അഗ്നിപഥിലെ വില്ലന്‍ വേഷം ഹിറ്റായതോടെ സഞ്ജയ് ദത്ത് വില്ലന്‍ വേഷങ്ങളിലേക്ക് ചുവടുമാറ്റുന്നു. രാംഗോപാല്‍ വര്‍മ്മയുടെ ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ചിത്രത്തിലാണ് സഞ്ജയ് ദത്തിന്റെ അടുത്ത വില്ലന്‍ പ്രകടനം.

അഭിഷേക് ബച്ചനാണ് ഈ ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറായാണ് സഞ്ജയ് ദത്ത് എത്തുന്നത്. അഗ്നിപഥിലെ ഗാഞ്ചാ എന്ന വില്ലന്‍ കഥാപാത്രം സഞ്ജയ് ദത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൂടി കഴിഞ്ഞാല്‍ സഞ്ജയ് ദത്തിന്റെ വില്ലന്‍ഭാവം പ്രേക്ഷകര്‍ക്കുമുന്നിലെത്താന്‍ അധികം താമസമുണ്ടാവില്ല.

രാംഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രത്തില്‍ സഞ്ജയ് നായകവേഷവും ചെയ്യുന്നുണ്ട്. സ്റ്റീവന്‍ സ്പീല്‍ ബര്‍ഗിന്റെ’മ്യൂണിച്ച്” എന്ന സിനിമയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. 90 കോടി രൂപയാണ് നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്. ചാര പ്രവര്‍ത്തനത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ധാരാളം ആക്ഷന്‍ രംഗങ്ങളുമുണ്ട്.

തന്റെ ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ സഞ്ജയ് ദത്താണ് ഏറ്റവും യോഗ്യന്‍ എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്.

രാംഗോപാല്‍ വര്‍മ്മയുടെ  പുതിയ ചിത്രത്തില്‍ നായകനായതില്‍ വളരെ സന്തോഷമുണ്ടെന്നും. ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് തങ്ങള്‍ ചര്‍ച്ചചെയ്തതാണെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

Malayalam news

Kerala news in English