ന്യൂദല്‍ഹി: ഐ.പി.എല്‍ ടീമിലെ ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്‌സ് താരം ല്യൂക്ക് പൊമേഴ്‌സ്ബാച്ചിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും അവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റ്.

ദല്‍ഹി പോലീസാണ് ല്യൂക്കിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ നടന്ന മത്സരത്തിന് ശേഷം ദല്‍ഹിയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടന്ന പാര്‍ട്ടിയ്ക്കിടെയാണ് സംഭവം.

അവിടെയെത്തിയ സ്ത്രീയെ ല്യൂക്ക് കയറിപ്പിടിച്ചെന്നാന്നാണ് കേസ്. സ്ത്രീയുടെ ഭര്‍ത്താവ് ഉടന്‍ തന്നെ ല്യൂക്കിനെ ആവശ്യത്തിന് കൈകാര്യം ചെയ്തിട്ടുണ്ടെന്നും കേള്‍ക്കുന്നുണ്ട്.

എന്നിരുന്നാലും ഇത് ല്യൂക്കിന്റെ ആദ്യത്തെ പോലീസ് കേസല്ല. ഇതിന് മുന്‍പ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് പിടിയിലായിട്ടുണ്ട്. എന്തായാലും അധികം വൈകാതെ തന്നെ ല്യൂക്കിനെതിരെ അച്ചടക്ക നടപടി പ്രതീക്ഷിക്കാം.