സാരി അയച്ചിടൂ കാന്‍സര്‍ ഒഴിവാക്കൂ
Life Style
സാരി അയച്ചിടൂ കാന്‍സര്‍ ഒഴിവാക്കൂ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th January 2012, 4:52 pm

ചുരിദാറും ജീന്‍സുമൊക്കെ വന്നിട്ടും സാരിയോടുള്ള മലയാളികളുടെ പ്രണയം ഒടുങ്ങിയിട്ടില്ല. സാരിയിലെ പുതുപുത്തന്‍ പരീക്ഷണങ്ങള്‍ ചൂടപ്പംപോലെ വിറ്റഴിയുന്നത് തന്നെയാണ് ഇതിന് ഏറ്റവും വലിയ തെളിവ്. ചുരിദാറിന്റെയും സാരിയൊഴിച്ചുള്ള മറ്റുവസ്ത്രങ്ങളുടെയും കാര്യത്തില്‍ ചില സമയത്ത് അത് ധരിക്കാന്‍ പാടില്ലെന്ന നിബന്ധനയുണ്ട്. ഉദാഹരണത്തിന് ഗര്‍ഭിണികള്‍ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് സാധാരണ ഡോക്ടര്‍മാര്‍ അധികം പ്രോത്സാഹിപ്പിക്കാറില്ല. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു നിയന്ത്രണങ്ങളും സാരി  ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടില്ല.

സാരി ധരിക്കുന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്നാണ് നമ്മള്‍ പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നത്. എന്നാല്‍ ഇത് തിരുത്താന്‍ സമയമായെന്നാണ് ഇന്ത്യന്‍  ഡോക്ടര്‍മാര്‍ പറയുന്നത്.

സാരി കാന്‍സര്‍ വരുത്തുമെന്നാണ് ഇവരുടെ വാദം. സാരി ധരിക്കുമ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന പാവാടയാണ് പ്രശ്‌നം. പാവാട മുറുക്കി കെട്ടുകയാണ് മിക്ക സ്ത്രീകളും ചെയ്യുന്നത്. സ്ഥിരമായി സാരിയുടുക്കുന്നവരില്‍ ഇങ്ങനെ കെട്ടി കെട്ടി വയറിന്റെ ഭാഗത്ത് ഒരു അടയാളവും കാണും. ഇത്തരത്തില്‍ ടൈറ്റായി കെട്ടുന്നത് കാന്‍സര്‍ വരാനിടയാക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മുംബൈയിലെ ഗ്രാന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ജേണല്‍ ഓഫ് മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നത്. സാരി കാന്‍സര്‍ എന്നാണ് ഇവര്‍ ഇതിനെ വിശേഷിപ്പിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ രോഗബാധിതരായ മൂന്ന് സ്ത്രീകള്‍ തങ്ങളെ സമീപിച്ചുവെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയവരിലൊരാളായ ഡോ. ജി.ഡി ബാക്ഷി പറയുന്നു. മൂന്നുപേരും 40 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

” പവാടയുടെ കെട്ട് എല്ലാദിവസവും ഒരേ സ്ഥലത്ത് തന്നെ കെട്ടിയാല്‍ അത് വയറില്‍ പാടുണ്ടാക്കും. എന്നാല്‍ ഇത് ഏറെ ഗുരുതരമാകുമ്പോള്‍ മാത്രമാണ് ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങുന്നത്.” ബാക്ഷി പറയുന്നു.

സാരി ധരിക്കുമ്പോള്‍ പവാട അല്പം അധികം ടൈറ്റായി കെട്ടാതിരിക്കുകയെന്നതാണ് ഇതില്‍ നിന്നും രക്ഷനേടാനുള്ള വഴിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് കെട്ടുന്നത് ഒഴിവാക്കാനും ഇവര്‍ നിര്‍ദേശിക്കുന്നു.

പാന്റും ബെല്‍റ്റും ധരിക്കുന്നവര്‍ക്ക് ഈ പ്രശ്‌നമുണ്ടാവില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കാരണം പാന്റ് ധരിക്കുമ്പോള്‍ മര്‍ദ്ദം താരതമ്യേന വലിയ സ്ഥലത്തേക്കാണ് വ്യാപിക്കുന്നത്. എന്നാല്‍ പവാടയുടെ ചരട് ചെറിയ സ്ഥലത്താണ് സമ്മര്‍ദ്ദം ചെലുത്തുന്നത്.

രോഗനിര്‍ണയം എപ്പോള്‍ നടത്തുന്നു എന്നതനുസരിച്ചാണ് ഇതിന്റെ ചികിത്സ. നേരത്തെ കണ്ടെത്തിയാല്‍ റീകണ്‍സ്ട്രക്ടീവ് സര്‍ജറികൊണ്ട് പ്രശ്‌നം പരിഹരിക്കാം. എന്നാല്‍ അത് നാഡികളെയും ലിംഫിനെയും ബാധിച്ചിട്ടുണ്ടെങ്കില്‍ പ്രശ്‌നം ഗുരുതരമാവും.
Malayalam news