തിരുവനന്തപ്പുരം: മദ്യപിച്ച് ട്രെയിനില്‍ കയറിയാലോ, ട്രെയിനില്‍ വെച്ച് മദ്യപിച്ചാലോ ഇനി ആറു മാസം വരെ തടവും ആയിരം രൂപ പിഴയും ശിക്ഷ ലഭിക്കും. ഫ്‌ളാറ്റ്‌ഫോമില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയാലും ഇതേ ശിക്ഷ തന്നെ ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടെ ട്രെയിനിലെ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരില്‍ കൂടുതലും മദ്യപിച്ചവരാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വെ മദ്യപിച്ചു ട്രെയിന്‍ യാത്ര നടത്തുന്നവര്‍ക്കുളള ശിക്ഷ കര്‍ശനമാക്കിയത്.

റെയില്‍വെ ആക്ട് 145 പ്രകാരമാണ് നടപടികള്‍. ട്രെയിനിലിരുന്ന് മദ്യപിക്കുന്നതിന് നേരത്തെ തന്നെ വിലക്കുണ്ടായിരുന്നു.

സംശയാസ്പദമായ രീതിയില്‍ യാത്ര ചെയ്യുന്നവരെ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനുളള അവകാശവും ഇനി റെയില്‍വെക്ക് ഉണ്ടാകുമെന്ന് റെയില്‍വെ സംരക്ഷണ സേന അറിയിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കുന്ന മാതൃകയില്‍ ഇനി ട്രെയിനിലും പ്ലാറ്റ്ഫോമിലും ബ്രത്തലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്തും.

ഇന്നലെ മാവേലി, കണ്ണൂര്‍ എക്‌സ്പ്രസുകളില്‍ നിന്നായി 14 പേരെ ഇങ്ങനെ പിടികൂടി ടിക്കറ്റ് പിടിച്ചെടുത്തിരുന്നു. അടുത്തിടെ ടി.ടി.ആര്‍ ഉദ്യോഗസ്ഥരെ മദ്യപിച്ച യാത്രക്കാര്‍ മര്‍ദ്ദിച്ചിരുന്നു.

അതേസമയം, മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുകയോ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ആറുമാസം തടവ് ശിക്ഷ പ്രഖ്യാപിച്ചതിനു ശേഷം തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസില്‍ മദ്യപിച്ച് യാത്ര ചെയ്ത മൂന്നു പേരെ റെയില്‍വെ പോലീസ് കസ്റ്റഡയിലെടുത്തു. ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ ആര്‍.പി.എഫ് ആണ് ഇവരെ പിടിച്ചത്.

Malayalam News

Kerala News In English