായവുമില്ല.’ മനാല്‍ ഷരീഫ് പറയുന്നു. സൗദിയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനം ഇല്ലാതാകുന്നതുവരെ താന്‍ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ യൂ ട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തതിന് ഷരീഫിനെ 2011 മെയില്‍ അറസ്റ്റുചെയ്തിരുന്നു.

സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതിയില്ലാത്ത ഒരേയൊരു രാജ്യമാണ് സൗദി അറേബ്യ. ഇതിന് പുറമേ ഇവിടെ പൊതുസ്ഥലത്ത് മുഖം മറയ്ക്കാതെ സ്ത്രീകള്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ല. ഭര്‍ത്താവോ പുരുഷബന്ധുക്കളോ കൂടെയില്ലാതെ യാത്രചെയ്യുന്നതിനും സൗദി സ്ത്രീകള്‍ക്ക് വിലക്കുണ്ട്.

സൗദിയിലെ പുരുഷരക്ഷകര്‍തൃത്വ നിയമം സ്ത്രീകളെ അങ്ങേയറ്റം അടിച്ചമര്‍ത്തുന്നതായിരുന്നു. അടുത്തിടെയായി ഇതിനെതിരെ രാജ്യത്തെ സ്ത്രീകള്‍ ശക്തമായി മുന്നോട്ടുവരുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി സൗദിയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2015ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് മുതല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുമെന്നാണ് പ്രഖ്യാപനം. പുരുഷരക്ഷിതാവിന്റെ അനുവാദം വോട്ടുചെയ്യാന്‍ വേണ്ടെന്നും രാജാവ് അറിയിച്ചിരുന്നു. സ്ത്രീ സാമൂഹ്യപ്രവര്‍ത്തകരുടെ പോരാട്ടങ്ങളുടെ വിജയമായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെട്ടത്.

Malayalam news

Kerala news in English