തൊടുന്നതെല്ലാം പൊന്നാക്കി മുന്നേറുന്ന പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക്. ലോകസിനിമയുടെ ഈറ്റില്ലത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഹോളിവുഡിലെ പ്രമുഖ ഏജന്‍സിയായ സി.എ.എ (ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റ്‌സ് ഏജന്‍സി) യുമായി പ്രിയങ്ക കരാറൊപ്പിട്ടിരിക്കുകയാണ്.

‘ അതെ, ലോസ്ഏഞ്ചല്‍സില്‍ എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പുതിയൊരു ടീം ഉണ്ടായിരിക്കുന്നു. കാര്യങ്ങള്‍ എങ്ങനെ പോകുമെന്ന് നമുക്ക് കാണാം.’ വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു.

ലോസ്ഏഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എ.എയില്‍ ഹോളിവുഡ് താരങ്ങളായ ജോര്‍ജ് ക്ലൂണി, ബ്രാഡ് പിറ്റ്, വില്‍ സ്മിത്ത്, മെറില്‍ സ്ട്രീപ് സാന്ത്ര ബുള്ളോക്ക്, റിസീ വിതര്‍സ്പൂണ്‍ എന്നിവര്‍ അംഗങ്ങളാണെന്നാണ് ഇവരുടെ അവകാശവാദം.

നേരത്തെ നിരവധി ബോളിവുഡ് നടിമാരെ സി.എ.എ സമീപിച്ചിന്നെങ്കിലും പലരും വിസമ്മതിച്ചിരുന്നു.

ഈ വര്‍ഷം സംഗീത ആല്‍ബം പുറത്തിറക്കാന്‍ ശ്രമിക്കുന്ന പ്രിയങ്ക യൂണിവേഴ്‌സലുമായി ഒപ്പുവെച്ച പുതിയ ഇന്റര്‍നാഷണല്‍ ആല്‍ബം കരാറാണ് ഈ ഏജന്‍സി നടിയെ അംഗമാക്കാന്‍ കാരണം. ഈ ആല്‍പം ലോസ്ഏഞ്ചല്‍സില്‍ പ്രിയങ്കയ്ക്ക് ഏറെ പബ്ലിസിറ്റി നേടിക്കൊടുത്തെന്നാണ് നടിയുമായി അടുത്ത വൃത്തങ്ങളല്‍ നിന്നും ലഭിക്കുന്ന വിവരം.

ഇപ്പോള്‍ ബോളിവുഡ് ചിത്രം കൃഷ് 2 വിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പ്രിയങ്ക. ഹൃത്വിക് റോഷനാണ് ചിത്രത്തിലെ നായകന്‍. ഇതിന് പുറമേ പ്രിയങ്ക നായികയായ തേരി മേരി കഹാനി ജൂണില്‍ പുറത്തിറങ്ങാനിരിക്കുകയാണ്.

Malayalam News

Kerala News In English