ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പിറകില്‍ അമേരിക്കയാണെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ ആരോപണത്തിന് റഷ്യയുടെ പിന്തുണ.

ഇത് സംബന്ധിച്ച തങ്ങളുടെ വാദങ്ങള്‍ സത്യമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞതായും കൂടങ്കുളം പദ്ധതിയില്‍ ഇന്ത്യയുടെ പങ്കാളി കൂടിയായ റഷ്യ വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന മൂന്ന് സംഘടനകളാണ് ആണവനിലയത്തെ എതിര്‍ക്കുന്നതെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ എ. കഡ്കിന്‍ ആരോപിച്ചു.

‘പ്രക്ഷോഭങ്ങള്‍ക്ക് പിറകില്‍ അമേരിക്കയാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രസ്താവന ഞാന്‍ വായിച്ചു. കഴിഞ്ഞ കുറെ കാലമായി ഞങ്ങള്‍ക്കിതിനെ കുറിച്ച് സംശയമുണ്ട്. ഞാന്‍ അത് മുന്‍പ് തുറന്ന് പറയുകയുംചെയ്തു. കാരണം ഫുകുഷിമ ദുരന്തം കഴിഞ്ഞ് ആറ് മാസത്തത്തിന് ശേഷമാണ് പദ്ധതിക്കെതിരെ പ്രതിഷേധമുയരുന്നത്. ആറു മാസം പ്രതിഷേധക്കാര്‍ അവര്‍ ഉറങ്ങുകയായിരുന്നു’.അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതവും ഭദ്രവുമായ ആണവ നിലയമാണ് കൂടംകുളത്തുള്ളത്. പെട്ടെന്നൊരു ദിവസം ഉയര്‍ന്ന പ്രതിഷേധം ഞങ്ങളെ വല്ലാതെ അല്‍ഭുതപ്പെടുത്തി. പക്ഷെ ഇപ്പോള്‍ എല്ലാം വ്യക്തമായിരിക്കുകയാണ് കഡാകിന്‍ കൂട്ടിചേര്‍ത്തു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു.മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന ഏറെ നിര്‍ണ്ണായകമാണെന്നും ഇതിലെ യഥാര്‍ഥ വസ്തുതകള്‍ ഉടന്‍ പുറത്ത് വിടണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടപ്പോള്‍  പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും പാര്‍ട്ടി ഇതിനെ പിന്തുണക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് റാശിദ് ആല്‍വി വ്യക്തമാക്കി.

കൂടംകുളത്ത് പ്രക്ഷോപം നടത്തുന്ന സംഘടനകളുടെ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കിയതായും സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ആഭ്യന്തരമന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.നാരായണസ്വാമി അറിയിച്ചു.

Malayalam news

Kerala news in English